11
എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു ശിഖരം ഫലം കായിക്കും. അവന്റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്റെയും ആത്മാവ്, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ. അവന്റെ ആനന്ദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ട് കാണുന്നതുപോലെ ന്യായപാലനം ചെയ്യുകയില്ല; ചെവികൊണ്ട് കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല. അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധി കല്പിക്കുകയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും. ചെന്നായ് കുഞ്ഞാടിനോടുകൂടി പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടി കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും. പശു കരടിയോടുകൂടി മേയും; അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിനു മുകളിൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. സമുദ്രം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല. 10 ആ നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും. 11 ആ നാളിൽ കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും* വീണ്ടുകൊള്ളുവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. 12 അവൻ ജനതകൾക്ക് ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ പുറത്താക്കപ്പെട്ടവരെ ചേർക്കുകയും യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാല് ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും. 13 എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദായെ എതിരിടുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല. 14 അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും; അമ്മോന്യർ അവരെ അനുസരിക്കും. 15 യഹോവ ഈജിപ്റ്റുകടലിന്റെ നാവിനു ഉന്മൂലനാശം വരുത്തും; അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടി നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ച് ഏഴു കൈവഴികളാക്കി മനുഷ്യരെ ചെരിപ്പു നനയാതെ കടക്കുമാറാക്കും. 16 ഈജിപ്റ്റിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിന് ഉണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്ന് അവിടുത്തെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന് ഒരു പ്രധാനപാത ഉണ്ടാകും.
* 11:11 സമുദ്രത്തിലെ ദ്വീപുകളിൽനിന്നും പുരാതന ചരിത്രത്തില്‍ സമുദ്രത്തിലെ ദ്വീപുകള്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ദൂരെയുള്ള രാജ്യങ്ങളെയാണ് 11:15 ഈജിപ്റ്റുകടലിന്റെ നാവിനു ഈജിപ്തിലെ കടലിടുക്ക് (ന്യൂ കിംഗ് ജെയിംസ് വേർഷൻ). 11:16 പ്രധാനപാതരാജപാത, പ്രധാനപാത, പെരുവഴി, പ്രധാനവഴി.