17
അഹരോന്റെ തളിർത്ത വടി
യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിച്ച്, അവരുടെ ഓരോ പിതൃഭവനത്തലവന്മാരിൽനിന്നും ഓരോ വടിവീതം പന്ത്രണ്ടു വടികൾ വാങ്ങുക. ഓരോ പുരുഷന്റെയും പേര് അദ്ദേഹത്തിന്റെ വടിയിൽ എഴുതുക. ലേവിയുടെ വടിയിൽ അഹരോന്റെ പേരെഴുതുക; കാരണം ഓരോ പിതൃഭവനത്തലവനും ഓരോ വടി ഉണ്ടായിരിക്കണമല്ലോ. സമാഗമകൂടാരത്തിൽ ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ അവയെ നിങ്ങൾ വെക്കണം. ഞാൻ തെരഞ്ഞെടുക്കുന്ന പുരുഷന്റെ വടി മുളയ്ക്കുകയും നിനക്കെതിരേ സ്ഥിരമായുള്ള ഇസ്രായേല്യരുടെ ഈ പിറുപിറുപ്പ് ഞാൻ ഇല്ലാതാക്കുകയും ചെയ്യും.”
അങ്ങനെ മോശ ഇസ്രായേല്യരോടു സംസാരിച്ചു; അവരുടെ ഓരോ പിതൃഭവനത്തലവനുംവേണ്ടി ഓരോന്നു വീതം പന്ത്രണ്ടു വടികൾ അവരുടെ പ്രഭുക്കന്മാർ അദ്ദേഹത്തിനു നൽകി. അതിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു. മോശ ഉടമ്പടിയുടെ കൂടാരത്തിൽ യഹോവയുടെമുമ്പാകെ വടികൾ വെച്ചു.
അടുത്തദിവസം മോശ ഉടമ്പടിയുടെ കൂടാരത്തിൽ കടന്ന് ലേവിഗൃഹത്തെ പ്രതിനിധാനം ചെയ്യുന്ന അഹരോന്റെ വടി നോക്കി; അതു മുളയ്ക്കുകമാത്രമല്ല, തളിർത്ത്, പൂത്ത്, ബദാംഫലം കായ്ച്ചിരിക്കുന്നതായി കണ്ടു. ഇതിനുശേഷം മോശ യഹോവയുടെ സന്നിധിയിൽനിന്ന് വടികൾ ഇസ്രായേല്യരുടെ അടുക്കൽ പുറത്തുകൊണ്ടുവന്നു. ഓരോരുത്തരും അവരവരുടെ വടി നോക്കിയെടുത്തു.
10 യഹോവ മോശയോടു പറഞ്ഞു: “മത്സരികൾക്ക് ഒരു ചിഹ്നമായി സൂക്ഷിക്കേണ്ടതിന് അഹരോന്റെ വടി തിരികെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ വെക്കുക. ഇത് എനിക്കെതിരേയുള്ള അവരുടെ പിറുപിറുപ്പിന് അറുതിവരുത്തും, അങ്ങനെ അവർ മരിക്കാതെയിരിക്കും.” 11 യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ മോശ ചെയ്തു.
12 ഇസ്രായേല്യർ മോശയോടു പറഞ്ഞു: “ഞങ്ങൾ മരിച്ചുപോകും, ഞങ്ങൾ നശിക്കുന്നു, ഞങ്ങളെല്ലാം നശിച്ചുപോകുന്നു! 13 യഹോവയുടെ കൂടാരത്തിന്റെ സമീപത്ത് വരുന്നവർപോലും മരിക്കും. ഞങ്ങളെല്ലാവരും മരണത്തിനു വിധിക്കപ്പെട്ടവരോ?”