യെശയ്യാവിന്റെ പ്രവചനം
1
യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി, ആമോസിന്റെ മകനായ യെശയ്യാവിന് ലഭിച്ച ദർശനം ഇതാകുന്നു.
 
മത്സരിക്കുന്ന ഒരു ജനത
ആകാശമേ, കേൾക്കുക! ഭൂമിയേ ശ്രദ്ധിക്കുക!
യഹോവ അരുളിച്ചെയ്യുന്നു:
“ഞാൻ മക്കളെ പോറ്റിവളർത്തി;
എന്നാൽ അവർ എനിക്കെതിരേ മത്സരിച്ചു.
കാള തന്റെ ഉടമസ്ഥനെയും
കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയും അറിയുന്നു,
എന്നാൽ ഇസ്രായേലോ തിരിച്ചറിയുന്നില്ല.
എന്റെ ജനം മനസ്സിലാക്കുന്നതുമില്ല.”
 
അയ്യോ! എന്തൊരു പാപംനിറഞ്ഞ ജനത!
കുറ്റഭാരം ചുമക്കുന്ന സന്തതി,
ദുഷ്കർമികളുടെ മക്കൾ!
വഷളത്തം പ്രവർത്തിക്കുന്ന പുത്രന്മാർ!
അവർ യഹോവയെ ഉപേക്ഷിച്ചു;
ഇസ്രായേലിന്റെ പരിശുദ്ധനെ തിരസ്കരിച്ചിരിക്കുന്നു,
അവിടത്തേക്കെതിരേ അവർ പുറംതിരിഞ്ഞിരിക്കുന്നു.
 
നിങ്ങളെ ഇനിയും അടിക്കുന്നത് എന്തിന്?
നിങ്ങൾ മാത്സര്യത്തിൽ തുടർന്നുകൊണ്ടിരിക്കുന്നതും എന്തിന്?
നിങ്ങളുടെ തല മുഴുവനും മുറിവേറ്റിരിക്കുന്നു,
നിങ്ങളുടെ ഹൃദയം മുഴുവനും രോഗാതുരമായിരിക്കുന്നു.
ഉള്ളങ്കാൽമുതൽ ഉച്ചിവരെ
ഒരു സ്ഥലവും മുറിവേൽക്കാത്തതായിട്ടില്ല—
മുറിവുകൾ, പൊറ്റകൾ,
ചോരയൊലിക്കുന്ന വ്രണങ്ങൾ,
അവ വൃത്തിയാക്കുകയോ വെച്ചുകെട്ടുകയോ ചെയ്തിട്ടില്ല,
ഒലിവെണ്ണയാൽ ശമനം വരുത്തിയിട്ടുമില്ല.
 
നിങ്ങളുടെ രാജ്യം ശൂന്യമായി,
നിങ്ങളുടെ പട്ടണങ്ങൾ തീവെച്ചു നശിപ്പിച്ചിരിക്കുന്നു;
നിങ്ങളുടെ നിലങ്ങൾ വിദേശികളാൽ അപഹരിക്കപ്പെട്ടിരിക്കുന്നു
നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ,
അപരിചിതർ തകർത്തുകളഞ്ഞതുപോലെ അതു ശൂന്യമായിക്കിടക്കുന്നു.
മുന്തിരിത്തോപ്പിലെ കൂടാരംപോലെയും
വെള്ളരിത്തോട്ടത്തിലെ മാടംപോലെയും
ഉപരോധിക്കപ്പെട്ട നഗരംപോലെയും
സീയോൻപുത്രി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.
സൈന്യങ്ങളുടെ യഹോവ ചിലരെയെങ്കിലും
നമുക്കായി ശേഷിപ്പിച്ചിരുന്നില്ലെങ്കിൽ
നാം സൊദോം നഗരംപോലെയും
ഗൊമോറാ പട്ടണംപോലെയും
നശിപ്പിക്കപ്പെടുമായിരുന്നു.
 
