24
എന്നാൽ, ഇസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്കു പ്രസാദമായി എന്നു ബിലെയാം കണ്ടപ്പോൾ, മുമ്പു ചെയ്തതുപോലെ പ്രശ്നംവെക്കാൻ പോകാതെ മരുഭൂമിക്കുനേരേ തന്റെ മുഖം തിരിച്ചു. ഗോത്രംഗോത്രമായി ഇസ്രായേൽ പാളയമടിച്ചു പാർക്കുന്നത് ബിലെയാം നോക്കിക്കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അദ്ദേഹത്തിന്റെമേൽ വന്നു, അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു:
“ബെയോരിന്റെ പുത്രൻ ബിലെയാമിന്റെ അരുളപ്പാട്,
വ്യക്തമായിക്കാണുന്ന കണ്ണുള്ളവന്റെ അരുളപ്പാട്,
ദൈവത്തിന്റെ വചനങ്ങളെ കേൾക്കുന്നവന്റെ അരുളപ്പാട്,
സർവശക്തനിൽനിന്ന് ദർശനം കാണുന്നവനും,
സാഷ്ടാംഗം വീഴുന്നവനും കണ്ണുകൾ തുറക്കപ്പെട്ടവനുമായവന്റെ അരുളപ്പാട്:
 
“യാക്കോബേ, നിന്റെ കൂടാരങ്ങൾ,
ഇസ്രായേലേ, നിന്റെ നിവാസങ്ങൾ, എത്ര മനോഹരം!
 
“താഴ്വരപോലെ അവ പടർന്നുകിടക്കുന്നു.
നദീതീരത്തെ ഉദ്യാനങ്ങൾപോലെ,
യഹോവ നട്ട ചന്ദനവൃക്ഷങ്ങൾപോലെ,
ജലാന്തികേയുള്ള ദേവദാരുക്കൾപോലെതന്നെ.
അവരുടെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകും;
അവരുടെ വിത്തിനു ജലസമൃദ്ധി ലഭിക്കും.
 
“അവരുടെ രാജാവ് ആഗാഗിലും ശ്രേഷ്ഠനായിരിക്കും,
അവരുടെ രാജ്യം ഉന്നതമാകും.
 
“ദൈവം അവരെ ഈജിപ്റ്റിൽനിന്നും കൊണ്ടുവന്നു.
കാട്ടുകാളയുടെ കരുത്ത് അവർക്കുണ്ട്.
ശത്രുരാജ്യങ്ങളെ അവർ വിഴുങ്ങുന്നു.
അവരുടെ അസ്ഥികളെ തകർക്കുന്നു;
തങ്ങളുടെ അസ്ത്രങ്ങൾകൊണ്ട് അവരെ തുളയ്ക്കുന്നു.
ഒരു സിംഹത്തെപ്പോലെ, ഒരു സിംഹിയെപ്പോലെ, അവർ പതുങ്ങിക്കിടക്കുന്നു.
ആര് അവരെ ഉണർത്തും?
 
“നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെടട്ടെ,
നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെടട്ടെ!”
10 അപ്പോൾ ബിലെയാമിനെതിരേ ബാലാക്കിന്റെ കോപം ജ്വലിച്ചു. അദ്ദേഹം തന്റെ കൈകൾ അടിച്ചുകൊണ്ടു പറഞ്ഞു: “എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ താങ്കളെ വിളിച്ചുവരുത്തിയത്. എന്നാൽ താങ്കൾ അവരെ ഈ മൂന്നു തവണയും അനുഗ്രഹിച്ചിരിക്കുന്നു. 11 നിന്റെ സ്ഥലത്തേക്കു നീ ഓടിപ്പോകുക. മാന്യമായ പ്രതിഫലം താങ്കൾക്കു തരാമെന്നു ഞാൻ പറഞ്ഞു. എന്നാൽ യഹോവ നിനക്കു പ്രതിഫലം മുടക്കിയിരിക്കുന്നു.”
12 ബിലെയാം ബാലാക്കിനോട് മറുപടി പറഞ്ഞു: “താങ്കൾ എന്റെയടുക്കൽ അയച്ച ദൂതന്മാരോട്, 13 ‘ബാലാക്ക് തന്റെ കൊട്ടാരം നിറയെ സ്വർണവും വെള്ളിയും എനിക്കു തരുന്നെങ്കിലും, യഹോവയുടെ കൽപ്പനയെ മറികടന്ന്, നന്മയോ തിന്മയോ ആകട്ടെ, സ്വമേധയാ യാതൊന്നും എനിക്കു ചെയ്തുകൂടാ; മാത്രമല്ല, യഹോവ അരുളിച്ചെയ്യുന്നതുമാത്രമേ ഞാൻ പറയുകയുള്ളൂ’ എന്നു ഞാൻ പറഞ്ഞിരുന്നില്ലേ? 14 ഇപ്പോൾ ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകുന്നു. എന്നാൽ വരിക, വരുംനാളുകളിൽ ഈ ജനം താങ്കളുടെ ജനങ്ങളോട് ചെയ്യാൻ പോകുന്നതെന്തെന്ന് ഞാൻ താങ്കളെ അറിയിക്കാം.”
ബിലെയാമിന്റെ നാലാം അരുളപ്പാട്
15 പിന്നെ ബിലെയാം തന്റെ അരുളപ്പാട് അറിയിച്ചു:
“ബെയോരിന്റെ പുത്രൻ ബിലെയാമിന്റെ അരുളപ്പാട്,
വ്യക്തമായിക്കാണുന്ന കണ്ണുള്ളവന്റെ അരുളപ്പാട്,
16 ദൈവത്തിന്റെ വചനങ്ങളെ കേൾക്കുന്നവന്റെ അരുളപ്പാട്.
പരമോന്നതനിൽനിന്ന് പരിജ്ഞാനം പ്രാപിച്ചവനും
സർവശക്തനിൽനിന്ന് ദർശനം കാണുന്നവനും
സാഷ്ടാംഗം വീഴുന്നവനും കണ്ണുകൾ തുറക്കപ്പെട്ടവനുമായവന്റെ അരുളപ്പാട്:
 
17 “ഞാൻ അവിടത്തെ കാണുന്നു, എന്നാൽ ഇപ്പോഴല്ല;
ഞാൻ അവിടത്തെ ദർശിക്കുന്നു, എന്നാൽ സമീപത്തല്ല.
യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും,
ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.
മോവാബിന്റെ നെറ്റിത്തടം* അവിടന്ന് തകർക്കും,
ശേത്തിന്റെ സകലപുത്രന്മാരുടെയും തലയോട്ടികളെത്തന്നെ.
18 ഏദോം പിടിക്കപ്പെടും;
സേയീരും അവന്റെ ശത്രുക്കളുടെ കൈവശമാക്കപ്പെടും,
എന്നാൽ ഇസ്രായേലോ ശക്തിപ്പെടും,
19 യാക്കോബിൽനിന്ന് ഒരു ഭരണാധിപൻ വന്ന്
നഗരങ്ങളിൽ ശേഷിച്ചവരെ നശിപ്പിക്കും.”
ബിലെയാമിന്റെ അഞ്ചാമത്തെ അരുളപ്പാട്
20 പിന്നെ ബിലെയാം അമാലേക്കിനെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു:
“അമാലേക്ക് രാജ്യങ്ങളിൽ ഒന്നാമനായിരുന്നു.
എന്നാൽ അവരുടെ അവസാനം പരിപൂർണനാശമായിരിക്കും.”
ബിലെയാമിന്റെ ആറാമത്തെ അരുളപ്പാട്
21 പിന്നെ അയാൾ കേന്യരെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു:
“നിന്റെ വാസസ്ഥലം സുരക്ഷിതം;
നിന്റെ കൂട് പാറയിൽ വെച്ചിരിക്കുന്നു.
22 അശ്ശൂർ നിന്നെ ബന്ദിയായി കൊണ്ടുപോകുമ്പോൾ
കേന്യരായ നിങ്ങൾ നശിക്കും.”
ബിലെയാമിന്റെ ഏഴാമത്തെ അരുളപ്പാട്
23 പിന്നെ അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു:
“ഹാ! ദൈവം ഇതു ചെയ്യുമ്പോൾ ആര് ജീവനോടിരിക്കും?
24 കിത്തീം തീരങ്ങളിൽനിന്ന് കപ്പലുകൾ വരും;
അശ്ശൂരിനെയും ഏബെരിനെയും അവർ അധീനമാക്കും;
എന്നാൽ അവരും നശിക്കും.”
25 പിന്നെ ബിലെയാം എഴുന്നേറ്റ് സ്വദേശത്തേക്കു മടങ്ങി. ബാലാക്ക് തന്റെ വഴിക്കുപോയി.
* 24:17 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.