16
തിമോത്തിയോസ് പൗലോസിനോടും ശീലാസിനോടും ചേരുന്നു
അദ്ദേഹം ദെർബ, ലുസ്ത്ര എന്നീ പട്ടണങ്ങളിൽ ചെന്നു. ലുസ്ത്രയിൽ തിമോത്തിയോസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അയാളുടെ അമ്മ (യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച) ഒരു യെഹൂദ വിശ്വാസിനിയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു. ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരങ്ങളുടെ ഇടയിൽ അയാൾ നല്ല സാക്ഷ്യമുള്ളവനായിരുന്നു. അയാളുംകൂടി പോരണമെന്ന് പൗലോസ് ആഗ്രഹിച്ചു. തിമോത്തിയോസിന്റെ പിതാവ് ഗ്രീക്കുകാരനെന്ന് ആ പ്രദേശത്തു താമസിച്ചിരുന്ന യെഹൂദർ എല്ലാവരും അറിഞ്ഞിരുന്നതുകൊണ്ട് പൗലോസ് അവരെ ഓർത്ത് അയാൾക്കു പരിച്ഛേദനം നടത്തി. അവർ പട്ടണംതോറും സഞ്ചരിക്കുകയും വിശ്വാസികൾ അനുവർത്തിക്കേണ്ടതിന് ജെറുശലേമിലുള്ള അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുംകൂടിയെടുത്ത തീരുമാനങ്ങൾ അവരെ ഏൽപ്പിക്കുകയും ചെയ്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെട്ടും എണ്ണത്തിൽ ദിനംപ്രതി വർധിച്ചുമിരുന്നു.
പൗലോസിന് മക്കദോന്യക്കാരനെക്കുറിച്ചുള്ള ദർശനം
പൗലോസും കൂടെയുള്ളവരുംകൂടി ഫ്രുഗ്യ, ഗലാത്യ എന്നീ പ്രദേശങ്ങളിലൂടെ യാത്രചെയ്തു; ഏഷ്യാപ്രവിശ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് അവരെ വിലക്കിയിരുന്നു. മുസ്യാപ്രവിശ്യയുടെ അതിർത്തിയിലെത്തിയ അവർ ബിഥുന്യാപ്രവിശ്യ ലക്ഷ്യമാക്കി യാത്രചെയ്തു; എന്നാൽ, യേശുവിന്റെ ആത്മാവ് അവിടെ പ്രവേശിക്കാൻ അവരെ അനുവദിച്ചില്ല. അതുകൊണ്ട് അവർ മുസ്യ കടന്ന് ത്രോവാസിൽ* എത്തി. രാത്രിയിൽ, “മക്കദോന്യയിലേക്കു വന്നു ഞങ്ങളെ സഹായിക്കണമേ” എന്ന് ഒരു മക്കദോന്യക്കാരൻ നിന്നു യാചിക്കുന്നതായി പൗലോസിന് ഒരു ദർശനമുണ്ടായി. 10 ദർശനത്തെത്തുടർന്ന്, മക്കദോന്യരോടു സുവിശേഷം പ്രസംഗിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് ഞങ്ങൾക്കു ബോധ്യമായി; അവിടേക്കു യാത്രതിരിക്കാൻ ഞങ്ങൾ ഉടനെ ഒരുങ്ങി.
ലുദിയായുടെ മാനസാന്തരം
11 ഞങ്ങൾ ത്രോവാസിൽനിന്ന് കപ്പലിൽ യാത്രചെയ്ത് നേരേ സമൊത്രെസ് ദ്വീപിലേക്കും പിറ്റേന്നാൾ നവപൊലിയിലേക്കും പോയി. 12 അവിടെനിന്നു ഫിലിപ്പിയയിലേക്ക് യാത്രചെയ്തു. അത് ഒരു റോമൻ കോളനിയും മക്കദോന്യപ്രവിശ്യയിലെ ഒരു പ്രമുഖ നഗരവും ആയിരുന്നു. അവിടെ ഞങ്ങൾ കുറെനാൾ താമസിച്ചു.
