സങ്കീർത്തനം 79
ആസാഫിന്റെ ഒരു സങ്കീർത്തനം.
1 ദൈവമേ, ഇതര ജനതകൾ അവിടത്തെ ഓഹരി പിടിച്ചടക്കിയിരിക്കുന്നു;
അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുന്നു
ജെറുശലേമിനെ അവർ ഒരു കൽക്കൂമ്പാരമായി മാറ്റിയിരിക്കുന്നു.
2 അങ്ങയുടെ സേവകരുടെ ശവശരീരങ്ങൾ
ആകാശത്തിലെ പക്ഷികൾക്ക് ഇരയായി നൽകിയിരിക്കുന്നു,
അവിടത്തെ വിശുദ്ധജനത്തിന്റെ മാംസം ഭൂമിയിലെ വന്യമൃഗങ്ങൾക്കും.
3 ജെറുശലേമിനുചുറ്റും
അവർ വെള്ളംപോലെ രക്തപ്പുഴ ഒഴുക്കി,
മരിച്ചവരെ സംസ്കരിക്കാൻ ആരും അവശേഷിക്കുന്നില്ല.
4 ഞങ്ങളുടെ അയൽവാസികൾക്ക് ഞങ്ങൾ അധിക്ഷേപത്തിന്റെ ഇരയായി,
ചുറ്റുപാടുമുള്ളവർക്ക് ഞങ്ങൾ അവജ്ഞയും അപഹാസവും ആയിരിക്കുന്നു.
5 ഇനിയും എത്രനാൾ, യഹോവേ? അങ്ങ് എന്നേക്കും ക്രോധാകുലനായിരിക്കുമോ?
അങ്ങയുടെ അസഹിഷ്ണുത അഗ്നിപോലെ ഞങ്ങൾക്കെതിരായി എത്രകാലം ജ്വലിക്കും?
6 അവിടത്തെ അംഗീകരിക്കാത്ത ജനതകളുടെമേലും
അവിടത്തെ നാമം വിളിച്ചപേക്ഷിക്കാത്ത
രാജ്യങ്ങളുടെമേലും
അവിടത്തെ ക്രോധം ചൊരിയണമേ;
7 കാരണം അവർ യാക്കോബിനെ വിഴുങ്ങുകയും
അവന്റെ സ്വദേശത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
8 ഞങ്ങളുടെ പൂർവികരുടെ പാപം ഞങ്ങൾക്കെതിരേ കണക്കാക്കരുതേ;
അവിടത്തെ കരുണ അതിവേഗം ഞങ്ങളെ സന്ദർശിക്കണമേ,
ഞങ്ങൾ അതിതീക്ഷ്ണമായ ആവശ്യത്തിൽ ആയിരിക്കുന്നു.
9 ഞങ്ങളുടെ രക്ഷയായ ദൈവമേ,
അവിടത്തെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കണമേ;
അവിടത്തെ നാമംനിമിത്തം
ഞങ്ങളെ വിടുവിക്കുകയും ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ.
10 രാഷ്ട്രങ്ങളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,”
എന്നു ചോദിപ്പിക്കുന്നതെന്തിന്?
അവിടത്തെ സേവകരുടെ രക്തംചൊരിഞ്ഞതിനുള്ള പ്രതികാരം
ഞങ്ങളുടെ കണ്ണുകൾക്കു മുമ്പിൽവെച്ചുതന്നെ രാഷ്ട്രങ്ങൾക്കിടയിൽ അവിടന്ന് നടപ്പിലാക്കണമേ.
11 ബന്ധിതരുടെ ഞരക്കം തിരുമുമ്പിൽ വരുമാറാകട്ടെ;
മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ അവിടത്തെ കൈകളുടെ ശക്തിയാൽ സ്വതന്ത്രരാക്കണമേ.
12 കർത്താവേ, ഞങ്ങളുടെ അയൽവാസികൾ അങ്ങേക്കെതിരായി നടത്തിയ അധിക്ഷേപങ്ങൾക്കുള്ള ശിക്ഷ
ഏഴിരട്ടിയായി അവരുടെ മാർവിടത്തിലേക്കുതന്നെ നൽകണമേ.
13 അപ്പോൾ അവിടത്തെ ജനമായ ഞങ്ങൾ—അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റം—
അങ്ങയെ നിത്യം സ്തുതിക്കും;
ഞങ്ങൾ അവിടത്തെ സ്തുതി
തലമുറതലമുറകളോളം പ്രസ്താവിക്കും.
സംഗീതസംവിധായകന്. “സാരസസാക്ഷ്യം” എന്ന രാഗത്തിൽ.*സങ്കീ. 3:8-ലെ കുറിപ്പ് കാണുക.