3
ജ്ഞാനത്തിന്റെ അധിക സത്ഫലങ്ങൾ
എന്റെ കുഞ്ഞേ,* എന്റെ ഉപദേശം നീ വിസ്മരിക്കരുത്,
എന്റെ കൽപ്പനകൾ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുക,
അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും
അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും.
 
ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ;
അവ നിന്റെ കഴുത്തിൽ അണിയുക,
നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.
അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ
പ്രീതിയും സൽപ്പേരും സമ്പാദിക്കും.
 
പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക
സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;
നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,
അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.
 
സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;
യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.
ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും
അസ്ഥികൾക്ക് പോഷണവും നൽകും.
 
നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക
നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ;
10 അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും
നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും.
 
11 എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്,
അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,
12 കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ
യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.
 
13 ജ്ഞാനം കണ്ടെത്തുകയും
വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ,
14 കാരണം അവൾ§ വെള്ളിയെക്കാൾ ആദായകരവും
കനകത്തെക്കാൾ ലാഭകരവുമാണ്.
15 അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്;
നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.
16 അവൾ വലതുകരത്തിൽ ദീർഘായുസ്സും;
ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു.
17 അവളുടെ വഴികൾ ആനന്ദഹേതുവും
അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു.
18 അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം;
അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.
 
19 ജ്ഞാനത്താൽ യഹോവ ഭൂമിക്ക് അടിസ്ഥാനശില പാകി,
വിവേകത്താൽ അവിടന്ന് ആകാശത്തെ തൽസ്ഥാനത്ത് ഉറപ്പിച്ചു;
20 അവിടത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിപ്പിളർന്നു,
ആകാശം തുഷാരബിന്ദുക്കൾ പൊഴിക്കുന്നു.
 
21 എന്റെ കുഞ്ഞേ, ജ്ഞാനവും വിവേചനശക്തിയും നിലനിർത്തുക,
അവ നിന്റെ ദൃഷ്ടിപഥത്തിൽനിന്നു മറയാതിരിക്കട്ടെ;
22 കാരണം അവ നിനക്കു ജീവനും,
നിന്റെ കഴുത്തിൽ ഒരു അലങ്കാരമാലയും ആയിരിക്കട്ടെ.
23 അപ്പോൾ നീ നിന്റെ വഴികളിൽ സുരക്ഷിതനായി മുന്നേറും,
നിന്റെ കാലടികൾ ഇടറുകയുമില്ല.
24 കിടക്കയിലേക്കുപോകുമ്പോൾ നിനക്കു ഭയമുണ്ടാകുകയില്ല;
നീ കിടക്കുകയും ഉടനെതന്നെ സുഖനിദ്രയിലമരുകയും ചെയ്യും
25 പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ
ദുഷ്ടരുടെ നാശമോ കണ്ട് നീ സംഭീതനാകരുത്,
26 കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം
അവിടന്ന് നിന്റെ പാദം കെണിയിലകപ്പെടാതെ കാത്തുകൊള്ളും.
 
27 നന്മചെയ്യാൻ നിനക്ക് അധികാരമുള്ളപ്പോൾ,
അർഹതപ്പെട്ടവർക്ക് അതു ലഭ്യമാക്കാൻ വിമുഖതകാട്ടരുത്.
28 നിനക്ക് ഇപ്പോൾ സഹായിക്കാൻ സാധിക്കുമെങ്കിൽ,
“പിന്നെവരിക, നാളെനോക്കാം,”
എന്നു നിന്റെ അയൽവാസിയോട് പറയരുത്.
29 നിന്റെ സമീപത്ത് നിന്നെ ആശ്രയിച്ചുകൊണ്ടു വസിക്കുന്ന,
നിന്റെ അയൽവാസിക്കെതിരേ നീ ദുരാലോചന നടത്തരുത്.
30 നിനക്കു നിരുപദ്രവകാരിയായ മനുഷ്യനെതിരേ,
യാതൊരുകാരണവശാലും കലഹിക്കരുത്.
 
31 അക്രമിയോട് അസൂയപ്പെടുകയോ
അയാളുടെ പാത തെരഞ്ഞെടുക്കുകയോ ചെയ്യരുത്.
 
32 വക്രതയുള്ളവർ യഹോവയ്ക്ക് അറപ്പാകുന്നു
എന്നാൽ പരമാർഥതയുള്ളവരോട് അവിടന്ന് വിശ്വസ്തതപുലർത്തുന്നു.
33 ദുഷ്ടരുടെ ഭവനത്തെ യഹോവ ശപിക്കുന്നു,
നീതിനിഷ്ഠരുടെ ഭവനത്തെയോ, അവിടന്ന് അനുഗ്രഹിക്കുന്നു.
34 പരിഹാസികളെ അവിടന്ന് അപഹസിക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.*
35 ജ്ഞാനികൾ ബഹുമാനാർഹരായിത്തീരുന്നു,
ഭോഷരെ അപമാനത്തിന് ഏൽപ്പിച്ചുകൊടുക്കും.
* 3:1 മൂ.ഭാ. എന്റെ മകനേ; വാ. 11, 21 കാണുക. 3:6 അഥവാ, നിന്നെ വഴിനടത്തും 3:12 എബ്രാ. 12:6 § 3:14 അവൾ, വിവക്ഷിക്കുന്നത് ജ്ഞാനം * 3:34 യാക്കോ. 4:6;1 പത്രോ. 5:5