23
യഹോവയുടെ സഭ
ജനനേന്ദ്രിയം വിച്ഛേദിക്കപ്പെട്ടവനോ ഉടയ്ക്കപ്പെട്ടവനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
വിലക്കപ്പെട്ടിരിക്കുന്ന വിവാഹബന്ധത്തിലൂടെ ജനിക്കുന്നവ്യക്തിയും അയാളുടെ പത്താമത്തെ തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
അമ്മോന്യരോ മോവാബ്യരോ, അവരുടെ പത്താമത്തെ തലമുറയിലുള്ള ഒരുത്തൻപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്. നിങ്ങൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ നിങ്ങളുടെ വഴിയിൽ അപ്പവും വെള്ളവുംകൊണ്ട് അവർ നിങ്ങളെ എതിരേൽക്കാതിരുന്നതുകൊണ്ടും നിങ്ങളെ ശപിക്കേണ്ടതിന് അരാം-നെഹറയിമിലെ* പെഥോരിൽനിന്ന് ബെയോരിന്റെ മകനായ ബിലെയാമിനെ അവർ കൂലിക്കു വിളിച്ചതുകൊണ്ടുമാണത്. എങ്കിലും നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിക്കുന്നതുകൊണ്ട് ബിലെയാമിനെ ശ്രദ്ധിക്കാതെ നിന്റെ ദൈവമായ യഹോവ ശാപം നിനക്ക് അനുഗ്രഹമാക്കിത്തീർത്തു. നിന്റെ ജീവിതകാലത്തൊരിക്കലും അവർക്ക് സമാധാനമോ ഐശ്വര്യമോ ആഗ്രഹിക്കരുത്.
ഏദോമ്യനെ വെറുക്കരുത്; അവൻ നിന്റെ സഹോദരനല്ലോ. ഈജിപ്റ്റുകാരനെ വെറുക്കരുത്; നീ അവന്റെ രാജ്യത്ത് പ്രവാസിയായി താമസിച്ചിരുന്നല്ലോ. അവരുടെ മൂന്നാംതലമുറയ്ക്കു ജനിക്കുന്ന മക്കൾക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.
പാളയത്തിലെ അശുദ്ധി
നീ നിന്റെ ശത്രുക്കൾക്കു വിരോധമായി പാളയമിറങ്ങുമ്പോൾ എല്ലാ അശുദ്ധിയിൽനിന്നും ഒഴിഞ്ഞുനിൽക്കണം. 10 സ്വപ്നസ്ഖലനംമൂലം നിങ്ങളിൽ ഒരുവൻ അശുദ്ധനായിത്തീർന്നാൽ അവൻ പാളയത്തിനുപുറത്തു താമസിക്കണം. 11 സന്ധ്യയാകുമ്പോൾ അവൻ കുളിക്കണം. സൂര്യാസ്തമയത്തിനുശേഷം അവനു പാളയത്തിലേക്കു തിരികെ വരാം.
12 വിസർജനത്തിനുവേണ്ടി പാളയത്തിനുപുറത്ത് നിങ്ങൾക്ക് പ്രത്യേക സ്ഥലം ഉണ്ടായിരിക്കണം. 13 നിങ്ങളുടെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാര ഉണ്ടായിരിക്കണം. ഒരു കുഴിയുണ്ടാക്കി വിസർജ്യം അതിൽ മൂടിയിടണം. 14 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ സംരക്ഷിക്കുന്നതിനും ശത്രുക്കളെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്നതിനും നിങ്ങളുടെ പാളയത്തിനു മധ്യേ സഞ്ചരിക്കുന്നു. നിങ്ങളിൽ മ്ലേച്ഛമായവ കണ്ടിട്ട് അവിടന്ന് നിങ്ങളെ വിട്ടകന്നുപോകാതിരിക്കാൻ നിങ്ങളുടെ പാളയം ശുദ്ധമായിരിക്കണം.
വിവിധ നിയമങ്ങൾ
15 ഒരു അടിമ തന്റെ ഇപ്പോഴത്തെ യജമാനനിൽനിന്നു രക്ഷപ്പെട്ട് നിന്നെ അഭയം പ്രാപിച്ചാൽ ആ അടിമയെ അയാളുടെ യജമാനനു കൈമാറരുത്. 16 അവർ നിങ്ങളുടെ ഇടയിൽ തനിക്ക് ഇഷ്ടമുള്ള പട്ടണത്തിൽ എവിടെയെങ്കിലും താമസിക്കട്ടെ. അവനെ പീഡിപ്പിക്കരുത്.
17 ഒരു ഇസ്രായേല്യനും—സ്ത്രീയോ പുരുഷനോ—ക്ഷേത്രഗണികയോ പുരുഷമൈഥുനക്കാരനോ ആകരുത്. 18 വേശ്യാവൃത്തിചെയ്യുന്ന സ്ത്രീയുടെയോ പുരുഷന്റെയോ കൂലി നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ നേർച്ചയായി കൊണ്ടുവരാൻ പാടില്ല. ഇവ രണ്ടും നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.
19 പണത്തിനോ ഭക്ഷണത്തിനോ പലിശ വാങ്ങാവുന്ന ഏതെങ്കിലും വസ്തുവിനോ നിന്റെ സഹയിസ്രായേല്യനോട് പലിശ വാങ്ങരുത്. 20 അന്യദേശക്കാരിൽനിന്നു നിനക്ക് പലിശ വാങ്ങാം. എന്നാൽ നീ അവകാശമാക്കാൻപോകുന്ന ദേശത്തു ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് ഇസ്രായേല്യനായ ഒരു സഹോദരനോട് പലിശ വാങ്ങരുത്.
21 നിന്റെ ദൈവമായ യഹോവയ്ക്ക് നീ നേർച്ച നേർന്നാൽ അതു നിറവേറ്റാൻ താമസിക്കരുത്. നിന്റെ ദൈവമായ യഹോവ അതു നിന്നോടു ചോദിക്കും. അതിൽ നീ കുറ്റക്കാരനായിത്തീരും. 22 എന്നാൽ നീ ശപഥം ചെയ്തിട്ടില്ലെങ്കിൽ നിനക്കു കുറ്റമില്ല. 23 നീ സ്വമേധയാ നിന്റെ വാകൊണ്ട് നിന്റെ ദൈവമായ യഹോവയ്ക്കു നേർന്നതുകൊണ്ട് നിന്റെ അധരംകൊണ്ട് ഉച്ചരിച്ചത് എന്തായിരുന്നാലും അതു തീർച്ചയായും നിറവേറ്റണം.
24 നിന്റെ അയൽവാസിയുടെ മുന്തിരിത്തോപ്പിൽ പ്രവേശിച്ചാൽ നിനക്ക് ഇഷ്ടംപോലെ മുന്തിരി ഭക്ഷിക്കാം. പക്ഷേ, ഒന്നും നിന്റെ കുട്ടയിൽ ഇടരുത്. 25 നിന്റെ അയൽവാസിയുടെ വിളഭൂമിയിൽ പ്രവേശിച്ചാൽ നിനക്ക് ഇഷ്ടംപോലെ കതിർ കൈകൊണ്ടു പറിക്കാം. എന്നാൽ നീ അവന്റെ കതിരിൽ അരിവാൾവെക്കരുത്.
* 23:4 അതായത്, മെസൊപ്പൊത്താമിയയുടെ വടക്കുപടിഞ്ഞാറുഭാഗം; രണ്ടു നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന അരാമിന്റെ ഒരുഭാഗം. 23:18 മൂ.ഭാ. നായുടെയോ