സങ്കീർത്തനം 95
1 വരുവിൻ, നമുക്ക് യഹോവയ്ക്കൊരു ആനന്ദഗീതമാലപിക്കാം;
നമ്മുടെ രക്ഷയുടെ പാറയ്ക്ക് ഉച്ചത്തിൽ ആർപ്പിടാം.
2 സ്തോത്രാർപ്പണത്തോടെ നമുക്ക് അവിടത്തെ സന്നിധിയിൽ വന്നുചേരാം
സംഗീതത്തോടും പാട്ടോടുംകൂടെ അവിടത്തെ പുകഴ്ത്താം.
3 കാരണം യഹോവ മഹാദൈവം ആകുന്നു,
എല്ലാ ദേവന്മാരിലും ഉന്നതനായ മഹാരാജാവുതന്നെ.
4 ഭൂമിയുടെ അഗാധതകൾ അവിടത്തെ കരങ്ങളിലാണ്,
പർവതശിഖരങ്ങളും അവിടത്തേക്കുള്ളത്.
5 സമുദ്രം അവിടത്തേക്കുള്ളത്, അവിടന്ന് അതിനെ നിർമിച്ചു,
കരയെയും അവിടത്തെ കൈകൾ മെനഞ്ഞിരിക്കുന്നു.
6 വരുവിൻ, നമുക്ക് വണങ്ങി ആരാധിക്കാം,
നമ്മെ നിർമിച്ച യഹോവയുടെമുമ്പിൽ നമുക്കു മുട്ടുമടക്കാം.
7 കാരണം അവിടന്ന് നമ്മുടെ ദൈവം ആകുന്നു
നാം അവിടത്തെ മേച്ചിൽപ്പുറത്തെ ജനവും
അവിടത്തെ കരുതലിൻകീഴിലുള്ള ആടുകളുംതന്നെ.
ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ,
8 “മെരീബയിൽവെച്ചു*കലഹം എന്നർഥം. ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്,
അന്ന് മരുഭൂമിയിലെ മസ്സായിൽവെച്ച്†പരീക്ഷ എന്നർഥം. ചെയ്തതുപോലെതന്നെ.
9 അവിടെവെച്ച് നിങ്ങളുടെ പൂർവികർ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തികൾ കണ്ടിട്ടും അവർ എന്റെ ക്ഷമ പരീക്ഷിച്ചു.
10 നാല്പതു വർഷക്കാലം ആ തലമുറയോട് എനിക്കു കോപമുണ്ടായി;
‘അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനത,
എന്റെ നിർദേശങ്ങൾ പാലിക്കാൻ മനസ്സില്ലാത്തവർ,’ എന്നു ഞാൻ പറഞ്ഞു.
11 അതുകൊണ്ട് ‘അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല,’
എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു.”