35
ലേവ്യർക്കുള്ള പട്ടണങ്ങൾ
1 യെരീഹോവിനെതിരേ യോർദാന്നരികിൽ മോവാബുസമതലത്തിൽവെച്ച് യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു: 2 “ഇസ്രായേല്യർ കൈവശമാക്കുന്ന അവകാശത്തിൽ ലേവ്യർക്ക് വസിക്കാനായി പട്ടണങ്ങൾ നൽകാൻ അവരോടു കൽപ്പിക്കുക. പട്ടണങ്ങൾക്കു ചുറ്റുമായി പുൽമേടുകളും അവർക്കു കൊടുക്കുക. 3 അങ്ങനെ അവർക്ക് വസിക്കാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും സകലവളർത്തുമൃഗങ്ങൾക്കും മേയാൻ പുൽമേടുകളും ലഭിക്കും.
4 “നിങ്ങൾ ലേവ്യർക്കു നൽകുന്ന പുൽപ്പുറങ്ങൾക്ക്, പട്ടണമതിലിൽനിന്ന് പുറത്തേക്കു ചുറ്റും ആയിരംമുഴം*ഏക. 450 മീ. വിസ്താരമുണ്ടായിരിക്കും. 5 പട്ടണത്തിനുപുറത്ത്, രണ്ടായിരംമുഴം†ഏക. 900 മീ. കിഴക്കുഭാഗത്തും രണ്ടായിരം തെക്കുഭാഗത്തും രണ്ടായിരം പടിഞ്ഞാറുഭാഗത്തും രണ്ടായിരംമുഴം വടക്കുഭാഗത്തും നടുവിൽ പട്ടണം വരത്തക്കവിധം അളക്കുക. ഇത് അവർക്കു പട്ടണങ്ങളുടെ പുൽമേടുകളായിരിക്കും.
സങ്കേതനഗരങ്ങൾ
6 “നിങ്ങൾ ലേവ്യർക്കു നൽകുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരങ്ങൾ ആയിരിക്കും. അബദ്ധവശാൽ കൊലപാതകം ചെയ്ത വ്യക്തിക്ക് അവയിലൊന്നിലേക്ക് ഓടിയൊളിക്കാം. ഇതിനുപുറമേ, മറ്റു നാൽപ്പത്തിരണ്ട് പട്ടണങ്ങളും അവർക്കു നൽകണം. 7 ആകെ നാൽപ്പത്തിയെട്ടു പട്ടണങ്ങൾ, അവയുടെ പുൽമേടുകളോടുകൂടെ നിങ്ങൾ ലേവ്യർക്കു നൽകണം. 8 ഇസ്രായേല്യർ കൈവശമാക്കുന്ന ദേശത്തുനിന്ന് നിങ്ങൾ ലേവ്യർക്കു നൽകുന്ന പട്ടണങ്ങൾ ഓരോ ഗോത്രത്തിന്റെയും അവകാശത്തിന് അനുപാതമായിട്ട് ആയിരിക്കണം നൽകേണ്ടത്: അധികം പട്ടണങ്ങൾ ഉള്ള ഗോത്രത്തിൽനിന്ന് അധികം എടുക്കണം. എന്നാൽ കുറച്ചുള്ള ഒന്നിൽനിന്ന് കുറച്ചും എടുക്കണം.”
