18
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; നിങ്ങൾ പാർത്തിരുന്ന ഈജിപ്റ്റിലെ നടപ്പുപോലെ നിങ്ങൾ നടക്കരുത്; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുത്; അവരുടെ ചട്ടങ്ങളിൽ നിങ്ങൾ നടക്കുകയുമരുത്. എന്റെ വിധികളെ അനുസരിച്ച് എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.
“ ‘നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാൻ* തക്കവണ്ണം അവരോട് അടുക്കരുത്; ഞാൻ യഹോവ ആകുന്നു. നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുത്. അവൾ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുത്. അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുത്; അത് നിന്റെ അപ്പന്റെ നഗ്നതയല്ലോ. അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; വീട്ടിൽ ജനിച്ചവരായാലും അന്യദേശത്ത് ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുത്. 10 നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുത്; അവരുടെ നഗ്നത നിന്റേത് തന്നെയല്ലോ. 11 നിന്റെ അപ്പനു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുത്; അവൾ നിന്റെ സഹോദരിയല്ലോ. 12 അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; അവൾ അപ്പന്റെ അടുത്ത ചാർച്ചക്കാരത്തിയല്ലോ. 13 അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; അവൾ നിന്റെ അമ്മയുടെ അടുത്ത ചാർച്ചക്കാരത്തിയല്ലോ. 14 അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുത്; അവന്റെ ഭാര്യയോട് അടുക്കയുമരുത്; അവൾ നിന്റെ ഇളയമ്മയല്ലോ. 15 നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുത്; അവൾ നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുത്. 16 സഹോദരന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുത്; അത് നിന്റെ സഹോദരന്റെ നഗ്നതയല്ലോ. 17 ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുത്; അവളുടെ മകന്റെ മകളുടെയോ അല്ലെങ്കിൽ അവളുടെ മകളുടെ മകളുടെയോ നഗ്നത അനാവൃതമാക്കുമാറ് അവരെ പരിഗ്രഹിക്കരുത്: അവർ അടുത്ത ചാർച്ചക്കാരല്ലോ; അത് ദുഷ്കർമ്മം. 18 ഭാര്യ ജീവനോടിരിക്കുമ്പോൾ അവളെ ദുഃഖിപ്പിക്കുവാൻ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറ് അവളെക്കൂടി പരിഗ്രഹിക്കരുത്. 19 ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധയായിരിക്കുമ്പോൾ അവളുടെ നഗ്നത അനാവൃതമാക്കുമാറ് അവളോട് അടുക്കരുത്. 20 കൂട്ടുകാരന്റെ ഭാര്യയോടുകൂടി ശയിച്ച് അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുത്. 21 നിന്റെ സന്തതിയിൽ ഒന്നിനെയും മോലെക്കിന് അർപ്പിച്ച് നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു. 22 സ്ത്രീയോട് എന്നപോലെ പുരുഷനോടുകൂടി ശയിക്കരുത്; അത് മ്ലേച്ഛത. 23 യാതൊരു മൃഗത്തോടുംകൂടി ശയിച്ച് അതിനാൽ നിന്നെ അശുദ്ധനാക്കരുത്; യാതൊരു സ്ത്രീയും ഒരു മൃഗത്തോടുകൂടി ശയിക്കേണ്ടതിന് അതിന്റെ മുമ്പിൽ നില്‍ക്കുകയും അരുത്; അത് നികൃഷ്ടം.
24 “ ‘ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നെ അശുദ്ധരാക്കരുത്; ഞാൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്ന ജനതകൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. 25 ദേശവും അശുദ്ധമായിത്തീർന്നു; അതുകൊണ്ട് ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛർദ്ദിച്ചുകളയുന്നു. 26 ഈ മ്ലേച്ഛത സകലവും നിങ്ങൾക്ക് മുമ്പേ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായി തീർന്നു. 27 നിങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന ജനതകളെ ദേശം ഛർദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങൾ അതിനെ അശുദ്ധമാക്കിയിട്ടു നിങ്ങളെയും ഛർദ്ദിച്ചുകളയാതിരിക്കുവാൻ നിങ്ങൾ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കണം; 28 ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുത്. 29 ആരെങ്കിലും ഈ സകലമ്ലേച്ഛതകളിൽ ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയണം. 30 ആകയാൽ നിങ്ങൾക്ക് മുമ്പ് നടന്ന ഈ മ്ലേച്ഛമായ ആചാരങ്ങളിൽ യാതൊന്നും ചെയ്യാതെയും അവയാൽ നിങ്ങളെത്തന്നെ അശുദ്ധരാകാതെയും ഇരിക്കുവാൻ നിങ്ങൾ എന്റെ കൽപ്പനകൾ പ്രമാണിക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു’ ”.
* 18:6 അനാവൃതമാക്കുവാൻ നഗ്നമാക്കുക.