സങ്കീർത്തനം 109
ദാവീദിന്റെ ഒരു സങ്കീർത്തനം.
ഞാൻ സ്തുതിക്കുന്ന എന്റെ ദൈവമേ,
മൗനമായിരിക്കരുതേ,
ദുഷ്ടതയും വഞ്ചനയും ഉള്ള മനുഷ്യർ,
അവരുടെ വായ് എനിക്കെതിരേ തുറന്നിരിക്കുന്നു;
വ്യാജംപറയുന്ന നാവുകൊണ്ട് അവർ എനിക്കെതിരേ സംസാരിച്ചിരിക്കുന്നു.
വിദ്വേഷത്തിന്റെ വാക്കുകളാൽ അവർ എന്നെ വളഞ്ഞിരിക്കുന്നു;
അകാരണമായി അവർ എന്നെ ആക്രമിക്കുന്നു.
എന്റെ സൗഹൃദത്തിനു പകരം അവർ എന്റെമേൽ ആരോപണം ഉന്നയിക്കുന്നു,
ഞാനോ പ്രാർഥനാനിരതനായിരിക്കുന്നു.
അവർ എനിക്കു നന്മയ്ക്കുപകരം തിന്മചെയ്യുന്നു,
എന്റെ സ്നേഹത്തിനു പകരം എന്നെ വെറുക്കുന്നു.
 
എന്റെ ശത്രുവിനോട് പ്രതിരോധിക്കാൻ ഒരു അധർമിയെ നിയോഗിക്കണമേ;
അയാളുടെ വലതുഭാഗത്ത് വിരോധി നിൽക്കട്ടെ.
വിചാരണയിൽ അയാൾ കുറ്റക്കാരനെന്നു തെളിയട്ടെ,
അയാളുടെ അഭ്യർഥനകൾ കുറ്റമായി കണക്കിടപ്പെടട്ടെ.
അയാളുടെ നാളുകൾ ചുരുക്കമായിപ്പോകട്ടെ;
അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ.
അയാളുടെ മക്കൾ അനാഥരും
ഭാര്യ വിധവയും ആയിത്തീരട്ടെ.
10 അയാളുടെ മക്കൾ ഭിക്ഷാടകരായി അലയട്ടെ;
നശിച്ചുപോയ അവരുടെ ഭവനങ്ങളിൽനിന്നും അവർ ആട്ടിയോടിക്കപ്പെടട്ടെ.
11 അയാൾക്കുള്ളതെല്ലാം കടക്കാർ പിടിച്ചെടുക്കട്ടെ;
അയാളുടെ അധ്വാനഫലം അപരിചിതർ അപഹരിക്കട്ടെ.
12 ആരും അയാളോട് ദയകാണിക്കാതിരിക്കട്ടെ
അനാഥരായ അയാളുടെ മക്കളോട് ആരും സഹതാപം കാണിക്കാതെയുമിരിക്കട്ടെ.
13 അയാളുടെ പിൻതലമുറകൾ ഛേദിക്കപ്പെടട്ടെ,
അടുത്ത തലമുറയിൽനിന്ന് അയാളുടെ പേരു മായിക്കപ്പെടട്ടെ.
14 അയാളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾ യഹോവയുടെമുമ്പാകെ സ്മരിക്കപ്പെടുമാറാകട്ടെ;
അയാളുടെ മാതാവിന്റെ പാപം ഒരുനാളും മായിക്കപ്പെടാതിരിക്കട്ടെ.
15 അവരുടെ പാപങ്ങൾ എപ്പോഴും യഹോവയുടെമുമ്പാകെ നിലനിൽക്കട്ടെ,
അങ്ങനെ അയാളുടെ പേരു ഭൂമിയുടെ സ്മരണകളിൽനിന്ന് വിച്ഛേദിക്കപ്പെടട്ടെ.
 
