യോശുവ
ഗ്രന്ഥകര്‍ത്താവ്
യോശുവയുടെ പുസ്തകം എഴുത്തുകാരനെ സ്പഷ്ടമാക്കുന്നില്ല. നുന്റെ മകനായ യോശുവ എന്നതിനെക്കാൾ മോശെയുടെ പിൻഗാമിയും യിസ്രായേലിന്‍റെ നേതാവ് എന്ന നിലയിലുമാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്. ശേഷമുള്ള പലഭാഗങ്ങളും യോശുവയുടെ മരണശേഷം മറ്റൊരു വ്യക്തിയായിരിക്കാം എഴുതിയിട്ടുള്ളത്. യോശുവയുടെ മരണത്തെ തുടർന്ന് പലഭാഗങ്ങളിലും പുനക്രമീകരങ്ങള് നടത്തിയിട്ടുണ്ട്. മോശെയുടെ നിര്യാണം മുതൽ യോശുവയുടെ നേതൃത്വത്തിൽ കനാന്‍ കീഴടക്കുന്നത് വരെയുള്ള ചരിത്രമാണ് ഈ പുസ്തകത്തിന് ഇതിവൃത്തം.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി, മു. 1,405 - 1,385.
ഒരുപക്ഷേ കനാൻ നാട് കീഴടക്കപ്പെട്ടതിനുശേഷം ആയിരിക്കാം ഈ പുസ്തകം എഴുതപ്പെട്ടത്.
സ്വീകര്‍ത്താവ്
യിസ്രായേൽ ജനത്തിനും, വരുവാനിരിക്കുന്ന തലമുറകൾക്കും വേണ്ടിയാണ് യോശുവ എഴുതിയത്.
ഉദ്ദേശം
ദൈവം വാഗ്ദത്തം ചെയ്ത ദേശത്ത് യിസ്രായേൽജനം നടത്തിയ യുദ്ധങ്ങളെ കുറിച്ചുള്ള ചരിത്ര വിവരണമാണ് ഈ പുസ്തകം നൽകുന്നത്. ഈജിപ്തിൽ നിന്നുള്ളപുറപ്പാടിനെ തുടർന്ന് 40 വർഷത്തെ മരുഭൂ പ്രണയപ്രയാണം ശേഷം വാഗ്ദത്തദേശത്തേക്ക് പ്രവേശിച്ചു അവിടുത്തെ ജനത്തെ തോൽപ്പിച്ച് ദേശം കൈവശമാക്കുവാന്‍ തയ്യാറെടുക്കുന്ന യിസ്രായേൽ ജനത. എപ്രകാരമാണ് തിരെഞ്ഞെടുക്കപ്പെട്ട ദൈവജനം ഉടമ്പടിയുടെ കീഴില്‍ വാഗ്ദത്തദേശത്ത് സ്ഥാപിക്കപ്പെട്ടത്. പൂർവികർക്കും സീനായ് പര്‍വ്വതത്തില്‍ വച്ച് ജനതക്കും നല്കപ്പെട്ട തൻറെ വാഗ്ദത്തത്തിന്മേലുള്ള യഹോവയുടെ വിശ്വസ്തതയുടെ രേഖയാണ് ഈ പുസ്തകം. ദൈവജനത്തിന് ഉടമ്പടിയോടുള്ള സമർപ്പണവും, കൂറും ഐക്യതയും, ഉയർന്ന ധാർമികതയും വരും തലമുറയ്ക്ക് പകർന്നുകൊടുക്കാൻ പ്രാപ്തരാക്കുന്നു.
പ്രമേയം
കീഴടക്കല്‍
സംക്ഷേപം
1. വാഗ്ദത്ത നാട്ടിലേക്കുള്ള പ്രവേശനം — 1:1-5:12
2. ദേശം കൈവശമാക്കും — 5:13-12:24
3. ദേശം വിഭജിക്കുന്നു — 13:1-21:45
4. ഗോത്രങ്ങളുടെ ഐക്യവും ദൈവത്തോടുള്ള കൂറും — 22:1-24:33
1
1 യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂനിന്റെ മകനും മോശെയുടെ ശുശ്രൂഷകനുമായ യോശുവയോടു അരുളിച്ചെയ്തത്:
2 എന്‍റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ട് ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുക്കുന്ന ദേശത്തേക്ക് യോർദ്ദാൻ കടന്നുപോകുവിൻ.
3 ഞാൻ മോശെയോട് കല്പിച്ചതുപോലെ, നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും നിങ്ങൾക്ക് തന്നിരിക്കുന്നു.
4 നിങ്ങളുടെ അതിരുകൾ മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെയും ആയിരിക്കും.
5 നിന്‍റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്റെനേരെ നില്‍ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
6 ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്ക് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും.
7 നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക. എന്‍റെ ദാസനായ മോശെ നിന്നോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ച് നടക്കേണം. ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന് അത് വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.
8 ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളത് നിന്‍റെ വായിൽനിന്ന് നീങ്ങിപ്പോകരുത്. അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ച് നടക്കേണ്ടതിന് നീ രാവും പകലും അത് ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്‍റെ പ്രവൃത്തി സാധിക്കും. നീ കൃതാർഥനായും ഇരിക്കും.
9 നിന്‍റെ ദൈവമായ യഹോവ നീ പോകുന്ന ഇടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് ഞാൻ തന്നെ നിന്നോട് കല്പിച്ചുവല്ലോ.
10 അപ്പോൾ യോശുവ ജനത്തിന്‍റെ പ്രമാണികളോട് കല്പിച്ചത്:
11 “നിങ്ങൾ പാളയത്തിൽകൂടി കടന്ന് ജനത്തോട് പറയേണ്ടത്: ‘ഭക്ഷണസാധനങ്ങൾ ഒരുക്കിക്കൊൾവീൻ. ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന് നിങ്ങൾ മൂന്നുദിവസം കഴിഞ്ഞിട്ട് യോർദ്ദാൻ കടക്കേണ്ടതാകുന്നു’ ”.
12 പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞത് എന്തെന്നാൽ:
13 “യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് സ്വസ്ഥത നല്കി ഈ ദേശം തന്നിരിക്കുന്നു.
14 നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും യോർദ്ദാനിക്കരെ മോശെ നിങ്ങൾക്ക് തന്നിട്ടുള്ള ദേശത്ത് വസിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെന്ന് അവരെ സഹായിക്കണം.
15 യഹോവ നിങ്ങൾക്കും നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്ക് കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കണം; അതിന്‍റെശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്ക് യോർദ്ദാനിക്കരെ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശദേശത്തേക്ക് മടങ്ങിവന്ന് അത് അനുഭവിച്ചുകൊള്ളേണം”.
16 അവർ യോശുവയോട്: “നീ ഞങ്ങളോട് കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും.
17 ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്‍റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കട്ടെ.
18 ആരെങ്കിലും നിന്‍റെ കല്പനകളോട് മത്സരിക്കയും നിന്‍റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവും ഉള്ളവനായി ഇരുന്നാലും” എന്ന് ഉത്തരം പറഞ്ഞു.