പുറപ്പാട്
ഗ്രന്ഥകര്‍ത്താവ്
മോശെയുടെ ഗ്രന്ഥകര്‍ത്തൃത്വം പരമ്പരാഗതമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഈ ദൈവശ്വാസീയ ഗ്രന്ഥകാരന്‍ മോശെയാണെന്നുള്ളതിനു പ്രധാനമായും രണ്ടുകാരണങ്ങളുണ്ട്. ഒന്ന് പുറപ്പാട് പുസ്തകം തന്നെ മോശെയുടെ എഴുത്തിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു.
പുറപ്പാട് 34:27 ല്‍ “ഇതു എഴുതുക” എന്ന് മോശെയോട് ദൈവം കല്പിക്കുന്നു. മറ്റൊരു ഭാഗത്ത് “മോശെ ദൈവത്തിന്‍റെ സകലവചനങ്ങളും എഴുതിതീര്‍ന്ന ശേഷം” എന്ന് പറഞ്ഞിരിക്കുന്നു. (24:4). ഈ വാക്യങ്ങള്‍പ്രകാരം പുറപ്പാട് പുസ്തകം മോശെയുടെ രചനയാണെന്ന് ന്യായമായും അനുമാനിക്കാം രണ്ടാമതായി പുറപ്പാട് പുസ്തകത്തിലെ പല സംഭവങ്ങളിലും മോശെയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അല്ലെങ്കില്‍ താന്‍ ആ സംഭവങ്ങളെ വ്യക്തമായി നിരീക്ഷിച്ചിരുന്നു എന്ന് മനസ്സിലാക്കാം ഫറവോ രാജാവിന്‍റെ കൊട്ടാരത്തിലായിരുന്നപ്പോള്‍ തനിക്കു ലഭിച്ച ഉയര്‍ന്ന വിദ്യാഭ്യാസം മോശെയെ നല്ലൊരു എഴുത്തുകാരനാക്കി മാറ്റിയിരുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു 1446 - 1405.
ഈ കാലഘട്ടത്തിലാണ് യിസ്രായേല്‍ജനത അവിശ്വാസം നിമിത്തം നാല്പതു സംവത്സരം മരുഭൂമിയില്‍ ഉഴലുകയുണ്ടായത്. ഈ സമയത്തായിരിക്കാം പുസ്തക രചന നടന്നിരിക്കുക.
സ്വീകര്‍ത്താവ്
പുറപ്പാടിലൂടെ വിടുവിക്കപ്പെട്ട ജനം. ഈജിപ്തില്‍ നിന്നും നയിക്കപ്പെട്ട് സീനായില്‍ എത്തിയ ജനതക്ക് വേണ്ടിയാണ് മോശെ ഈ പുസ്തകം എഴുതിയത്.
ഉദ്ദേശം
യഹോവയുടെ സമൂഹമായി ഉടമ്പടി പ്രകാരമുള്ള ദൈവത്തിന്‍റെ ജനമായി യിസ്രായേല്‍മാറ്റപ്പെട്ടത് എപ്രകാരമാണ് എന്നുള്ള വസ്തുതകളാണ് മോശെ ഇവിടെ വിവരിക്കുന്നത്. യിസ്രായേലിനോട് ഉടമ്പടി ചെയ്ത രക്ഷകനും വിശ്വസ്തനും സര്‍വശക്തനും പരിശുദ്ധനുമായ ദൈവത്തിന്‍റെ വ്യക്തിത്വത്തെയാണ് പുറപ്പാടു പുസ്തകം നിര്‍വചിക്കുന്നത്. ദൈവിക സ്വഭാവത്തെ അവന്‍റെ നാമത്തിലൂടെയും പ്രവര്‍ത്തികളിലൂടെയും വിവക്ഷിച്ചിരിക്കുന്നു, മാത്രമല്ല ഈജിപ്ത്തിന്‍റെ അടിമത്തത്തില്‍ നിന്നും അബ്രാഹാമിന്‍റെ സന്തതിയെ രക്ഷിക്കുക വഴി ദൈവം അബ്രാഹാമിന് കൊടുത്ത ഉടമ്പടിയെ നിവര്‍ത്തിക്കുകയായിരുന്നു എന്നും മനസ്സിലാക്കാം (ഉല്പ. 15:12-16). ഇത് ഒരു കുടുംബം തെരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രം ആയി തീര്‍ന്നതിന്റെ ചരിത്രമാണ്. (2:24; 6:5; 12:37).
