18
അനന്തരം യിസ്രായേൽ മക്കൾ ശീലോവിൽ ഒന്നിച്ചുകൂടി, അവിടെ സമാഗമനകൂടാരം സ്ഥാപിച്ചു; ദേശം അവർ കീഴടക്കിയിരുന്നു. എന്നാൽ യിസ്രായേൽ മക്കളിൽ അവകാശം ഭാഗിച്ച് കിട്ടാതിരുന്ന ഏഴ് ഗോത്രങ്ങൾ ശേഷിച്ചിരുന്നു. യോശുവ യിസ്രായേൽ മക്കളോട് പറഞ്ഞത്: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ദേശം കൈവശമാക്കുന്നതിൽ നിങ്ങൾ എത്രത്തോളം അലസരായിരിക്കും? ഓരോ ഗോത്രത്തിൽനിന്ന് മൂന്നു പേരെ വീതം നിയമിപ്പീൻ; അവർ ദേശം ചുറ്റിനടന്ന് തങ്ങൾക്ക് അവകാശമായി കിട്ടേണ്ട ഭൂമി സംബന്ധിച്ചുള്ള വിവരങ്ങളുമായി എന്റെ അടുക്കൽ മടങ്ങിവരേണം. യെഹൂദാഗോത്രം ദേശത്തിന്റെ തെക്കുഭാഗത്തും യോസേഫ് ഗോത്രം വടക്കു ഭാഗത്തും പാർത്തുകൊള്ളട്ടെ; ശേഷിക്കുന്ന ദേശം ഏഴായി ഭാഗിക്കേണം നിങ്ങൾ ദേശം ഏഴു ഭാഗമായി വിഭാഗിച്ച രേഖ എന്റെ അടുക്കൽ കൊണ്ടുവരുവിൻ. ഞാൻ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് നിങ്ങൾക്കുവേണ്ടി ചീട്ടിടും. ലേവ്യർക്ക് നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ല; യഹോവയുടെ പൗരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും അവരുടെ അവകാശം യോർദ്ദാന് കിഴക്ക് യഹോവയുടെ ദാസനായ മോശെ പറഞ്ഞതുപോലെ വാങ്ങിയിരിക്കുന്നു. അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു. “നിങ്ങൾ ദേശത്തുകൂടി സഞ്ചരിച്ച് അവകാശഭൂമിയെപ്പറ്റി വിവരങ്ങളുമായി ശീലോവിൽ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന് മടങ്ങിവരികയും ചെയ്‌വിൻ” എന്ന് യോശുവ അവരോട് പറഞ്ഞിരുന്നു. അവർ ദേശം ചുറ്റി സഞ്ചരിച്ച് പട്ടണങ്ങളുടെ വിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്ക് മടങ്ങിവന്നു. 10 യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ച് അവർക്ക് വേണ്ടി ചീട്ടിട്ടു; അവിടെവെച്ച് യോശുവ യിസ്രായേൽ മക്കൾക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചു കൊടുത്തു.
11 ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി നറുക്കു വീണു; അവരുടെ അവകാശദേശത്തിന്റെ അതിർ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ ആയിരുന്നു. 12 അവരുടെ വടക്കെ അതിർ യോർദ്ദാനിൽ തുടങ്ങി യെരിഹോവിന്റെ പാർശ്വംവരെ ചെന്ന് പടിഞ്ഞാറോട്ട് മലനാട്ടിൽകൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിൽ അവസാനിക്കുന്നു. 13 അവിടെനിന്ന് ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്ന് താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്ക് ഇറങ്ങുന്നു. 14 പിന്നെ ആ അതിർ വളഞ്ഞ് പടിഞ്ഞാറെ വശത്ത് ബേത്ത്-ഹോരോന് എതിരെയുള്ള മല മുതൽ തെക്കോട്ട് തിരിഞ്ഞ് യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലയിൽ അവസാനിക്കുന്നു. ഇതുതന്നെ പടിഞ്ഞാറെ അതിർ. 15 തെക്കെ അതിർ കിര്യത്ത്-യെയാരീമിന്റെ സമീപത്ത് നിന്ന് തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹ ഉറവുവരെ ചെല്ലുന്നു. 16 പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്വരക്കെതിരെയും രെഫയീം താഴ്‌വരയുടെ വടക്കുവശത്തുള്ള മലയുടെ അറ്റംവരെ ചെന്ന് ഹിന്നോം താഴ്‌വരയിൽ കൂടെ തെക്കോട്ട് യെബൂസ്യപർവ്വതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി 17 വടക്കോട്ട് തിരിഞ്ഞ് ഏൻ-ശേമെശിലേക്കും അദുമ്മീം കയറ്റത്തിനെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി 18 അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്ക് കടന്ന് അരാബയിലേക്ക് ഇറങ്ങുന്നു. 19 പിന്നെ ആ അതിർ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോർദ്ദാന്റെ നദീമുഖത്ത് ചാവുകടലിന്റെ വടക്കെ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കെ അതിർ. 20 കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതാകുന്നു ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ അതിരുകൾ. 21 എന്നാൽ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരിഹോ, ബേത്ത്-ഹൊഗ്ല, ഏമെക്-കെസീസ്, 22 ബേത്ത്-അരാബ, സെമറയീം, ബേഥേൽ, 23 അവ്വീം, പാര, ഒഫ്രെ, 24 കെഫാർ-അമ്മോനീ, ഒഫ്നി, ഗിബ; ഇങ്ങനെ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; 25 ഗിബെയോൻ, രാമ, ബെരോത്ത്, 26 മിസ്പെ, കെഫീര, മോസ, 27 രേക്കെം, യിർപ്പേൽ, തരല, 28 സേല, ഏലെഫ്, യെരൂശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. ഇതാകുന്നു ബെന്യാമീൻ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശം.