10
സഹോദരങ്ങളേ, ഇസ്രായേല്യർ രക്ഷിക്കപ്പെടണമെന്നു ഞാൻ ഹൃദയപൂർവം ആഗ്രഹിക്കുകയും അവർക്കായി ദൈവത്തോടു പ്രാർഥിക്കുകയുംചെയ്യുന്നു. ദൈവികകാര്യങ്ങളിൽ അവർക്കു തീക്ഷ്ണതയുണ്ട് എന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ആ തീക്ഷ്ണത വിവേചനത്തോടുകൂടിയതല്ല. കാരണം, ദൈവം മനുഷ്യരെ നീതീകരിക്കുന്നവിധം അറിയാതെ സ്വന്തം പ്രയത്നത്താൽ നീതീകരിക്കപ്പെടാൻ ശ്രമിച്ചുകൊണ്ട് അവർ ദൈവനീതിക്കു വിധേയപ്പെടാതിരുന്നു. ക്രിസ്തു ന്യായപ്രമാണത്തിന്റെ പൂർത്തീകരണമായതിനാൽ ക്രിസ്തുവിൽ വിശ്വസിക്കുന്ന ആരും നീതീകരിക്കപ്പെടും.
ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച് മോശ ഇപ്രകരം എഴുതിയിരിക്കുന്നു: “അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും.”* എന്നാൽ, വിശ്വാസത്താലുള്ള നീതിയാകട്ടെ, ഇപ്രകാരമാണു പറയുന്നത്: “ക്രിസ്തുവിനെ താഴേക്കു കൊണ്ടുവരാൻ, ‘ആർ സ്വർഗത്തിൽക്കയറും?’ എന്നോ ‘ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻ ആർ പാതാളത്തിൽ ഇറങ്ങും?’ ” എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്. എന്നാൽ തിരുവെഴുത്ത് എന്തുപറയുന്നു? “വചനം നിങ്ങൾക്കു സമീപമാകുന്നു; അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു,”§ ഞങ്ങൾ ഉദ്ഘോഷിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെയാണ് അത്. “യേശു കർത്താവാകുന്നു” എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. 10 അങ്ങനെ ഒരുവൻ ഹൃദയത്തിൽ വിശ്വസിച്ചു നീതീകരിക്കപ്പെടുകയും വാകൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞു രക്ഷപ്രാപിക്കുകയുംചെയ്യുന്നു. 11 “യേശുകർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല”* എന്നു തിരുവെഴുത്തു പറയുന്നല്ലോ. 12 യെഹൂദനും യെഹൂദേതരനുംതമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവരുടെയും കർത്താവ് ഒരുവൻ അത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കാൻ തക്കവണ്ണം അവിടന്നു സമ്പന്നനാകുന്നു. 13 “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,” എന്നുണ്ടല്ലോ.
14 എന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വസിക്കും? ആരെങ്കിലും പ്രസംഗിക്കാതെ എങ്ങനെ കേൾക്കും? 15 അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും? “സുവാർത്ത ഘോഷിക്കുന്നവരുടെ പാദം എത്ര മനോഹരം!” എന്ന് എഴുതിയിരിക്കുന്നല്ലോ.
16 എന്നാൽ, എല്ലാ ഇസ്രായേല്യരും സുവിശേഷം അനുസരിച്ചിട്ടില്ല. “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു?”§ എന്ന് യെശയ്യാവു ചോദിക്കുന്നുണ്ടല്ലോ. 17 അങ്ങനെ വിശ്വാസം ദൈവികസന്ദേശത്തിന്റെ കേൾവിയാലും കേൾവി ക്രിസ്തുവിനെക്കുറിച്ചുള്ള വചനത്താലും ഉണ്ടാകുന്നു. 18 എന്നാൽ, അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. തീർച്ചയായും അവർ കേട്ടിരിക്കുന്നു.
“അവരുടെ ശബ്ദം സർവഭൂമിയിലും
അവരുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിവരെയും ചെന്നെത്തിയിരിക്കുന്നു,”*
എന്ന് എഴുതിയിരിക്കുന്നല്ലോ. 19 ഇസ്രായേൽ ഗ്രഹിച്ചില്ലയോ? എന്നു ഞാൻ വീണ്ടും ചോദിക്കുന്നു. ആദ്യമായി,
“ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങളെ അസൂയയുള്ളവരാക്കും;
തിരിച്ചറിവില്ലാത്ത ഒരു ജനതയെക്കൊണ്ടു ഞാൻ നിങ്ങളെ പ്രകോപിപ്പിക്കും,”
എന്നിങ്ങനെ മോശ പറയുന്നു.
20 അതുപോലെ യെശയ്യാവും ധൈര്യപൂർവം പറയുന്നു:
“എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി;
എന്നെ ആവശ്യപ്പെടാത്തവർക്കു ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി.”
21 എന്നാൽ ഇസ്രായേലിനെക്കുറിച്ചാകട്ടെ,
“അനുസരണകെട്ടവരും നിഷേധികളുമായ ജനങ്ങളിലേക്കു
ഞാൻ ദിവസംമുഴുവനും കൈനീട്ടി”§
എന്നാണ് അദ്ദേഹം പറയുന്നത്.
* 10:5 ലേവ്യ. 18:15 10:6 ആവ. 30:12 10:7 ആവ. 30:13 § 10:8 ആവ. 30:14 * 10:11 യെശ. 28:16 10:13 യോവേ. 2:32 10:15 യെശ. 52:7 § 10:16 യെശ. 53:1 * 10:18 സങ്കീ. 19:4 10:19 ആവ. 32:21 10:20 യെശ. 65:1 § 10:21 യെശ. 65:2