10 സൊദോമിലെ ഭരണാധികാരികളേ,
യഹോവയുടെ വചനം കേൾക്കുക;
ഗൊമോറാ നിവാസികളേ,
നമ്മുടെ ദൈവത്തിന്റെ നിർദേശങ്ങൾ ശ്രദ്ധിക്കുക!
11 “നിങ്ങളുടെ നിരവധിയായ ബലികൾ
എനിക്കെന്തിന്?”
യഹോവ ചോദിക്കുന്നു.
“മുട്ടാടുകളുടെ ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംമൂലം
ഞാൻ മടുത്തിരിക്കുന്നു;
കാളകളുടെയോ ആട്ടിൻകുട്ടികളുടെയോ കോലാടുകളുടെയോ
രക്തത്തിൽ എനിക്കു പ്രസാദമില്ല.
12 നിങ്ങൾ എന്റെ സന്നിധിയിൽ വന്ന്
എന്റെ അങ്കണങ്ങൾ ചവിട്ടി അശുദ്ധമാക്കാനായി
ഇതു നിങ്ങളോട് ആവശ്യപ്പെട്ടത് ആരാണ്?
13 വ്യർഥമായ യാഗങ്ങൾ ഇനി നിങ്ങൾ അർപ്പിക്കരുത്!
നിങ്ങളുടെ ധൂപവർഗം എനിക്കു വെറുപ്പുളവാക്കുന്നു.
അമാവാസിയും ശബ്ബത്തും സഭായോഗം കൂടുന്നതും—
നിങ്ങളുടെ ദുഷ്ടതനിറഞ്ഞ സഭായോഗങ്ങൾ—എനിക്ക് അസഹ്യമാണ്.
14 നിങ്ങളുടെ അമാവാസികളിലെ ആഘോഷങ്ങളെയും
നിർദിഷ്ട ഉത്സവങ്ങളെയും ഞാൻ പൂർണമായും വെറുക്കുന്നു.
അവ എനിക്കൊരു ഭാരമായിരിക്കുന്നു;
അവ സഹിച്ചു ഞാൻ മടുത്തിരിക്കുന്നു.
15 അതിനാൽ നിങ്ങൾ കൈമലർത്തി പ്രാർഥിക്കുമ്പോൾ,
ഞാൻ എന്റെ കണ്ണുകൾ നിങ്ങളിൽനിന്ന് അകറ്റിക്കളയും;
നിങ്ങൾ പ്രാർഥനകൾ എത്ര മടങ്ങായി വർധിപ്പിച്ചാലും
ഞാൻ കേൾക്കുകയില്ല.
 
“കാരണം നിങ്ങളുടെ കൈകൾ രക്തപങ്കിലമാണ്!
 
16 “നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുക.
നിങ്ങളുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുക;
ദോഷം പ്രവർത്തിക്കുന്നതു നിർത്തുക.
17 നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക.
പീഡിതരെ സ്വതന്ത്രരാക്കുക.
അനാഥരുടെ കാര്യം ഏറ്റെടുക്കുക;
വിധവയ്ക്കുവേണ്ടി വ്യവഹരിക്കുക.
 
18 “ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നിങ്ങളുടെ പാപം കടുംചെമപ്പായിരുന്നാലും,
അവ ഹിമംപോലെ ശുഭ്രമാകും;
അവ രക്താംബരംപോലെ ചെമപ്പായിരുന്നാലും
വെളുത്ത കമ്പിളിരോമംപോലെ ആയിത്തീരും.
19 നിങ്ങൾക്ക് അനുസരിക്കാനുള്ള മനസ്സുണ്ടെങ്കിൽ
ദേശത്തിലെ നല്ല വിഭവങ്ങൾ നിങ്ങൾ അനുഭവിക്കും.
20 എന്നാൽ നിങ്ങൾ എതിർക്കുകയും മത്സരിക്കുകയും ചെയ്താൽ,
നിങ്ങൾ വാളിന് ഇരയായിത്തീരും.”
യഹോവതന്നെയാണല്ലോ അരുളിച്ചെയ്തിരിക്കുന്നത്.
 