13 ശബ്ബത്തുദിവസത്തിൽ ഞങ്ങൾ നഗരകവാടത്തിനു പുറത്ത് പുഴവക്കത്ത് ചെന്നു. അവിടെ പ്രാർഥിക്കാൻ ഒരു സ്ഥലം കണ്ടെത്താമെന്നു ഞങ്ങൾ കരുതി. ഞങ്ങൾ അവിടെ ഇരുന്ന് പുഴവക്കത്തു കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. 14 കേട്ടുകൊണ്ടിരുന്നവരിൽ ലുദിയാ എന്നു പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. തുയഥൈരാപട്ടണക്കാരിയായ അവൾ ഊതനിറമുള്ള പട്ടുവസ്ത്രങ്ങൾ വിൽക്കുന്നവളും ദൈവഭക്തയുമായിരുന്നു. പൗലോസിന്റെ സന്ദേശം സ്വീകരിക്കാനായി കർത്താവ് അവളുടെ ഹൃദയം തുറന്നു. 15 അവളും കുടുംബാംഗങ്ങളും സ്നാനമേറ്റു. തുടർന്ന് ഞങ്ങളെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട്, “നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്തയെന്നു കരുതുന്നെങ്കിൽ വന്ന് എന്റെ വീട്ടിൽ താമസിക്കണം” എന്ന് ഞങ്ങളോട് നിർബന്ധപൂർവം അപേക്ഷിച്ചു.
പൗലോസും ശീലാസും കാരാഗൃഹത്തിൽ
16 ഒരിക്കൽ ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഒരു അടിമപ്പെൺകുട്ടിയെ കണ്ടു. അവളെ ഒരു ദുരാത്മാവ് ബാധിച്ചിരുന്നു; അതിന്റെ സഹായത്താൽ ഭാവി പ്രവചിച്ചുകൊണ്ട് അവൾ അവളുടെ യജമാനന്മാർക്കു ധാരാളം പണം സമ്പാദിച്ചുകൊടുക്കുന്നുണ്ടായിരുന്നു. 17 ഈ പെൺകുട്ടി പൗലോസിനെയും ഞങ്ങളെല്ലാവരെയും പിൻതുടരുകയും “ഈ മനുഷ്യർ പരമോന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്, രക്ഷപ്രാപിക്കാനുള്ള വഴി ഇവർ നിങ്ങൾക്കു പറഞ്ഞുതരുന്നു,” എന്നിങ്ങനെ വിളിച്ചുപറയുകയും ചെയ്തു. 18 അവൾ ഇക്കാര്യം കുറെനാൾ തുടർന്നു. ഒടുവിൽ, ശല്യം സഹിക്കവയ്യാതെ പൗലോസ് അവളുടെനേർക്കു തിരിഞ്ഞ്, അവളിൽ ആവസിച്ചിരുന്ന ആത്മാവിനോട്, “ഇവളിൽനിന്ന് പുറത്തുപോകാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ ആത്മാവ് അവളെ വിട്ടുപോയി.
19 തങ്ങളുടെ ധനാഗമമാർഗം നഷ്ടമായി എന്നു മനസ്സിലാക്കിയ ആ അടിമപ്പെൺകുട്ടിയുടെ യജമാനന്മാർ പൗലോസിനെയും ശീലാസിനെയും പിടികൂടി; അധികാരികളുടെമുമ്പിൽ നിർത്തേണ്ടതിനു ചന്തസ്ഥലത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. 20 അവരെ ന്യായാധിപന്മാരുടെമുമ്പിൽ കൊണ്ടുവന്ന്, “ഈ മനുഷ്യർ യെഹൂദന്മാരാണ്; 21 റോമാക്കാരായ നമുക്ക് അംഗീകരിക്കാനോ ആചരിക്കാനോ നിയമം അനുവദിക്കാത്ത സമ്പ്രദായങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഇവർ നഗരത്തിൽ കലക്കമുണ്ടാക്കുന്നു” എന്നു പറഞ്ഞു.
22 പൗലോസിനും ശീലാസിനും നേരേയുണ്ടായ അക്രമത്തിൽ പുരുഷാരവും കൂട്ടുചേർന്നു. അവരുടെ വസ്ത്രം ഉരിഞ്ഞ് അവരെ കോലുകൊണ്ട് അടിക്കാൻ ന്യായാധിപന്മാർ കൽപ്പന നൽകി. 23 അങ്ങനെ അവരെ ചമ്മട്ടികൊണ്ടു നിഷ്ഠുരമായി അടിപ്പിച്ചശേഷം കാരാഗൃഹത്തിലടയ്ക്കുകയും ജയിലധികാരിയോട് അവരെ ഭദ്രമായി സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. 24 ഉത്തരവു ലഭിച്ചതനുസരിച്ച്, അയാൾ അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി അവരുടെ കാൽ ആമത്തിലിട്ടു ബന്ധിച്ചു.