9 പിന്നെ യഹോവ മോശയോട് അരുളിച്ചെയ്തു: 10 “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: നിങ്ങൾ യോർദാൻ കടന്ന് കനാനിൽ എത്തുമ്പോൾ, 11 അബദ്ധവശാൽ ആരെയെങ്കിലും വധിക്കുന്ന ഒരു വ്യക്തിക്ക് ഓടിച്ചെല്ലാനുള്ള—നിങ്ങളുടെ സങ്കേതനഗരങ്ങൾ ആയിരിക്കാൻ—ചില പട്ടണങ്ങളെ തെരഞ്ഞെടുക്കണം. 12 കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തി സഭയുടെമുമ്പാകെ വിസ്താരത്തിന്നു വിധേയനാകുന്നതുവരെ മരിക്കാതിരിക്കാനായി പ്രതികാരകനിൽനിന്നുള്ള സങ്കേതസ്ഥാനങ്ങൾ അവ ആയിരിക്കും. 13 നിങ്ങൾ നൽകുന്ന ഈ ആറുപട്ടണങ്ങൾ നിങ്ങളുടെ സങ്കേതനഗരങ്ങൾ ആയിരിക്കും. 14 മൂന്നെണ്ണം യോർദാന്റെ അക്കരെയും മൂന്നെണ്ണം കനാനിലും സങ്കേതനഗരങ്ങളായി നൽകുക. 15 മറ്റൊരു വ്യക്തിയെ അബദ്ധവശാൽ കൊന്ന ഏതൊരാൾക്കും ഓടിച്ചെല്ലാൻ കഴിയേണ്ടതിന്, ഇസ്രായേല്യർക്കും പ്രവാസികൾക്കും അവരുടെയിടയിൽ പാർക്കുന്ന മറ്റേതൊരു ജനത്തിനും ഈ ആറുപട്ടണങ്ങൾ സങ്കേതസ്ഥാനങ്ങൾ ആയിരിക്കും.
16 “ ‘ഒരാൾ മറ്റൊരാളെ ഒരു ഇരുമ്പുപകരണംകൊണ്ട് അടിക്കുകയും അയാൾ മരിക്കുകയും ചെയ്താൽ ആ മനുഷ്യൻ ഒരു കൊലപാതകി; കൊലപാതകി മരണശിക്ഷ അനുഭവിക്കണം. 17 അല്ല, ഒരാൾ കല്ലുകൊണ്ടിടിച്ച്, ആരെങ്കിലും മരിച്ചാൽ ആ മനുഷ്യനും കൊലപാതകി; കൊലപാതകിക്കു മരണശിക്ഷനൽകണം. 18 അല്ല, ഒരാൾ മാരകമായ ഒരു മരയായുധംകൊണ്ട് ആരെയെങ്കിലും അടിച്ച് അയാൾ മരിച്ചാൽ ആ മനുഷ്യൻ കൊലപാതകി; കൊലപാതകിക്കു മരണശിക്ഷ കൊടുക്കണം. 19 രക്തപ്രതികാരംചെയ്യുന്ന വ്യക്തിക്കു കൊലപാതകിയെ വധിക്കാം; രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തി കൊലപാതകിയെ കാണാനിടയായാൽ അയാൾക്ക് ആ മനുഷ്യനെ വധിക്കാം. 20 ആരെങ്കിലും വിദ്വേഷംകൊണ്ട് ഒരാളെ കുത്തുകയോ പതിയിരുന്ന് എറിയുകയോ ചെയ്തിട്ട് ആരെങ്കിലും മരിച്ചാൽ, 21 അല്ലെങ്കിൽ ശത്രുതയാൽ തന്റെ മുഷ്ടികൊണ്ട് ഒരു മനുഷ്യനെ ഇടിക്കുകയോ ചെയ്തിട്ട് അയാൾ മരിച്ചാൽ ആ വ്യക്തിക്ക് വധശിക്ഷ കൊടുക്കണം; അയാൾ ഒരു കൊലപാതകി. രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിക്ക് അയാളെ കാണുമ്പോൾ വധിക്കാം.
