63
ഏദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയിൽനിന്നു വരുന്നോരിവൻ ആര്? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്നോരിവൻ ആര്? “നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിക്കുവാൻ വല്ലഭനുമായ ഞാൻ തന്നെ”. നിന്റെ ഉടുപ്പ് ചുവന്നിരിക്കുന്നതെന്ത്? നിന്റെ വസ്ത്രം മുന്തിരിച്ചക്ക് ചവിട്ടുന്നവന്റേതുപോലെ ആയിരിക്കുന്നതെന്ത്? “ഞാൻ ഏകനായി മുന്തിരിച്ചക്ക് ചവിട്ടി; ജനതകളിൽ ആരും എന്നോടുകൂടി ഉണ്ടായിരുന്നില്ല; എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തിൽ തെറിച്ചു; എന്റെ ഉടുപ്പെല്ലാം മലിനമായിരിക്കുന്നു. ഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്റെ വിമുക്തന്മാരുടെ* സംവത്സരം വന്നിരുന്നു. ഞാൻ നോക്കി എങ്കിലും സഹായിക്കുവാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണയ്ക്കുവാൻ ആരെയും കണ്ടില്ല; അതുകൊണ്ട് എന്റെ ഭുജം തന്നെ എനിക്ക് രക്ഷവരുത്തി; എന്റെ ക്രോധം തന്നെ എനിക്ക് തുണനിന്ന്. ഞാൻ എന്റെ കോപത്തിൽ ജനതകളെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മത്തുപിടിപ്പിച്ചു, അവരുടെ രക്തം ഞാൻ നിലത്തു വീഴ്ത്തിക്കളഞ്ഞു”. യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവിടുത്തെ കരുണയ്ക്കും മഹാദയയ്ക്കും ഒത്തവണ്ണം അവിടുന്ന് യിസ്രായേൽ ഗൃഹത്തിനു കാണിച്ച വലിയ നന്മയെയും കീർത്തിക്കും. “അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾതന്നെ” എന്നു പറഞ്ഞ് അവിടുന്ന് അവർക്ക് രക്ഷിതാവായിത്തീർന്നു. അവരുടെ കഷ്ടതയിൽ എല്ലാം അവിടുന്ന് കഷ്ടപ്പെട്ടു; അവിടുത്തെ സന്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവിടുന്ന് അവരെ വീണ്ടെടുത്തു; പുരാതനകാലത്തെല്ലാം അവിടുന്ന് അവരെ ചുമന്നുകൊണ്ടു നടന്നു. 10 എന്നാൽ അവർ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ട് അവൻ അവർക്ക് ശത്രുവായിത്തീർന്നു താൻതന്നെ അവരോടു യുദ്ധംചെയ്തു. 11 അപ്പോൾ അവന്റെ ജനം മോശെയുടെ കാലമായ പുരാതന കാലം ഓർത്തു പറഞ്ഞത്§: അവരെ തന്റെ ആടുകളുടെ ഇടയനോടുകൂടി സമുദ്രത്തിൽനിന്നു കരേറുമാറാക്കിയവൻ എവിടെ? അവരുടെ ഉള്ളിൽ തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവൻ എവിടെ? 12 തന്റെ മഹത്ത്വമുള്ള ഭുജംകൊണ്ട് മോശെയുടെ വലംകൈയാൽ അവരെ നടത്തിയവൻ തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിനു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കുകയും 13 അവർ ഇടറാത്തവിധം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളിൽകൂടി നടത്തുകയും ചെയ്തവൻ എവിടെ? 14 താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവ് അവരെ വിശ്രമിക്കുമാറാക്കി; അങ്ങനെ നീ നിനക്ക് മഹത്ത്വമുള്ള ഒരു നാമം ഉണ്ടാക്കേണ്ടതിനു നിന്റെ ജനത്തെ നടത്തി. 15 സ്വർഗ്ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്ത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കണമേ! നിന്റെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോട് കാണിക്കാത്തവിധം നീ അടക്കിവച്ചിരിക്കുന്നു. 16 നീയല്ലയോ ഞങ്ങളുടെ പിതാവ്; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേൽ ഞങ്ങളെ തിരിച്ചറിയുന്നതുമില്ല*; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം. 17 യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാത്തവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്ത്? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാർനിമിത്തം മടങ്ങിവരേണമേ. 18 നിന്റെ വിശുദ്ധജനത്തിനു അല്പകാലത്തേക്ക് മാത്രം കൈവശമായ ശേഷം നിന്റെ വിശുദ്ധമന്ദിരത്തെ ഞങ്ങളുടെ വൈരികൾ ചവിട്ടിക്കളഞ്ഞു. 19 ഞങ്ങൾ ഇതാ, നീ ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീർന്നിരിക്കുന്നു.
* 63:4 വിമുക്തന്മാരുടെ വീണ്ടെടുക്കപ്പെട്ടവരുടെ എന്നുമാകാം. 63:9 സന്മുഖദൂതൻദൈവസന്നിധിയിൽ നിൽക്കുന്ന ദൂതൻ. 63:11 അവന്റെ അവന്‍ അല്ലെങ്കില്‍ ദൈവം § 63:11 പുരാതന കാലം ഓർത്തു പറഞ്ഞത് പുരാതന കാലം മുതല്‍ക്കേ ഞങ്ങള്‍ അങ്ങയുടെതാണ് * 63:16 തിരിച്ചറിയുന്നതുമില്ല അംഗീകരിക്കുന്നതുമില്ല എന്നും ഉണ്ട്. 63:19 ഞങ്ങൾ ഇതാ, നീ ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീർന്നിരിക്കുന്നു. ഞങ്ങൾ പുരാതന കാലം മുതല്‍ക്കേ നിന്റെതാണ്