32
യോർദാൻനദിക്കു കിഴക്കു താമസിച്ച ഗോത്രങ്ങൾ
വളരെയധികം കന്നുകാലികളും ആട്ടിൻപറ്റങ്ങളും ഉണ്ടായിരുന്ന രൂബേന്യരും ഗാദ്യരും യാസേർ, ഗിലെയാദ് എന്നീ ദേശങ്ങൾ വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമെന്നു കണ്ടു. അതിനാൽ രൂബേന്യരും ഗാദ്യരും മോശയുടെയും പുരോഹിതനായ എലെയാസാരിന്റെയും സഭാനേതാക്കന്മാരുടെയും അടുക്കൽവന്ന് പറഞ്ഞു: “അതാരോത്ത്, ദീബോൻ, യാസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സേബാം, നെബോ, ബെയോൻ എന്നിങ്ങനെ ഇസ്രായേൽജനത്തിന്റെ മുമ്പിൽ യഹോവ കീഴടക്കിയ ദേശം വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമാണ്; അങ്ങയുടെ ദാസന്മാർക്കു വളർത്തുമൃഗങ്ങൾ ഉണ്ടല്ലോ. അവിടന്ന് ഞങ്ങളിൽ പ്രസാദിച്ചിരിക്കുന്നെങ്കിൽ, ഈ ദേശം ഞങ്ങളുടെ അവകാശമായി അങ്ങയുടെ ദാസന്മാർക്കു നൽകണമേ. യോർദാൻ മറികടക്കാൻ ഞങ്ങൾക്കിടയാക്കരുതേ.”
മോശ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞു: “നിങ്ങൾ ഇവിടെ ആയിരിക്കുമ്പോൾ നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമോ? ഇസ്രായേല്യരെ യഹോവ അവർക്കു നൽകിയ ദേശത്തേക്കു പോകുന്നതിൽനിന്ന് നിങ്ങൾ നിരുത്സാഹപ്പെടുത്തുന്നതെന്ത്? ഇതുതന്നെയാണ്, ഞാൻ കാദേശ്-ബർന്നേയയിൽനിന്ന് ദേശം നോക്കാൻ വിട്ടപ്പോൾ, നിങ്ങളുടെ പിതാക്കന്മാരും ചെയ്തത്. എസ്കോൽ താഴ്വരയിലേക്ക് അവർ കയറിപ്പോയി ദേശം നിരീക്ഷിച്ചശേഷം, യഹോവ ഇസ്രായേല്യർക്കു നൽകിയ ദേശത്ത് കടക്കുന്നതിൽനിന്ന് അവരെ അവർ നിരുത്സാഹപ്പെടുത്തി. 10 അന്നാളിൽ യഹോവയുടെ കോപം ജ്വലിച്ചു. അവിടന്ന് ഇപ്രകാരം ശപഥംചെയ്തു: 11-12 ‘കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകനായ യോശുവയും പൂർണഹൃദയത്തോടെ യഹോവയെ പിൻപറ്റിയിരിക്കുകയാൽ, അവരല്ലാതെ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടു വന്നവരിൽ ഇരുപതു വയസ്സോ അതിലധികമോ പ്രായമുള്ള പുരുഷന്മാരിൽ ഒരുത്തൻപോലും, അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ഞാൻ ശപഥംചെയ്ത വാഗ്ദത്തദേശം കാണുകയില്ല. കാരണം ഇവരാരും എന്നെ പൂർണഹൃദയത്തോടെ പിൻപറ്റിയില്ല.’ 13 യഹോവയുടെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടത്തെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചവരുടെ തലമുറ മുഴുവനും നശിക്കുംവരെ അവിടന്ന് അവരെ നാൽപ്പതുവർഷം മരുഭൂമിയിൽ അലഞ്ഞുനടക്കുമാറാക്കി.
14 “ഇപ്പോൾ ഇവിടെയിതാ നിങ്ങൾ, പാപികളുടെ ഒരു കുലം, നിങ്ങളുടെ പിതാക്കന്മാരുടെ ചുവടുകളിൽത്തന്നെ നിന്നുകൊണ്ട് യഹോവ ഇസ്രായേലിനോട് വീണ്ടും അധികം കോപാകുലനാക്കാൻ ഇടയാക്കുന്നു. 15 അവിടത്തെ പിൻപറ്റുന്നതിൽനിന്നും നിങ്ങൾ മാറിപ്പോയാൽ, അവിടന്ന് ഈ ജനത്തെ മുഴുവൻ മരുഭൂമിയിൽ വീണ്ടും കൈവിടും; അവരുടെ നാശത്തിന് കാരണക്കാർ നിങ്ങളായിരിക്കുകയും ചെയ്യും.”
