110
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്:
“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം
നീ എന്റെ വലത്തുഭാഗത്തിരിക്കുക”.
നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും;
നീ നിന്റെ ശത്രുക്കളുടെ മദ്ധ്യത്തിൽ വാഴുക.
നീ സേനാദിവസം നിന്റെ ജനം സ്വമേധയാ നിനക്ക് വിധേയപ്പെട്ടിരിക്കും;
വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടി ഉഷസ്സിന്റെ ഉദരത്തിൽനിന്ന് പുറപ്പെടുന്ന
മഞ്ഞുപോലെ യുവാക്കൾ നിനക്കുവേണ്ടി പുറപ്പെട്ടുവരും.
“നീ മല്ക്കീസേദെക്കിന്റെ* ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ആകുന്നു”
എന്ന് യഹോവ സത്യംചെയ്തു; അതിന് മാറ്റമില്ല.
നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.
അവിടുന്ന് ജനതകളുടെ ഇടയിൽ ന്യായംവിധിക്കും;
അവൻ എല്ലാ സ്ഥലങ്ങളും ശവങ്ങൾകൊണ്ട് നിറയ്ക്കും;
അവിടുന്ന് അനേകം ദേശങ്ങളുടെ തലവന്മാരെ തകർത്തുകളയും.
അവിടുന്ന് വഴിയരികിലുള്ള അരുവിയിൽനിന്നു കുടിക്കും;
അതുകൊണ്ട് അവിടുന്ന് തല ഉയർത്തും.
* 110:4 മല്ക്കീസേദെക്കിന്റെ എബ്രായര്‍: 5:6, 6:20, 7:17, 21 നോക്കുക