5
ഇസ്രായേലിനെതിരേ ന്യായവിധി
“പുരോഹിതന്മാരേ, ഇതു കേൾപ്പിൻ!
ഇസ്രായേൽജനമേ, ശ്രദ്ധിക്കുക!
രാജഗൃഹമേ, ചെവിചായ്‌ക്കുക!
ഈ ന്യായവിധി നിങ്ങൾക്കെതിരേ വരുന്നു:
നിങ്ങൾ മിസ്പായിൽ ഒരു കെണിയും
താബോറിൽ വിരിച്ച ഒരു വലയും ആയിരുന്നു.
മത്സരികൾ കൊലപാതകത്തിൽ ആണ്ടുപോയിരിക്കുന്നു.
ഞാൻ അവരെ എല്ലാവരെയും ശിക്ഷിക്കും.
എഫ്രയീമിനെക്കുറിച്ചു സകലകാര്യങ്ങളും എനിക്കറിയാം;
ഇസ്രായേൽ എനിക്കു മറഞ്ഞിരിക്കുന്നതുമില്ല.
എഫ്രയീമേ, നീ വ്യഭിചാരത്തിലേക്കു തിരിഞ്ഞിരിക്കുന്നു;
ഇസ്രായേൽ മലിനമായിരിക്കുന്നു.
 
“തങ്ങളുടെ ദൈവത്തിലേക്കു മടങ്ങിവരാൻ
അവരുടെ പ്രവൃത്തികൾ അവരെ അനുവദിക്കുന്നില്ല.
വ്യഭിചാരത്തിന്റെ ആത്മാവ് അവരുടെ ഹൃദയങ്ങളിലുണ്ട്;
അവർ യഹോവയെ അംഗീകരിക്കുന്നില്ല.
ഇസ്രായേലിന്റെ ധാർഷ്ട്യം അവർക്കെതിരേ സാക്ഷ്യം പറയുന്നു;
ഇസ്രായേലും എഫ്രയീമും അവരുടെ പാപങ്ങളിൽ ഇടറുന്നു;
യെഹൂദയും അവരോടുകൂടെ വീഴുന്നു.
അവർ തങ്ങളുടെ ആടുമാടുകളോടുകൂടെ
യഹോവയെ അന്വേഷിക്കുമ്പോൾ,
അവിടത്തെ കണ്ടെത്തുകയില്ല,
കാരണം യഹോവ അവരെ വിട്ടുമാറിയിരിക്കുന്നു.
അവർ യഹോവയോട് അവിശ്വസ്തരായിരിക്കുന്നു;
അവർ ജാരസന്തതികളെ പ്രസവിക്കുന്നു.
അവരുടെ അമാവാസി ഉത്സവങ്ങൾ
അവരെയും അവരുടെ വയലുകളെയും വിഴുങ്ങിക്കളയും.
 
“ഗിബെയയിൽ കാഹളം മുഴക്കുക;
രാമായിൽ കൊമ്പ് ഊതുക.
ബേത്-ആവെനിൽ യുദ്ധനാദം മുഴക്കുക;
ബെന്യാമീനേ, മുന്നോട്ടുപോകുക.
കണക്കു തീർക്കുന്ന ദിവസം
എഫ്രയീം ശൂന്യമാകും.
ഇസ്രായേൽഗോത്രങ്ങൾക്കു നടുവിൽ
നിശ്ചയമുള്ളതു ഞാൻ പ്രഖ്യാപിക്കുന്നു.
10 യെഹൂദാപ്രഭുക്കന്മാർ
അതിർത്തിക്കല്ലു മാറ്റുന്നവരെപ്പോലെയാണ്.
ഞാൻ എന്റെ ക്രോധം
വെള്ളച്ചാട്ടംപോലെ അവരുടെമേൽ ചൊരിയും.
11 എഫ്രയീം വിഗ്രഹത്തെ* ഇഷ്ടപ്പെടുന്നതുകൊണ്ട്
അവൻ പീഡിതനും
വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.
12 അതുകൊണ്ടു ഞാൻ എഫ്രയീമിനു പുഴുവും
യെഹൂദയ്ക്കു പഴുപ്പും ആയിരിക്കും.
 
13 “എഫ്രയീം തന്റെ രോഗത്തെയും
യെഹൂദാ തന്റെ വ്രണങ്ങളെയും കണ്ടപ്പോൾ,
എഫ്രയീം അശ്ശൂരിലേക്കു തിരിഞ്ഞു,
മഹാരാജാവിനോടു സഹായം അഭ്യർഥിച്ചു.
എന്നാൽ നിന്നെ സുഖപ്പെടുത്താനും
നിന്റെ മുറിവുണക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല.
14 ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും
യെഹൂദയ്ക്ക് ഒരു സിംഹക്കുട്ടിപോലെയും ആയിരിക്കും.
ഞാൻ അവരെ കഷണങ്ങളായി കീറിക്കളയും.
ഞാൻ അവരെ പിടിച്ചുകൊണ്ടുപോകും, അവരെ രക്ഷിക്കുന്നതിനായി ആരും ശേഷിക്കുകയില്ല.
15 അവർ തങ്ങളുടെ കുറ്റം സമ്മതിച്ച്
എന്റെ മുഖം അന്വേഷിക്കുന്നതുവരെയും
ഞാൻ എന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോകും—
അവരുടെ ദുരിതത്തിൽ
അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.”
* 5:11 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.