സങ്കീർത്തനം 87
കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം.
1 യഹോവ വിശുദ്ധപർവതത്തിൽ തന്റെ നഗരം സ്ഥാപിച്ചിരിക്കുന്നു.
2 യാക്കോബിന്റെ സകലനിവാസസ്ഥാനങ്ങളെക്കാളും
സീയോന്റെ കവാടങ്ങളെ അവിടന്ന് സ്നേഹിക്കുന്നു.
3 ദൈവത്തിന്റെ നഗരമേ,
നിന്നെക്കുറിച്ചു മഹത്തരമായ കാര്യങ്ങൾ പറയപ്പെട്ടിരിക്കുന്നു:
സേലാ.
4 “എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ
ഞാൻ രഹബിനെയും ബാബേലിനെയും രേഖപ്പെടുത്തും—
ഫെലിസ്ത്യദേശവും സോരും കൂശും അക്കൂട്ടത്തിലുണ്ട്—
‘ഇവൻ സീയോനിൽ ജനിച്ചു,’ എന്നു പറയപ്പെടും.”
5 സീയോനെപ്പറ്റി ഇപ്രകാരം പറയും, നിശ്ചയം,
“ഇവനും അവനും ജനിച്ചത് ഇവിടെയാണ്,
അത്യുന്നതൻതന്നെയാണ് സീയോനെ സ്ഥാപിച്ചിരിക്കുന്നത്.”
6 യഹോവ ജനതകളുടെ ജനസംഖ്യ എടുക്കുമ്പോൾ:
“ഈ ആൾ സീയോനിൽ ജനിച്ചു,” എന്നു രേഖപ്പെടുത്തും.
സേലാ.
7 ഗായകരെപ്പോലെ നർത്തകരും
“എന്റെ എല്ലാ ഉറവിടവും അങ്ങയിൽ ആകുന്നു,” എന്നു പാടും.
ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതസംവിധായകന്; മഹലത്ത് രാഗത്തിൽ.