4
സ്വർഗത്തിലെ സിംഹാസനം
1 ഇതിനുശേഷം സ്വർഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു. കാഹളനാദംപോലെ ആദ്യം സംസാരിച്ചുകേട്ട ശബ്ദം എന്നോട്, “ഇവിടെ കയറിവരിക, ഇനി സംഭവിക്കാനുള്ളവ ഞാൻ നിനക്കു കാണിച്ചുതരാം” എന്നു പറഞ്ഞു. 2 ഉടനെ ഞാൻ ആത്മാവിലായി. ഇതാ, സ്വർഗത്തിൽ ഒരു സിംഹാസനം; അതിൽ ഒരാൾ ഇരിക്കുന്നു. 3 സിംഹാസനസ്ഥൻ സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിനു ചുറ്റും മരതകതുല്യമായ ഒരു മഴവില്ല്. 4 സിംഹാസനത്തിനു ചുറ്റും വേറെയും ഇരുപത്തിനാലു സിംഹാസനം; തേജോമയവസ്ത്രം ധരിച്ച ഇരുപത്തിനാലു മുഖ്യന്മാർ അവയിൽ ഇരിക്കുന്നു; അവരുടെ തലയിൽ തങ്കക്കിരീടങ്ങൾ. 5 സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കവും പുറപ്പെട്ടുവരുന്നു. സിംഹാസനത്തിനുമുമ്പിൽ ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴുദീപങ്ങൾ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. 6 സിംഹാസനത്തിനുമുമ്പിൽ പളുങ്കുപോലെ സുതാര്യമായ കണ്ണാടിക്കടൽ.
കേന്ദ്രസ്ഥാനത്തുള്ള സിംഹാസനത്തിന്റെ ചുറ്റും നാലു ജീവികൾ; അവ മുന്നിലും പിന്നിലും കണ്ണുകളാൽ പൊതിയപ്പെട്ടിരുന്നു. 7 ഒന്നാമത്തെ ജീവി സിംഹത്തിനു സദൃശം, രണ്ടാമത്തെ ജീവി കാളയെപ്പോലെ, മൂന്നാമത്തെ ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്, നാലാമത്തെ ജീവി പറക്കുന്ന കഴുകനോടു സദൃശം. 8 നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ,
“ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ,
‘സർവശക്തിയുള്ള ദൈവമായ കർത്താവ്,*യെശ. 6:3
പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ ”
എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു. 9 സിംഹാസനസ്ഥനായി അനന്തകാലം ജീവിക്കുന്ന കർത്താവിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോഴെല്ലാം 10 ഇരുപത്തിനാലു മുഖ്യന്മാരും സിംഹാസനസ്ഥന്റെ മുമ്പിൽ വീണ്, അനന്തകാലം ജീവിക്കുന്നവനെ നമസ്കരിച്ചുകൊണ്ട്:
11 “ഞങ്ങളുടെ കർത്താവും ദൈവവുമായുള്ളവനെ,
അങ്ങ് സകലത്തെയും സൃഷ്ടിച്ചു.
അവിടത്തെ ഇഷ്ടത്താൽ അവ ഉത്ഭവിക്കുകയും
സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാൽ,
അവിടന്നു മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യൻ,”
എന്നു പറഞ്ഞു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനുമുമ്പിൽ സമർപ്പിക്കും.