സങ്കീർത്തനം 118
യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
 
ഇസ്രായേല്യർ പറയട്ടെ:
“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
അഹരോൻഗൃഹം പറയട്ടെ:
“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
യഹോവയെ ഭയപ്പെടുന്നവർ പറയട്ടെ:
“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
 
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു;
അവിടന്ന് എനിക്ക് ഉത്തരമരുളി, എന്നെ വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.
യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല.
വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്.
ഞാൻ വിജയംനേടി എന്റെ ശത്രുക്കളെ കാണും.
 
മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ
യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.
പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ
യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.
10 സകലരാഷ്ട്രങ്ങളും എന്നെ വളഞ്ഞു,
എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.
11 അവർ എന്നെ വളഞ്ഞു; അതേ അവർ എന്നെ വളഞ്ഞു,
എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.
12 തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി,
എന്നാൽ മുൾത്തീപോലെ വേഗത്തിൽ അവർ എരിഞ്ഞമർന്നു;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.
13 ഞാൻ വീഴാൻ തക്കവണ്ണം എന്റെ ശത്രുക്കൾ എന്നെ തള്ളി,
എന്നാൽ യഹോവ എന്നെ സഹായിച്ചു.
14 യഹോവ എന്റെ ബലവും എന്റെ ഗീതവും* ആകുന്നു;
അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു.
 
15 നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ
ആനന്ദത്തിന്റെയും വിജയത്തിന്റെയും ഘോഷം ഉയരുന്നു:
“യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!
16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;
യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!”
17 ഞാൻ മരിക്കുകയില്ല, എന്നാൽ ജീവിച്ചിരുന്ന്,
യഹോവയുടെ പ്രവൃത്തികൾ വർണിക്കും.
18 യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു,
എങ്കിലും അവിടന്ന് എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തില്ല.
19 നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക;
ഞാൻ അവയിലൂടെ പ്രവേശിച്ച് യഹോവയ്ക്കു സ്തോത്രമർപ്പിക്കും.
20 യഹോവയുടെ കവാടം ഇതാകുന്നു
നീതിനിഷ്ഠർ അതിൽക്കൂടെ പ്രവേശിക്കും.
21 അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും;
അങ്ങ് എന്റെ രക്ഷയായിത്തീർന്നിരിക്കുന്നുവല്ലോ.
 
22 ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ
മൂലക്കല്ലായിത്തീർന്നിരിക്കുന്നു;
23 ഇത് യഹോവ ചെയ്തു;
നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു.
24 ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം;
ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം.
 
25 യഹോവേ, ഞങ്ങളെ രക്ഷിക്കണമേ!
യഹോവേ, ഞങ്ങൾക്കു വിജയം നൽകണമേ!
 
26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
യഹോവയുടെ മന്ദിരത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.
27 യഹോവ ആകുന്നു ദൈവം,
അവിടന്ന് ഞങ്ങൾക്കു പ്രകാശം നൽകിയിരിക്കുന്നു.
യാഗപീഠത്തിന്റെ കൊമ്പുകളിൽ
യാഗമൃഗത്തെ ബന്ധിക്കുക.
 
28 അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ സ്തുതിക്കുന്നു;
അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ പുകഴ്ത്തുന്നു.
 
29 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
* സങ്കീർത്തനം 118:14 അഥവാ, പരിരക്ഷ