8
ഏഴാംമുദ്രയും തങ്കധൂപകലശവും
കുഞ്ഞാട് ഏഴാംമുദ്ര തുറന്നപ്പോൾ സ്വർഗത്തിൽ ഏകദേശം അരമണിക്കൂറോളം നിശ്ശബ്ദതയുണ്ടായി.
ദൈവസന്നിധിയിൽ നിൽക്കുന്ന ഏഴു ദൂതന്മാരെ അപ്പോൾ ഞാൻ കണ്ടു; അവർക്ക് ഏഴു കാഹളം നൽകപ്പെടുകയും ചെയ്തു.
അപ്പോൾ മറ്റൊരു ദൂതൻ തങ്കധൂപകലശവുമായി യാഗപീഠത്തിനരികെ വന്നുനിന്നു. സിംഹാസനത്തിനുമുമ്പിലുള്ള തങ്കയാഗപീഠത്തിന്മേൽ സകലവിശുദ്ധരുടെയും പ്രാർഥനകളോടുകൂടെ അർപ്പിക്കാൻ തനിക്കു വളരെ ധൂപവർഗം ലഭിച്ചു. ദൂതന്റെ കൈയിൽനിന്നും ധൂപവർഗത്തിന്റെ പുക വിശുദ്ധരുടെ പ്രാർഥനകളോടൊപ്പം ദൈവസന്നിധിയിലേക്ക് ഉയർന്നു. ആ ദൂതൻ ധൂപകലശമെടുത്ത് അതിൽ യാഗപീഠത്തിലെ തീക്കനൽ നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞു. അപ്പോൾ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
കാഹളങ്ങൾ
കാഹളമേന്തിയ ഏഴു ദൂതന്മാരും കാഹളം ഊതാൻ തയ്യാറെടുത്തു.
ഒന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ രക്തംകലർന്ന കന്മഴയും തീയും ഉണ്ടായി, അവ ഭൂമിയിലേക്ക് വർഷിച്ചു. ഭൂമിയുടെ മൂന്നിലൊന്നു ഭാഗം വെന്തുവെണ്ണീറായി; വൃക്ഷങ്ങളിൽ മൂന്നിലൊന്നും എല്ലാ പച്ചപ്പുല്ലും കരിഞ്ഞുപോയി.
രണ്ടാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ വൻമലപോലെ വലുപ്പമുള്ള എന്തോ ഒന്ന് കത്തിക്കൊണ്ടു സമുദ്രത്തിലേക്കു പതിച്ചു. സമുദ്രത്തിന്റെ മൂന്നിലൊന്നു ഭാഗം രക്തമായിത്തീർന്നു. സമുദ്രത്തിലെ ജീവജാലങ്ങളിൽ മൂന്നിലൊന്നു ചത്തൊടുങ്ങുകയും കപ്പലുകളിൽ മൂന്നിലൊന്നു തകർന്നുപോകുകയും ചെയ്തു.
10 മൂന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ തീപ്പന്തംപോലെ കത്തിജ്വലിക്കുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്നു നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും നിപതിച്ചു. 11 —ആ നക്ഷത്രത്തിനു കയ്‌പ്* മൂ.ഭാ. അപ്സിന്തോസ്, ഇതിനു കാഞ്ഞിരം എന്നർഥം. എന്നു പേർവിളിക്കപ്പെടുന്നു—ജലാശയങ്ങളിൽ മൂന്നിലൊന്നു കയ്‌പുള്ളതായിത്തീരുകയും തൻനിമിത്തം നിരവധി ആളുകൾ മരിക്കുകയും ചെയ്തു.
12 നാലാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ സൂര്യന്റെയും ചന്ദ്രന്റെയും മൂന്നിലൊന്നു ഭാഗത്തിനും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനും ആഘാതമേറ്റു. അവയുടെ മൂന്നിലൊന്ന് ഭാഗം ഇരുണ്ടുപോയി. അങ്ങനെ, പകലിന്റെയും രാത്രിയുടെയും മൂന്നിലൊന്ന് ഭാഗം പ്രകാശരഹിതമായിത്തീർന്നു.
13 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾത്തന്നെ, “ഇനിയുള്ള മൂന്നു ദൂതന്മാർ കാഹളം ഊതുമ്പോൾ ഭൂവാസികൾക്കുണ്ടാകുന്ന അനുഭവം ഭയങ്കരം! ഭയങ്കരം! ഭയങ്കരം! എന്നിങ്ങനെ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ട് ഒരു കഴുകൻ ആകാശമധ്യേ പറക്കുന്നതു ഞാൻ കാണുകയും കേൾക്കുകയും ചെയ്തു.”

*8:11 മൂ.ഭാ. അപ്സിന്തോസ്, ഇതിനു കാഞ്ഞിരം എന്നർഥം.