16 പിന്നെ അവർ അദ്ദേഹത്തിന്റെ അടുക്കൽവന്ന് പറഞ്ഞു: “ഞങ്ങളുടെ കന്നുകാലികൾക്കു തൊഴുത്തുകളും സ്ത്രീകൾക്കും കുട്ടികൾക്കുമായി പട്ടണങ്ങളും ഞങ്ങൾ ഇവിടെ നിർമിക്കാൻ ആഗ്രഹിക്കുന്നു. 17 എന്നാൽ ഞങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരെ അവരുടെ സ്ഥാനത്ത് എത്തിക്കുംവരെ ആയുധധാരികളായി അവർക്കുമുമ്പായി അണിനിരക്കാനും ഞങ്ങൾ തയ്യാറാണ്. അതേസമയം ഞങ്ങളുടെ സ്ത്രീകളും കുഞ്ഞുങ്ങളും തദ്ദേശവാസികളിൽനിന്ന് സംരക്ഷിക്കപ്പെടാൻ കെട്ടുറപ്പുള്ള പട്ടണങ്ങളിൽ പാർക്കും. 18 സകല ഇസ്രായേല്യർക്കും അവരുടെ ഓഹരി ലഭിക്കുന്നതുവരെ ഞങ്ങൾ സ്വന്തം ഭവനങ്ങളിലേക്കു മടങ്ങുകയില്ല. 19 ഞങ്ങളുടെ ഓഹരി യോർദാന്റെ കിഴക്കുഭാഗത്ത് ഞങ്ങൾക്കു ലഭിച്ചിരിക്കുകയാൽ അവരോടൊപ്പം യോർദാന്റെ മറുകരയിൽ ഞങ്ങൾ ഓഹരി വാങ്ങുകയില്ല.”
20 അപ്പോൾ മോശ അവരോടു പറഞ്ഞു: “ഈ വാക്കു നിങ്ങൾ പാലിക്കുമെങ്കിൽ യഹോവയുടെമുമ്പാകെ നിങ്ങൾ നിങ്ങളെത്തന്നെ യുദ്ധസന്നദ്ധരാക്കുകയും 21 തിരുമുമ്പിൽനിന്ന് അവിടത്തെ ശത്രുക്കളെ തുരത്തുന്നതുവരെ നിങ്ങൾ എല്ലാവരും യഹോവയുടെമുമ്പാകെ ആയുധധാരികളായി യോർദാൻ കടക്കുകയും ചെയ്യണം. 22 അങ്ങനെ ദേശം യഹോവയ്ക്ക് അധീനപ്പെടുമ്പോൾ, യഹോവയോടും ഇസ്രായേലിനോടുമുള്ള നിങ്ങളുടെ കടപ്പാടൊഴിഞ്ഞ് നിങ്ങൾക്കു മടങ്ങിപ്പോകാം. അങ്ങനെ ഈ ദേശം യഹോവയുടെമുമ്പാകെ നിങ്ങളുടെ അവകാശമായിരിക്കും.
23 “എന്നാൽ ഇതു ചെയ്യുന്നതിൽ നിങ്ങൾ വീഴ്ചവരുത്തിയാൽ, യഹോവയ്ക്കെതിരായി നിങ്ങൾ പാപം ചെയ്യുകയായിരിക്കും; നിങ്ങളുടെ പാപത്തിനുള്ള ശിക്ഷ നിങ്ങൾതന്നെ അനുഭവിക്കുമെന്നു നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം. 24 നിങ്ങളുടെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായി പട്ടണങ്ങളും കന്നുകാലികൾക്കായി തൊഴുത്തുകളും പണിയുക. എന്നാൽ നിങ്ങൾ ചെയ്ത വാഗ്ദാനവും നിറവേറ്റുക.”
25 ഗാദ്യരും രൂബേന്യരും മോശയോടു പറഞ്ഞു: “യജമാനൻ കൽപ്പിച്ചതുപോലെതന്നെ അങ്ങയുടെ ദാസരായ ഞങ്ങൾ ചെയ്യും. 26 ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ആടുമാടുകളും ഇവിടെ ഗിലെയാദിലെ പട്ടണങ്ങളിൽത്തന്നെ പാർക്കും. 27 എന്നാൽ അങ്ങയുടെ ദാസന്മാർ, യുദ്ധസന്നദ്ധരായ സകലരും, ഞങ്ങളുടെ യജമാനൻ പറയുന്നതുപോലെതന്നെ യഹോവയുടെമുമ്പാകെ യുദ്ധംചെയ്യാൻ അക്കരെ കടക്കും.”