16 കാരണം ഒരുനാളും അയാൾ നന്മ പ്രവർത്തിക്കാൻ ഇച്ഛിച്ചിരുന്നില്ല,
എന്നാൽ ദരിദ്രരെയും അശരണരെയും ഹൃദയം തകർന്നവരെയും
അയാൾ മരണംവരെ വേട്ടയാടിയിരുന്നു.
17 ശാപം ചൊരിയുന്നത് അയാൾക്ക് ഹരമായിരുന്നു—
അത് അയാളുടെമേൽത്തന്നെ വന്നുപതിച്ചു.
അനുഗ്രഹിക്കുന്നതിൽ അയാൾ തെല്ലും ആഹ്ലാദം കണ്ടെത്തിയില്ല—
അതുകൊണ്ട് അനുഗ്രഹം അയാൾക്ക് അന്യമായിരുന്നു.
18 അയാൾ ഒരു ഉടയാടപോലെ ശാപം ധരിച്ചു
അത് അയാളുടെ ഉദരത്തിലേക്ക് വെള്ളംപോലെയും
അസ്ഥികളിലേക്ക് തൈലംപോലെയും പടർന്നിരിക്കുന്നു.
19 അത് അയാൾ ധരിച്ചിരിക്കുന്ന ഒരു മേലങ്കിപോലെയും
എന്നും അരയ്ക്കു കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ.
20 എനിക്കെതിരേ തിന്മ സംസാരിച്ച് എന്റെമേൽ കുറ്റം ആരോപിക്കുന്നവർക്ക്,
ഇത് യഹോവയിൽനിന്നു ലഭിക്കുന്ന പ്രതിഫലം ആയിരിക്കട്ടെ.
 
21 എന്നാൽ കർത്താവായ യഹോവേ,
തിരുനാമത്തെപ്രതി എന്നെ സഹായിക്കണമേ;
അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ ശ്രേഷ്ഠതയോർത്ത് എന്നെ മോചിപ്പിക്കണമേ.
22 കാരണം ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും ആകുന്നു,
എന്റെ ഹൃദയത്തിനുള്ളിൽ മുറിവേറ്റിരിക്കുന്നു.
23 ഞാൻ വൈകുന്നേരത്തെ നിഴൽപോലെ മാഞ്ഞുപോകുന്നു;
ഒരു വെട്ടുക്കിളിയെപ്പോലെ ഞാൻ കുടഞ്ഞെറിയപ്പെടുന്നു.
24 ഉപവാസത്താൽ എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു;
എന്റെ ശരീരം എല്ലുംതോലും ആയിരിക്കുന്നു.
25 ഞാൻ എന്റെ കുറ്റാരോപിതരുടെ പരിഹാസത്തിന് ഇരയായിരിക്കുന്നു;
എന്നെ നോക്കി അവർ നിന്ദാപൂർവം തലകുലുക്കുന്നു.
 
26 എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ;
അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുസൃതമായി എന്നെ രക്ഷിക്കണമേ.
27 യഹോവേ, ഇത് അവിടത്തെ കരമാണെന്നും
അങ്ങുതന്നെയാണ് ഇതു ചെയ്തിരിക്കുന്നതെന്നും അവർ അറിയട്ടെ.
28 അവർ ശപിക്കുമ്പോൾ അങ്ങ് അനുഗ്രഹിക്കണമേ;
എന്നെ ആക്രമിക്കുമ്പോൾ അവർ ലജ്ജിതരായിത്തീരട്ടെ,
എന്നാൽ അങ്ങയുടെ ദാസൻ ആനന്ദിക്കട്ടെ.
29 എന്നെ കുറ്റപ്പെടുത്തുന്നവർ അപമാനത്താൽ മൂടപ്പെടട്ടെ
ഒരു പുറങ്കുപ്പായംപോലെ ലജ്ജ അവരെ പൊതിയട്ടെ.
 
30 എന്റെ അധരംകൊണ്ട് ഞാൻ യഹോവയെ അത്യധികം പുകഴ്ത്തും;
ജനസമൂഹമധ്യേ ഞാൻ അവിടത്തെ വാഴ്ത്തും.
31 കാരണം, മരണശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്നും അശരണരെ രക്ഷിക്കാനായി,
അവിടന്ന് അവരുടെ വലതുഭാഗത്ത് നിലകൊള്ളുന്നല്ലോ.