സങ്കീർത്തനം 65
ദാവീദിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
ദൈവമേ, സീയോനിൽ സ്തുതി അങ്ങേക്ക് യോഗ്യം;*
അങ്ങേക്കുതന്നെ ഞങ്ങൾ നേർച്ചയർപ്പിക്കും.
പ്രാർഥനയ്ക്ക് ഉത്തരമരുളുന്ന ദൈവമേ,
സകലജനവും അങ്ങയുടെ അടുക്കലേക്കു വരും
ഞങ്ങളുടെ പാപങ്ങൾ ഞങ്ങളെ മൂടിക്കളഞ്ഞെങ്കിലും
അവിടന്ന് ഞങ്ങളുടെ അതിക്രമങ്ങൾ ക്ഷമിച്ചിരിക്കുന്നു.
അങ്ങയുടെ വിശുദ്ധമന്ദിരാങ്കണത്തിൽ വസിക്കേണ്ടതിന്
അങ്ങ് തെരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യർ അനുഗൃഹീതർ.
അവിടത്തെ നിവാസസ്ഥാനമായ വിശുദ്ധമന്ദിരത്തിലെ
നന്മകളാൽ ഞങ്ങൾ സംതൃപ്തരാകും.
 
ഭൂമിയിലെ സകലസീമകൾക്കും
വിദൂര സമുദ്രങ്ങൾക്കും
പ്രത്യാശയായിരിക്കുന്ന ഞങ്ങളുടെ രക്ഷകനായ ദൈവമേ,
അങ്ങ് അത്ഭുതകരമായ നീതിപ്രവൃത്തികളാൽ ഞങ്ങൾക്ക് ഉത്തരമരുളുന്നു.
അവിടന്ന് ബലം അരയ്ക്കുകെട്ടിക്കൊണ്ട്
അവിടത്തെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിച്ചു.
അവിടന്ന് സമുദ്രങ്ങളുടെ ഗർജനവും
തിരമാലകളുടെ അലർച്ചയും
രാഷ്ട്രങ്ങളുടെ കലഹവും ശമിപ്പിച്ചു.
ഭൂമിയിലെല്ലായിടത്തും പാർക്കുന്ന ജനം അവിടത്തെ അത്ഭുതങ്ങൾനിമിത്തം വിസ്മയപ്പെടുന്നു;
ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളിൽനിന്ന്
അവിടന്ന് ആനന്ദഗീതം ആലപിക്കുമാറാക്കുന്നു.
 
അവിടന്ന് ഭൂമിയെ സന്ദർശിക്കുകയും അത് നനയ്ക്കുകയും ചെയ്യുന്നു;
അവിടന്ന് അതിനെ അത്യന്തം ഫലപുഷ്ടമാക്കുന്നു.
ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു;
ഇങ്ങനെ അങ്ങ് ഭൂമിയെ ഒരുക്കി
അവർക്കു ധാന്യംനൽകുന്നു.
10 അങ്ങ് അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു;
മഴയാൽ അങ്ങ് അതിനെ കുതിർക്കുകയും അതിന്റെ മുളയെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
11 അങ്ങ് സംവത്സരത്തെ നന്മകൊണ്ട് കിരീടമണിയിക്കുന്നു,
അവിടത്തെ പാതകൾ പുഷ്ടിപൊഴിക്കുന്നു.
12 മരുഭൂമിയിലെ പുൽമേടുകൾ സമൃദ്ധിപൊഴിക്കുന്നു
കുന്നുകൾ ആനന്ദം അണിഞ്ഞിരിക്കുന്നു.
13 പുൽപ്പുറങ്ങളിൽ ആട്ടിൻപറ്റം നിറഞ്ഞിരിക്കുന്നു
താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു;
അവർ ആനന്ദത്താൽ ആർക്കുകയും പാടുകയുംചെയ്യുന്നു.
സംഗീതസംവിധായകന്.
* സങ്കീർത്തനം 65:1 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. സങ്കീർത്തനം 65:3 അഥവാ, പ്രായശ്ചിത്തം കഴിച്ചു സങ്കീർത്തനം 65:13 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.