11
ശുദ്ധവും അശുദ്ധവുമായ ആഹാരം
1 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
2 “ഇസ്രായേല്യരോടു പറയുക: കരയിൽ ജീവിക്കുന്ന എല്ലാ മൃഗങ്ങളിലും നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണ്:
3 കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം.
4 “ ‘ഒന്നുകിൽ അയവിറക്കുന്നവയോ അല്ലെങ്കിൽ കുളമ്പു പിളർന്നവയോ ആയിരിക്കാം ചില മൃഗങ്ങൾ. അവ നിങ്ങൾ ഭക്ഷിക്കരുത്. ഒട്ടകം അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
5 കുഴിമുയൽ അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അത് നിങ്ങൾക്ക് അശുദ്ധമാണ്.
6 മുയൽ അയവിറക്കുന്നെങ്കിലും, കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
7 പന്നിയുടെ കുളമ്പു പിരിഞ്ഞ് പൂർണമായി പിളർന്നതാണ്; എന്നാൽ അത് അയവിറക്കുന്നില്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
8 നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്; അവ നിങ്ങൾക്ക് അശുദ്ധമാണ്.
9 “ ‘കടൽവെള്ളത്തിലും പുഴയിലും ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
10 എന്നാൽ കടലുകളിലും പുഴകളിലും കൂട്ടമായി ചരിക്കുന്നവയിലും വെള്ളത്തിൽ ജീവിക്കുന്ന മറ്റു ജീവികളിലും, ചിറകും ചെതുമ്പലും ഇല്ലാത്തവ നിങ്ങൾക്കു നിഷിദ്ധമായിരിക്കണം.
11 അവ നിങ്ങൾക്ക് അറപ്പായിരിക്കണം. അവയുടെ മാംസം ഭക്ഷിക്കരുത്, അവയുടെ പിണം നിങ്ങൾക്കു നിഷിദ്ധമായിരിക്കണം.
12 വെള്ളത്തിൽ ജീവിക്കുന്ന, ചിറകും ചെതുമ്പലുമില്ലാത്ത എന്തും നിങ്ങൾക്കു നിഷിദ്ധമാണ്.
13 “ ‘പറവകളിൽ നിങ്ങൾക്ക് നിഷിദ്ധമായിരിക്കുന്നവ ഇവയാണ്: അവ അശുദ്ധമാകുകയാൽ നിങ്ങൾ അവ ഭക്ഷിക്കരുത്: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്
14 ഗൃദ്ധ്രം, ഏതിനത്തിലുംപെട്ട പരുന്ത്,
15 എല്ലാ ഇനത്തിലുംപെട്ട കാക്ക,
16 ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ,
17 നത്ത്, നീർക്കാക്ക, കൂമൻ,
18 മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ,
19 പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.
20 “ ‘ചിറകുള്ള പ്രാണികളിൽ നാലുകാലിൽ നടക്കുകയും പറക്കുകയും ചെയ്യുന്നവയെല്ലാം നിങ്ങൾക്കു നിഷിദ്ധമാണ്.
21 നാലുകാലിൽ നടക്കുന്നെങ്കിലും നിലത്തു ചാടിനടക്കേണ്ടതിനു കാലുകളിൽ സന്ധിബന്ധമുള്ളതും ചിറകുള്ളതുമായ പ്രാണികളെ നിങ്ങൾക്കു ഭക്ഷിക്കാം.
22 ഇവയിൽ ഏതിനം വെട്ടുക്കിളിയും വിട്ടിലും ചീവീടും തുള്ളനും നിങ്ങൾക്കു തിന്നാം.
23 എന്നാൽ, ചിറകും നാലു കാലുമുള്ള മറ്റെല്ലാ ജീവികളും നിങ്ങൾക്കു നിഷിദ്ധമാണ്.
24 “ ‘ഇവയാൽ നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കും; അവയുടെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
25 അവയിലൊന്നിന്റെ പിണം എടുക്കുന്നവരും തങ്ങളുടെ വസ്ത്രം അലക്കണം, അവരും സന്ധ്യവരെ അശുദ്ധരായിരിക്കും.
26 “ ‘കുളമ്പു പിരിഞ്ഞ് പൂർണമായി പിളരാത്തതും അയവിറക്കാത്തതുമായ മൃഗങ്ങളെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം തൊടുന്നവർ അശുദ്ധരായിരിക്കും.
27 നാലുകാലിൽ നടക്കുന്ന ജീവികളിൽ ഉള്ളങ്കാൽ പതിച്ചു നടക്കുന്നവയെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
28 അവയുടെ പിണം എടുക്കുന്നവർ തങ്ങളുടെ വസ്ത്രം അലക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ഈ മൃഗങ്ങൾ നിങ്ങൾക്ക് നിഷിദ്ധമാണ്.
29 “ ‘നിലത്തു സഞ്ചരിക്കുന്ന ജന്തുക്കളിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവയാണ്: പെരുച്ചാഴി, എലി, എല്ലാ ഇനത്തിലുംപെട്ട ഉടുമ്പ്,
30 അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരപ്പൻ
31 നിലത്തു സഞ്ചരിക്കുന്ന എല്ലാവകയിലും ഇവ നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ ജഡം സ്പർശിക്കുന്നവരും സന്ധ്യവരെ അശുദ്ധരായിരിക്കും.
32 അവയിലൊന്നു ചത്ത് എന്തിന്മേലെങ്കിലും വീണാൽ, ആ സാധനത്തിന്റെ ഉപയോഗമെന്തായാലും, അതു മരമോ വസ്ത്രമോ തുകലോ ചാക്കുശീലയോകൊണ്ട് ഉണ്ടാക്കിയതാണെങ്കിലും അശുദ്ധമായിരിക്കും. അതു വെള്ളത്തിൽ ഇടണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കും, പിന്നെ അതു ശുദ്ധമാകും.
33 അവയിലൊന്ന് ഒരു മൺപാത്രത്തിൽ വീണാൽ അതിലുള്ളതെല്ലാം അശുദ്ധമായിരിക്കും, നിങ്ങൾ ആ പാത്രം ഉടച്ചുകളയണം.
34 ഭക്ഷിക്കാൻ അനുവാദമുള്ള ഏതെങ്കിലും ആഹാരത്തിൽ അങ്ങനെയുള്ള പാത്രത്തിലെ വെള്ളം വീണാൽ അത് അശുദ്ധമാകും. അതിലുള്ള ഏതു പാനീയവും അശുദ്ധമാകും.
35 അവയിലൊന്നിന്റെ പിണം എന്തിലെങ്കിലും വീണാൽ വീഴുന്നതെന്തായാലും അത് അശുദ്ധമാകും. അത് അടുപ്പായാലും പാചകപാത്രമായാലും ഉടച്ചുകളയണം. അവ അശുദ്ധമാണ്, അവയെ അശുദ്ധമായി പരിഗണിക്കണം.
36 എന്നാൽ ഒരു ഉറവയോ ഒരു ജലസംഭരണിയോ ശുദ്ധമായിരിക്കും; ഈ പിണങ്ങളിലൊന്നു സ്പർശിക്കുന്ന വ്യക്തി അശുദ്ധനാണ്.
37 നടാനുള്ള വിത്തിൽ ഒരു പിണം വീണാൽ. അത് ശുദ്ധമായിത്തന്നെയിരിക്കും.
38 എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചുകഴിഞ്ഞിട്ടു പിണം അതിന്മേൽ വീണാൽ അതു നിങ്ങൾക്ക് അശുദ്ധമാണ്.
39 “ ‘നിങ്ങൾക്കു ഭക്ഷിക്കാൻ അനുവാദമുള്ള ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
40 ആ പിണത്തിൽനിന്ന് ഭക്ഷിക്കുന്നവർ തങ്ങളുടെ വസ്ത്രം കഴുകണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ആരെങ്കിലും ആ പിണം എടുത്താൽ അയാൾ തന്റെ വസ്ത്രം കഴുകണം, അയാൾ സന്ധ്യവരെ അശുദ്ധമായിരിക്കും.
41 “ ‘നിലത്ത് ഇഴയുന്ന എല്ലാ പ്രാണികളും നിങ്ങൾക്കു നിഷിദ്ധമാണ്; അതു ഭക്ഷിക്കരുത്.
42 ഉരസ്സുകൊണ്ടോ നാലുകാലുകൊണ്ടോ കൂടുതൽ കാലുകൾകൊണ്ടോ നിലത്തു ചരിക്കുന്ന ഒരു പ്രാണിയെയും നിങ്ങൾ തിന്നരുത്; അവ നിങ്ങൾക്കു നിഷിദ്ധം.
43 ഇങ്ങനെയുള്ള ഏതെങ്കിലും ഇഴജാതിമൂലം നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. അവ മുഖാന്തിരമോ അവയാലോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
44 ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകുകയാൽ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധരായിരിക്കുക. നിലത്തു സഞ്ചരിക്കുന്ന ഒരു ജീവിയാലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
45 നിങ്ങളുടെ ദൈവമായിരിക്കാൻ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവ ഞാനാകുന്നു; ആകയാൽ, ഞാൻ വിശുദ്ധനാകുകയാൽ, നിങ്ങളും വിശുദ്ധരായിരിക്കുക.
46 “ ‘മൃഗങ്ങളെയും പറവകളെയും ജലത്തിൽ ചരിക്കുന്ന ജീവികളെയും നിലത്തു ചരിക്കുന്ന ജീവികളെയും സംബന്ധിച്ച പ്രമാണം ഇവയാകുന്നു.
47 നിങ്ങൾക്ക് ശുദ്ധവും അശുദ്ധവുംതമ്മിലും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയുമായ ജീവികൾതമ്മിലും തരംതിരിവുണ്ടായിരിക്കണം.’ ”