ഏകദേശം ഇരുപതോ മുപ്പതോ ദശലക്ഷം വരുന്ന എബ്രായരാണ് ഈജിപ്തില്‍ നിന്നും കനാനിലേക്ക് പുറപ്പെട്ടത്.
പ്രമേയം
വിമോചനം
സംക്ഷേപം
ആമുഖം
1. ആമുഖം — 1:1-2:25
2. ഇസ്രായേലിന്റെ വിമോചനം — 3:1-18:27
3. സീനയ്മലയില്‍വച്ച് ഉടമ്പടി നല്‍കപ്പെടുന്നു — 19:1-24:18
4. സമാഗമനകൂടാരം — 25:1-31:18
5. മത്സരം നിമിത്തം ദൈവത്തില്‍നിന്നും അകലുന്നു — 32:1-34:35
6. സമാഗമനകൂടാരത്തിന്റെ സജ്ജീകരണങ്ങള്‍ — 35:1-40:38
1
1 യാക്കോബിനോടുകൂടെ കുടുംബസഹിതം ഈജിപ്റ്റിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ:
2 രൂബേൻ, ശിമെയോൻ, ലേവി,
3 യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ
4 ദാൻ, നഫ്താലി, ഗാദ്, ആശേർ.
5 യാക്കോബിന്റെ സന്താനപരമ്പരകൾ എല്ലാംകൂടി എഴുപത് പേർ ആയിരുന്നു; യോസേഫ് മുമ്പെ തന്നെ ഈജിപ്റ്റിൽ ആയിരുന്നു.
6 പിന്നീട് യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.
7 യിസ്രായേൽ മക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.
8 അതിനുശേഷം യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്റ്റിൽ ഉണ്ടായി.
9 അവൻ തന്റെ ജനത്തോട്: “യിസ്രായേൽജനം നമ്മെക്കാൾ ശക്തരും എണ്ണത്തിൽ അധികവും ആകുന്നു.
10 ഈ നിലയിൽ വർദ്ധിച്ചിട്ട് ഒരു യുദ്ധം ഉണ്ടായാൽ, നമ്മുടെ ശത്രുക്കളോട് ചേർന്ന് നമ്മോടു യുദ്ധം ചെയ്യുകയും ഈ രാജ്യം വിട്ടു പോകുകയും ചെയ്യും. അങ്ങനെ വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിപൂർവം പെരുമാറുക”.
11 അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെ മേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, രമെസേസ് എന്ന ധാന്യസംഭരണനഗരങ്ങൾ ഫറവോന് പണിതു.
12 എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം വർദ്ധിച്ച് ദേശമെല്ലായിടവും വ്യാപിച്ചു; അതുകൊണ്ട് ഈജിപ്റ്റുകാർ യിസ്രായേൽ മക്കൾ നിമിത്തം പേടിച്ചു.
13 ഈജിപ്റ്റുകാർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
14 കളിമണ്ണുകൊണ്ടുള്ള ഇഷ്ടിക നിർമ്മാണത്തിലും, വയലിലെ എല്ലാവിധ കഠിനപ്രവർത്തിയിലും അവർ അവരുടെ ജീവനെ കയ്പാക്കി. അവർ ചെയ്ത എല്ലാ ജോലിയും കാഠിന്യം ഉള്ളതായിരുന്നു.
15 എന്നാൽ ഈജിപ്റ്റിലെ രാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായ സൂതികർമ്മിണികളോട്:
16 “എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന് ചെന്ന് പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ” എന്നു കല്പിച്ചു.
17 എന്നാൽ സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെട്ടു, ഈജിപ്റ്റ് രാജാവ് തങ്ങളോട് കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
18 അപ്പോൾ ഈജിപ്റ്റിലെ രാജാവ് സൂതികർമ്മിണികളെ വരുത്തി; “ഇങ്ങനെയുള്ള പ്രവൃത്തിചെയ്ത് നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.
19 സൂതികർമ്മിണികൾ ഫറവോനോട്: “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെ അല്ല; അവർ നല്ല ശക്തിയുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവർ പ്രസവിച്ചുകഴിയും” എന്നു പറഞ്ഞു.
20 അതുകൊണ്ട് ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ച് ഏറ്റവും ബലപ്പെട്ടു.
21 സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെടുന്നത് കൊണ്ട് അവൻ അവർക്ക് കുടുംബവർദ്ധന നല്കി.
22 പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: “ജനിക്കുന്ന ഏത് ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയണമെന്നും ഏത് പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കണം” എന്നും കല്പിച്ചു.