22 “ ‘എന്നാൽ ശത്രുത്വം ഇല്ലാതെ ഒരു മനുഷ്യൻ മറ്റൊരാളെ കുത്തുകയോ മനഃപൂർവമല്ലാതെ അയാളെ എറിയുകയോ 23 അല്ലെങ്കിൽ, അയാളെ കാണാതെ മരണത്തിനിടയാക്കുന്നതരത്തിൽ ഒരു കല്ല് അയാളുടെമേൽ ഇടുകയോ ചെയ്യുകയും അയാൾ മരിക്കുകയും ചെയ്താൽ, ആ മനുഷ്യൻ അയാളുടെ ശത്രുവല്ലാതിരുന്നതിനാലും അയാളെ അപായപ്പെടുത്താൻ മനഃപൂർവം ശ്രമിക്കാതിരുന്നതിനാലും, 24 അയാളുടെയും രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിയുടെയും മധ്യേ സഭ ഈ ചട്ടങ്ങൾക്കനുസൃതമായി വിധി കൽപ്പിക്കണം. 25 കൊലക്കുറ്റം ചുമത്തപ്പെട്ടവനു സഭ രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിയിൽനിന്ന് സംരക്ഷണം നൽകുകയും അയാൾ ഓടിപ്പോയ സങ്കേതനഗരത്തിലേക്കു മടക്കി അയയ്ക്കുകയും വേണം. വിശുദ്ധതൈലത്താൽ അഭിഷേകം ചെയ്യപ്പെട്ട മഹാപുരോഹിതന്റെ മരണംവരെ അയാൾ അവിടെ പാർക്കണം.
26 “ ‘എന്നാൽ കൊലക്കുറ്റം ചുമത്തപ്പെട്ട വ്യക്തി താൻ ഓടിച്ചെന്ന സങ്കേതനഗരത്തിന്റെ അതിരുകൾക്കു പുറേത്തക്ക് പോകുകയും 27 രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തി അയാളെ സങ്കേതനഗരത്തിനു വെളിയിൽവെച്ച് കാണുകയുംചെയ്താൽ, രക്തപ്രതികാരം നടപ്പിൽവരുത്തേണ്ട വ്യക്തിക്ക് ആ മനുഷ്യനെ കൊല്ലാം. അയാളിൽ രക്തപാതകം ഇല്ല. 28 കുറ്റം ചുമത്തപ്പെട്ടവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടതാണ്; മഹാപുരോഹിതന്റെ മരണാനന്തരം അവനു തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
29 “ ‘നിങ്ങൾ താമസിക്കുന്നിടങ്ങളിലെല്ലാം, വരാനുള്ള തലമുറകളിൽ ന്യായവിധിക്കുള്ള ചട്ടം ഇവയായിരിക്കണം.
30 “ ‘ഒരു വ്യക്തിയെ കൊല്ലുന്ന ഏതൊരുവനും ഒരു കൊലപാതകിയെന്ന നിലയിൽ സാക്ഷികളുടെ വാമൊഴിയെ അടിസ്ഥാനമാക്കി വധശിക്ഷനൽകണം. എന്നാൽ ഒരു സാക്ഷിയുടെമാത്രം വാമൊഴിയാൽ ആർക്കും വധശിക്ഷ നൽകരുത്.
31 “ ‘മരണയോഗ്യനായ ഒരു കൊലയാളിയുടെ ജീവനുവേണ്ടി മോചനദ്രവ്യം സ്വീകരിക്കരുത്. ആ മനുഷ്യനു നിശ്ചയമായും വധശിക്ഷനൽകണം.
32 “ ‘സങ്കേതനഗരത്തിൽ ഓടിയൊളിച്ച വ്യക്തി മഹാപുരോഹിതന്റെ മരണത്തിനുമുമ്പു സ്വദേശത്തു മടങ്ങിവന്ന് പാർക്കാൻ നിങ്ങൾ മോചനദ്രവ്യം സ്വീകരിക്കരുത്.
33 “ ‘നിങ്ങൾ പാർക്കുന്ന ദേശം മലിനമാക്കരുത്. രക്തച്ചൊരിച്ചിൽ ദേശത്തെ മലിനമാക്കുന്നു. രക്തം ചൊരിയിച്ച വ്യക്തിയുടെ രക്തത്താലല്ലാതെ രക്തംചൊരിഞ്ഞ ദേശത്തിനു പ്രായശ്ചിത്തം വരുത്താൻ സാധ്യമല്ല. 34 നിങ്ങൾ വസിക്കുന്നതും ഞാൻ അധിവസിക്കുന്നതുമായ ദേശത്തെ അശുദ്ധമാക്കരുത്. കാരണം, യഹോവ ആകുന്ന ഞാൻ ഇസ്രായേൽമക്കളുടെ ഇടയിൽ വസിക്കുന്നു.’ ”