3
വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.
യഹോവേ, ഞാൻ അങ്ങയെക്കുറിച്ച് കേട്ട് ഭയപ്പെട്ടുപോയി;
യഹോവേ, വർഷങ്ങൾ കഴിയുംമുമ്പ് അങ്ങയുടെ പ്രവൃത്തിയെ ജീവിപ്പിക്കണമേ;
ഈ നാളുകളിൽ അതിനെ വെളിപ്പെടുത്തണമേ;
ക്രോധത്തിൽ കരുണ ഓർക്കണമേ.
ദൈവം തേമാനിൽ*നിന്നും
പരിശുദ്ധൻ പാരൻ പർവ്വതത്തിൽനിന്നും വരുന്നു.
സേലാ.
ദൈവത്തിന്റെ പ്രഭ ആകാശത്തെ മൂടുന്നു;
ദൈവത്തിന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായിവരുന്നു;
കിരണങ്ങൾ ദൈവത്തിന്റെ അടുത്തുനിന്ന് പുറപ്പെടുന്നു;
അവിടെ ദൈവത്തിന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
മഹാവ്യാധി ദൈവത്തിന്റെ മുമ്പിൽ നടക്കുന്നു;
പകർച്ചവ്യാധി ദൈവത്തിന്റെ പിന്നാലെ ചെല്ലുന്നു.
ദൈവം ഭൂമിയെ കുലുക്കുന്നു;
ദൈവം നോക്കി ജാതികളെ ചിതറിക്കുന്നു;
ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു;
പുരാതനഗിരികൾ വണങ്ങി വീഴുന്നു;
ദൈവം പുരാതന പാതകളിൽ നടക്കുന്നു.
ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു;
മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറയ്ക്കുന്നു.
യഹോവ നദികളോട് നീരസപ്പെട്ടിരിക്കുന്നുവോ?
അങ്ങയുടെ കോപം നദികളുടെ നേരെ വരുന്നുവോ?
അങ്ങ് കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുകയാൽ
അങ്ങയുടെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
അവിടുന്ന് വില്ല് പുറത്തെടുത്ത് ഞാണിൽ അമ്പ് തൊടുത്തിരിക്കുന്നു.
വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു.
സേലാ.
അങ്ങ് ഭൂമിയെ നദികളാൽ പിളർക്കുന്നു.
10 പർവ്വതങ്ങൾ അങ്ങയെ കണ്ട് വിറയ്ക്കുന്നു;
വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു;
ആഴി ശബ്ദം പുറപ്പെടുവിക്കുന്നു;
ഉയരത്തിലേക്ക് തിര ഉയർത്തുന്നു§.
11 അങ്ങയുടെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിലും
മിന്നിപ്രകാശിക്കുന്ന കുന്തത്തിന്റെ ശോഭയിലും
സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.
12 ക്രോധത്തോടെ അങ്ങ് ഭൂമിയിൽ ചവിട്ടുന്നു;
കോപത്തോടെ ജനതകളെ മെതിക്കുന്നു.
13 അങ്ങയുടെ ജനത്തിന്റെയും
അങ്ങയുടെ അഭിഷിക്തന്റെയും രക്ഷക്കായിട്ട് അങ്ങ് പുറപ്പെടുന്നു;
അങ്ങ് ദുഷ്ടന്റെ വീടിന്റെ മുകൾഭാഗം തകർത്ത്,
അടിസ്ഥാനം മുഴുവനും അനാവൃതമാക്കി.
സേലാ.
14 അങ്ങ് അവന്റെ കുന്തങ്ങൾകൊണ്ട് അവന്റെ യോദ്ധാക്കളുടെ നായകന്മാരുടെ തല* കുത്തിത്തുളക്കുന്നു;
എന്നെ ചിതറിക്കേണ്ടതിന് അവർ ചുഴലിക്കാറ്റുപോലെ വരുന്നു;
എളിയവനെ മറവിൽവച്ച് വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.
15 അങ്ങയുടെ കുതിരകളോടുകൂടി അങ്ങ് സമുദ്രത്തിൽ,
പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു.
16 ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി,
ആ ശബ്ദം കാരണം എന്റെ അധരം വിറച്ചു;
അവൻ ജനത്തെ ആക്രമിക്കുവാൻ പുറപ്പെടുമ്പോൾ
കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട്
എന്റെ അസ്ഥികൾ ഉരുകി,
ഞാൻ നിന്ന നിലയിൽ വിറച്ചുപോയി.
17 അത്തിവൃക്ഷം തളിർക്കുകയില്ല;
മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല;
ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായിപ്പോകും;
നിലങ്ങൾ ആഹാരം വിളയിക്കുകയില്ല;
ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും;
ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല.
18 എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;
എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
19 യഹോവയായ കർത്താവ് എന്റെ ബലം ആകുന്നു;
കർത്താവ് എന്റെ കാൽ പേടമാൻ കാലുപോലെ ആക്കുന്നു;
ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.
സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ.
* 3:3 തേമാനിൽ യെഹൂദക്ക് തെക്കായി സ്ഥിതിചെയ്തിരുന്ന ഏദോം രാജ്യത്തിലെ ഒരു ജില്ല 3:3 പാരൻ സീനായിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുകിടന്നിരുന്ന ഊഷര പ്രദേശം 3:6 കുലുക്കുന്നു അളക്കുന്നു § 3:10 ഉയരത്തിലേക്ക് തിര ഉയർത്തുന്നു ഉയരത്തിലേക്ക് കൈ ഉയർത്തുന്നു * 3:14 നായകന്മാരുടെ തല അവന്റെ തല