25 അർധരാത്രിയോടെ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തിനു സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തടവുകാർ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. 26 പെട്ടെന്ന്, ശക്തമായൊരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങി. ഉടൻതന്നെ, കാരാഗൃഹവാതിലുകൾ മലർക്കെ തുറന്നു. എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞു. 27 ജയിലധികാരി ഉണർന്നു; വാതിലുകൾ തുറന്നുകിടക്കുന്നതുകണ്ട്, തടവുകാർ രക്ഷപ്പെട്ടു എന്നു വിചാരിച്ച് വാൾ ഊരി തന്നെത്താൻ കൊല്ലാൻ ഭാവിച്ചു. 28 അപ്പോൾ പൗലോസ്, “താങ്കൾ ഒരു ദോഷവും ചെയ്യരുത്, ഞങ്ങളെല്ലാവരും ഇവിടെയുണ്ട്” എന്നു വിളിച്ചുപറഞ്ഞു.
29 അയാൾ, വിളക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അകത്തേക്ക് ഓടിച്ചെന്ന് വിറച്ചുകൊണ്ടു പൗലോസിന്റെയും ശീലാസിന്റെയും മുമ്പാകെ വീണു. 30 അവരെ പുറത്തു കൊണ്ടുവന്നിട്ട്, “യജമാനന്മാരേ, രക്ഷപ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന് അവരോടു ചോദിച്ചു.
31 അതിന് അവർ, “കർത്താവായ യേശുവിൽ വിശ്വസിക്കുക, എന്നാൽ നീ രക്ഷപ്രാപിക്കും—നീമാത്രമല്ല നിന്റെ കുടുംബവും” എന്ന് ഉത്തരം പറഞ്ഞു. 32 പിന്നീട് അവർ അയാളോടും അയാളുടെ കുടുംബത്തിലുള്ള എല്ലാവരോടും കർത്താവിന്റെ വചനം പ്രസംഗിച്ചു. 33 രാത്രിയുടെ ആ സമയത്തുതന്നെ അയാൾ പൗലോസിനെയും ശീലാസിനെയും കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകൾ കഴുകി. എത്രയുംവേഗം അയാളും കുടുംബത്തിലുള്ള എല്ലാവരും സ്നാനമേറ്റു. 34 ജയിലധികാരി അവരെ തന്റെ വീട്ടിൽ കൊണ്ടുചെന്ന് അവർക്കു സദ്യയൊരുക്കി. ദൈവത്തിൽ വിശ്വസിക്കാൻ കഴിഞ്ഞതിൽ, അയാൾ കുടുംബാംഗങ്ങൾ എല്ലാവരോടുംചേർന്ന് ആനന്ദിച്ചു.
35 നേരം പുലർന്നപ്പോൾ, ന്യായാധിപന്മാർ കാരാഗൃഹപ്രമാണിയുടെ അടുത്തേക്ക് സേവകരെ അയച്ചു, “ആ മനുഷ്യരെ വിട്ടയച്ചേക്കുക” എന്നു പറഞ്ഞു. 36 അയാൾ പൗലോസിനോടു പറഞ്ഞു, “താങ്കളെയും ശീലാസിനെയും ജയിൽമോചിതരാക്കാൻ ന്യായാധിപന്മാർ കൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കു പോകാൻ അനുവാദം ലഭിച്ചിരിക്കുന്നു. ഇപ്പോൾ സമാധാനത്തോടെ പോകുക.”
37 “റോമൻ പൗരന്മാരായ ഞങ്ങളെ വിസ്തരിക്കാതെ അവർ പരസ്യമായി അടിപ്പിക്കുകയും തടവിലാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ, രഹസ്യമായി ഞങ്ങളെ പറഞ്ഞയയ്ക്കുന്നോ? അങ്ങനെയല്ല; അവർതന്നെ വന്നു ഞങ്ങളെ പുറത്തുകൊണ്ടുപോകട്ടെ,” എന്നായിരുന്നു പൗലോസ് സേവകരോട് പറഞ്ഞത്.
38 സേവകർ ഈ കാര്യം ന്യായാധിപന്മാരെ അറിയിച്ചു; പൗലോസും ശീലാസും റോമൻ പൗരന്മാരെന്നു കേട്ടിട്ട് അവർ സംഭ്രമിച്ചു. 39 അവർ വന്ന് അവരെ സമാധാനിപ്പിച്ച് കാരാഗൃഹത്തിനു പുറത്തേക്ക് ആനയിച്ചുകൊണ്ട്, നഗരം വിട്ടുപോകണമെന്ന് അവരോടപേക്ഷിച്ചു. 40 കാരാഗൃഹത്തിൽനിന്ന് പുറത്തു വന്ന പൗലോസും ശീലാസും ലുദിയായുടെ വീട്ടിലേക്കു പോയി. അവിടെ അവർ സഹോദരങ്ങളെ കണ്ട് അവരെ ധൈര്യപ്പെടുത്തിയശേഷം മുന്നോട്ടു യാത്രയായി.
* 16:8 മുസ്യയിലെ തുറമുഖപട്ടണമാണ് ത്രോവാസ്.