28 പിന്നെ മോശ അവരെക്കുറിച്ച് പുരോഹിതനായ എലെയാസാരിനും നൂന്റെ മകനായ യോശുവയ്ക്കും ഇസ്രായേല്യഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാർക്കും കൽപ്പനകൾ കൊടുത്തു. 29 അദ്ദേഹം അവരോടു പറഞ്ഞു: “ഗാദ്യരിലും രൂബേന്യരിലും യുദ്ധസന്നദ്ധരായ സകലപുരുഷന്മാരും യഹോവയുടെമുമ്പാകെ നിങ്ങളോടൊപ്പം യോർദാൻ കടക്കുന്നെങ്കിൽ, ദേശം നിങ്ങളുടെമുമ്പാകെ അധീനമാകുമ്പോൾ ഗിലെയാദുദേശം അവർക്ക് അവകാശമായി കൊടുക്കണം. 30 എന്നാൽ നിങ്ങളുടെകൂടെ ആയുധധാരികളായി അവർ അക്കരെ കടക്കുന്നില്ലെങ്കിൽ, അവരുടെ ഓഹരി കനാനിലുള്ള നിങ്ങളോടൊപ്പം ആയിരിക്കണം.”
31 ഗാദ്യരും രൂബേന്യരും മറുപടി പറഞ്ഞു: “യഹോവ അരുളിച്ചെയ്തതുപോലെ അങ്ങയുടെ ദാസന്മാർ ചെയ്യും. 32 യഹോവയുടെമുമ്പിൽ ആയുധധാരികളായി ഞങ്ങൾ കനാനിൽ കടക്കും. എന്നാൽ ഞങ്ങളുടെ അവകാശദേശം യോർദാന്റെ ഇക്കരെയായിരിക്കും.”
33 പിന്നെ മോശ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പകുതിഗോത്രത്തിനും അമോര്യരാജാവായ സീഹോന്റെ രാജ്യവും ബാശാൻരാജാവായ ഓഗിന്റെ രാജ്യവും അവയുടെ പട്ടണങ്ങളോടും ചുറ്റുമുള്ള പ്രദേശങ്ങളോടുംകൂടി നൽകി.
34 ഗാദ്യർ ദീബോൻ, അതാരോത്ത്, അരോയേർ, 35 അത്രോത്ത്-ശോഫാൻ, യാസേർ, യൊഗ്ബെഹാ, 36 ബേത്-നിമ്രാ, ബേത്-ഹാരാൻ എന്നിവ കെട്ടുറപ്പുള്ള പട്ടണങ്ങളായി പണിതു; അവരുടെ കന്നുകാലികൾക്കു തൊഴുത്തുകളും അവിടെ പണിതു. 37 രൂബേന്യർ ഹെശ്ബോൻ, എലെയാലേ, കിര്യാത്തയീം എന്നിവയും 38 നെബോ, ബാൽ-മെയോൻ (ഈ പേരുകൾ മാറ്റപ്പെട്ടു), സിബ്മാ എന്നിവയും പുതുക്കിപ്പണിതു. പുതുക്കിപ്പണിത പട്ടണങ്ങൾക്ക് അവർ പുതിയ പേരുകൾ കൊടുത്തു.
39 മനശ്ശെയുടെ പുത്രൻ മാഖീരിന്റെ സന്തതികൾ ഗിലെയാദിലേക്കു പോയി അതിനെ പിടിച്ചടക്കി അവിടെ ഉണ്ടായിരുന്ന അമോര്യരെ തുരത്തി. 40 അതുകൊണ്ട് മോശ മനശ്ശെയുടെ സന്തതികളായ മാഖീര്യർക്കു ഗിലെയാദ് കൊടുത്തു. അവർ അവിടെ താമസമുറപ്പിച്ചു, 41 മനശ്ശെയുടെ സന്തതികളിൽ ഒരുവനായ യായീർ അവരുടെ പട്ടണങ്ങൾ പിടിച്ചടക്കി. അവയ്ക്ക് യായീരിന്റെ ഊരുകൾ എന്നർഥമുള്ള ഹാവോത്ത്-യായീർ എന്നു പേരിട്ടു. 42 നോബഹ് ചെന്ന് കെനാത്തും അതിന്റെ ചുറ്റുമുള്ള പട്ടണങ്ങളും പിടിച്ചടക്കി; ആ ദേശത്തിനു തന്റെ പേരിൻപ്രകാരം നോബഹ് എന്നു പുനർനാമകരണംചെയ്തു.