8
ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ജീവിതം
1 ഈ വിധത്തിൽ ക്രിസ്തുയേശുവിന്റെ വകയായിത്തീർന്നവർക്ക് ഇനി ഒരു ശിക്ഷാവിധിയും ഇല്ല. 2 കാരണം, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചതിനാൽ, ജീവൻ നൽകുന്ന ആത്മാവിന്റെ പ്രമാണം,*അതായത്, നിയമസംഹിത പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രമാണത്തിൽനിന്ന് നിന്നെ സ്വതന്ത്രരാക്കിയിരിക്കുന്നു. 3 ദൈവം സ്വന്തം പുത്രനെ പാപപങ്കിലമായ മനുഷ്യശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചിട്ട് പുത്രന്റെ ശരീരത്തിന്മേൽ നമ്മുടെ പാപത്തിനു ശിക്ഷ വിധിച്ചു പരിഹാരം വരുത്തി. അങ്ങനെ മനുഷ്യന്റെ പാപപ്രവണത നിമിത്തം ബലഹീനമായിരുന്ന ന്യായപ്രമാണത്തിന് അസാധ്യമായിരുന്ന പാപപരിഹാരം ദൈവം സാധ്യമാക്കി. 4 പാപപ്രവണതയെ അല്ല, മറിച്ച്, ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്ന നമ്മിൽ ന്യായപ്രമാണം അനുശാസിക്കുന്ന നീതി പൂർത്തീകരിക്കപ്പെടേണ്ടതിനാണ് ഇതു ചെയ്തത്.
5 പാപപ്രവണതയെ അനുസരിച്ചു ജീവിക്കുന്നവർ പാപകരമായ കാര്യങ്ങളെപ്പറ്റിയും ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ദൈവാത്മഹിതം നിറവേറ്റുന്നതിനെപ്പറ്റിയും ചിന്തിക്കുന്നു. 6 ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. 7 കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. 8 പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല.
9 എന്നാൽ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നതുകൊണ്ട് പാപപ്രവണതയാലല്ല, നിങ്ങൾ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കാത്ത വ്യക്തി ക്രിസ്തുവിന്റെ വകയല്ല. 10 പാപംനിമിത്തം ശരീരം മരണവിധേയമാണെങ്കിലും നിങ്ങളിൽ ക്രിസ്തു നിവസിക്കുന്നതിനാൽ ലഭിച്ചിരിക്കുന്ന നീതിനിമിത്തം നിങ്ങളുടെ ആത്മാവ് ജീവനുള്ളതായിരിക്കുന്നു. 11 യേശുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു. ക്രിസ്തുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവം മരണാധീനമായ നിങ്ങളുടെ ശരീരങ്ങളെയും അതേ ആത്മാവിനാൽ ജീവിപ്പിക്കും.
12 അതുകൊണ്ട് സഹോദരങ്ങളേ, പാപപ്രവണതയെ അനുസരിച്ചു ജീവിക്കേണ്ടതിന് നമുക്ക് പാപപ്രവണതയോട് ഒരു ബാധ്യതയുമില്ല. 13 പാപപ്രവണതകൾ അനുസരിച്ചു ജീവിച്ചാൽ നിങ്ങൾ തീർച്ചയായും മരിക്കും; എന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ പാപപ്രവണതയുടെ ഫലമായ ദുഷ്‌പ്രവൃത്തികളെ നിഗ്രഹിക്കുകയാണെങ്കിൽ നിങ്ങൾ ജീവിക്കും.
14 ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെമക്കൾ. 15 തുടർന്നും ഭയത്തോടെ ജീവിക്കുന്ന അടിമകളാക്കി നിങ്ങളെ മാറ്റുന്ന ആത്മാവിനെയല്ല നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്; മറിച്ച്, നിങ്ങൾക്ക് പുത്രത്വം നൽകുന്ന†റോമൻ സംസ്കാരത്തിൽ ദത്തെടുക്കുന്ന ഒരു ആൺകുട്ടിക്ക് നിയമപരമായി ലഭിക്കുന്ന എല്ലാ അവകാശങ്ങളും പുത്രത്വം ലഭിക്കുന്ന വ്യക്തിക്കുണ്ട്. ആത്മാവിനെയാണ്. അതുകൊണ്ട് നാം ദൈവത്തെ “അബ്ബാ,‡പിതാവ് എന്നതിനുള്ള അരാമ്യപദം. പിതാവേ” എന്നു വിളിക്കുന്നു. 16 ദൈവാത്മാവുതന്നെ നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞ് നാം ദൈവത്തിന്റെ മക്കളാണെന്ന് ഉറപ്പു നൽകുന്നു. 17 ഇപ്രകാരം ദൈവത്തിന്റെമക്കൾ ആയിരിക്കുന്നതുകൊണ്ട് നാം ദൈവിക അനുഗ്രഹങ്ങളുടെ അവകാശികളാണ്; ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളായിരിക്കുന്ന നാം ക്രിസ്തുവിന്റെ തേജസ്സിന്റെയും പങ്കാളികൾ ആകും.
വർത്തമാനകാലത്തെ കഷ്ടതയും ഭാവിതേജസ്സും
18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു. 19 ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. 20-21 സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്.
22 സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു. 23 അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്. 24 ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രത്യക്ഷമായിരിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശയാകട്ടെ, പ്രത്യാശയേയല്ല. കണ്മുമ്പിൽ കാണുന്നതിനുവേണ്ടി ഇനി പ്രത്യാശിക്കുന്നതെന്തിന്? 25 എന്നാൽ, കണ്ടിട്ടില്ലാത്തതിനുവേണ്ടി പ്രത്യാശിക്കുന്നെങ്കിലോ അതിനായി നാം ക്ഷമയോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.
26 അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ നമുക്ക് ബലം നൽകാൻ പരിശുദ്ധാത്മാവു സഹായി ആകുന്നു; എന്താണ് പ്രാർഥിക്കേണ്ടത് എന്ന് നമുക്കറിഞ്ഞുകൂടാ! എന്നാൽ, അവാച്യമായ ഞരക്കങ്ങളാൽ പരിശുദ്ധാത്മാവുതന്നെ നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു. 27 ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം ആത്മാവിന്റെ ചിന്ത എന്തെന്ന് അറിയുന്നുണ്ട്. കാരണം, ദൈവഹിതാനുസരണമാണ് പരിശുദ്ധാത്മാവു ദൈവജനത്തിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നത്.
28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു. 29 ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്.§മൂ.ഭാ. ആദ്യജാതൻ 30 അവിടന്ന് മുൻനിയമിച്ചവരെ വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ തേജസ്കരിക്കുകയും ചെയ്തു.
സമ്പൂർണവിജയം
31 ഇതിനെക്കുറിച്ചു നമുക്ക് എന്തു പറയാൻകഴിയും? ഇത്രമാത്രം! ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആര്? 32 സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ? 33 ദൈവം തെരഞ്ഞെടുത്ത നമുക്കെതിരേ ആര് കുറ്റമാരോപിക്കും? ദൈവമാണ് നീതീകരിക്കുന്നവൻ; പിന്നെയാരാണ് ശിക്ഷവിധിക്കുന്നത്? 34 ക്രിസ്തുയേശു മരിച്ച്, ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് നമുക്കുവേണ്ടി മധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നു. 35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?
36 “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു:
അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,”*സങ്കീ. 44:22
എന്ന് എഴുതിയിരിക്കുന്നല്ലോ. 37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.