21 നോക്കൂ, വിശ്വസ്തമായിരുന്ന നഗരം
ഒരു വേശ്യയായി മാറിയത് എങ്ങനെ?
ഒരിക്കൽ അതിൽ ന്യായം നിറഞ്ഞിരുന്നു;
നീതി അതിൽ കുടികൊണ്ടിരുന്നു—
എന്നാൽ ഇപ്പോൾ കൊലപാതകികൾ അതിൽ വസിക്കുന്നു.
22 നിങ്ങളുടെ വെള്ളി കീടമായി മാറി,
നിങ്ങളുടെ വിശിഷ്ടമായ വീഞ്ഞിൽ വെള്ളം കലർന്നു.
23 നിങ്ങളുടെ പ്രഭുക്കന്മാർ മത്സരികൾ,
കള്ളന്മാരുടെ പങ്കാളികൾതന്നെ;
അവർ എല്ലാവരും കൈക്കൂലി ആഗ്രഹിക്കുകയും
പ്രതിഫലം ഇച്ഛിക്കുകയും ചെയ്യുന്നു.
അവർ അനാഥർക്കുവേണ്ടി വ്യവഹരിക്കുന്നില്ല;
വിധവയുടെ അപേക്ഷ പരിഗണിക്കുന്നതുമില്ല.
 
24 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ്,
ഇസ്രായേലിന്റെ ശക്തൻതന്നെ, അരുളിച്ചെയ്യുന്നു:
“എന്റെ എതിരാളികളുടെമേൽ എന്റെ ക്രോധം ഞാൻ അഴിച്ചുവിടും;
എന്റെ ശത്രുക്കളോടു ഞാൻ പ്രതികാരംചെയ്യും.
25 ഞാൻ എന്റെ കരം നിനക്കെതിരേ* തിരിക്കും;
ഞാൻ നിന്നിലെ കിട്ടം ഉരുക്കിക്കളയും;
നിന്നിലുള്ള സകല അശുദ്ധിയും ഞാൻ നീക്കിക്കളയും.
26 അപ്പോൾ ഞാൻ നിന്റെ ന്യായാധിപന്മാരെ മുൻപത്തേതുപോലെയും
നിന്റെ ഉപദേഷ്ടാക്കന്മാരെ ആരംഭത്തിലെന്നപോലെയും പുനഃസ്ഥാപിക്കും.
അതിനുശേഷം നീ നീതിയുടെ നഗരമെന്നും
വിശ്വസ്തതയുടെ പട്ടണമെന്നും
വിളിക്കപ്പെടും.”
 
27 സീയോൻ, ന്യായത്താലും അതിൽ മനംതിരിയുന്നവർ,
നീതിയാലും വീണ്ടെടുക്കപ്പെടും.
28 എന്നാൽ മത്സരികളും പാപികളും ഒരുപോലെ നശിച്ചുപോകും;
യഹോവയെ പരിത്യജിക്കുന്നവർ സംഹരിക്കപ്പെടും.
 
29 “നിങ്ങൾ ആശിച്ച കരുവേലക്കാവുകൾനിമിത്തം
നിങ്ങൾ ലജ്ജിതരാകും;
നിങ്ങൾ തെരഞ്ഞെടുത്ത ഉദ്യാനങ്ങളെക്കുറിച്ചു
നിങ്ങൾ അവഹേളിക്കപ്പെടും.
30 നിങ്ങൾ ഇലകൊഴിഞ്ഞ കരുവേലകംപോലെയും
വരൾച്ച ബാധിച്ച ഉദ്യാനംപോലെയും ആകും.
31 ബലവാൻ ചണനാരുപോലെയും
അവന്റെ പ്രവൃത്തി തീപ്പൊരിപോലെയും ആകും;
അവ രണ്ടും ഒരുമിച്ചു വെന്തുപോകും,
അതിന്റെ തീ കെടുത്തുന്നതിന് ആരും ഉണ്ടാകുകയില്ല.”
* 1:25 നിനക്കെതിരേ, വിവക്ഷിക്കുന്നത് ജെറുശലേമിനെതിരേ.