11
ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ പിതാവോ ഗിലെയാദ് ആയിരുന്നു. ഗിലെയാദിന്റെ ഭാര്യയും അവന് പുത്രന്മാരെ പ്രസവിച്ചു; അവർ വളർന്നശേഷം യിഫ്താഹിനോട്: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്ന് പറഞ്ഞ് അവനെ ഓടിച്ചുകളഞ്ഞു. അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ട് തോബ് ദേശത്ത് ചെന്ന് പാർത്തു; നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്ന് അവനുമായി സഹവസിച്ചു.
കുറെക്കാലം കഴിഞ്ഞിട്ട് അമ്മോന്യർ യിസ്രായേലിനോട് യുദ്ധംചെയ്തു. അമ്മോന്യർ യിസ്രായേലിനോട് യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്ന് കൊണ്ടുവരുവാൻ ചെന്നു. അവർ യിഫ്താഹിനോട്: അമ്മോന്യരോട് യുദ്ധം ചെയ്യേണ്ടതിന് നീ വന്ന് ഞങ്ങളുടെ സൈന്യാധിപനായിരിക്ക എന്ന് പറഞ്ഞു. യിഫ്താഹ് ഗിലെയാദ്യരോട്: നിങ്ങൾ എന്നെ പകെച്ച് എന്റെ പിതൃഭവനത്തിൽ നിന്ന് എന്നെ നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയപ്പോൾ എന്റെ അടുക്കൽ എന്തിന് വരുന്നു എന്ന് പറഞ്ഞു. ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: നീ ഞങ്ങളോടുകൂടെ വന്ന് അമ്മോന്യരോട് യുദ്ധംചെയ്കയും ഗിലെയാദിലെ സകലനിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ട് വന്നിരിക്കുന്നു എന്ന് പറഞ്ഞു. യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോട്: അമ്മോന്യരോട് യുദ്ധം ചെയ്‌വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ട്, യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചാൽ, നിങ്ങൾ എന്നെ തലവനാക്കുമോ എന്ന് ചോദിച്ചു. 10 ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്; നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യുമെന്നുള്ളതിന് യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി എന്ന് പറഞ്ഞു. 11 അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സൈന്യാധിപനും ആക്കി; യിഫ്താഹ് മിസ്പയിൽവെച്ച് യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.
12 അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോട് യുദ്ധം ചെയ്‌വാൻ എന്റെ ദേശത്ത് വരേണ്ടതിന് നിനക്കെന്തു കാര്യം എന്ന് പറയിച്ചു. 13 അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോട്: മിസ്രയീമിൽ നിന്നു പുറപ്പെട്ടുവന്നപ്പോൾ യിസ്രായേൽ അർന്നോൻ മുതൽ യാബ്ബോക്കോളവും യോർദ്ദാൻ വരെയും ഉള്ള എന്റെ ദേശം കൈവശമാക്കിയതിനാൽ തന്നേ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്ന് പറഞ്ഞു. 14 യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു, 15 അവനോട് പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു: 16 യിസ്രായേൽ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ കൈവശപ്പെടുത്തിയിട്ടില്ല; അവർ മിസ്രയീമിൽനിന്ന് പുറപ്പെട്ട് മരുഭൂമിയിൽക്കൂടി ചെങ്കടൽവരെ സഞ്ചരിച്ച് കാദേശിൽ എത്തി. 17 യിസ്രായേൽ ഏദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം ചോദിച്ചു എങ്കിലും ഏദോംരാജാവ് സമ്മതിച്ചില്ല; മോവാബ്‌രാജാവിന്റെ അടുക്കലും പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു. 18 അവർ മരുഭൂമിയിൽക്കൂടി സഞ്ചരിച്ച് ഏദോം ദേശവും മോവാബ് ദേശവും ചുറ്റി മോവാബ് ദേശത്തിന്റെ കിഴക്ക് എത്തി അർന്നോന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നതിനാൽ മോവാബിന്റെ അതിരിനകത്ത് അവർ കടന്നില്ല. 19 പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ച് “നിന്റെ ദേശത്തുകൂടി ഞങ്ങളുടെ സ്ഥലത്തേക്ക് കടന്നുപോകുവാൻ അനുവാദം തരേണം എന്ന് പറയിച്ചു”. 20 എങ്കിലും സീഹോൻ യിസ്രായേലിനെ വിശ്വസിക്കാതിരുന്നതുകൊണ്ട് തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിച്ചില്ല അവൻ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി, അവരോട് യുദ്ധംചെയ്തു. 21 യിസ്രായേലിന്റെ ദൈവമായ യഹോവ, സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അങ്ങനെ അവർ അവരെ തോല്പിച്ച്, ആ ദേശനിവാസികളായ അമോര്യരുടെ ദേശം ഒക്കെയും കൈവശമാക്കി. 22 അർന്നോൻ മുതൽ യാബ്ബോക്ക്‌വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശം ഒക്കെയും അവർ അധീനപ്പെടുത്തി. 23 യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അത് വീണ്ടും കൈവശമാക്കുവാൻ പോകുന്നുവോ? 24 നിന്റെ ദേവനായ കെമോശ് അവകാശമായി തരുന്ന ദേശത്തെ നീ അനുഭവിക്കുകയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്ക് തരുന്ന അവകാശം ഞങ്ങളും അനുഭവിക്കും. 25 സിപ്പോരിന്റെ മകൻ ബാലാക്ക് എന്ന മോവാബ്‌രാജാവിനെക്കാൾ നീ യോഗ്യനോ? അവൻ യിസ്രായേലിനോട് എപ്പോഴെങ്കിലും മൽസരിച്ചിട്ടുണ്ടോ? യുദ്ധം ചെയ്തിട്ടുണ്ടോ? 26 യിസ്രായേൽ ഹെശ്ബോനിലും അരോവേരിലും അവയുടെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷങ്ങളോളം പാർത്തിരിക്കെ, ആ കാലയളവിനുള്ളിൽ നിങ്ങൾ അവയെ എന്തുകൊണ്ട് വീണ്ടെടുത്തില്ല? 27 ആകയാൽ ഞാൻ നിന്നോട് അന്യായം ചെയ്തിട്ടില്ല; എന്നോട് യുദ്ധം ചെയ്യുന്നതിനാൽ നീ ആകുന്നു അന്യായം ചെയ്യുന്നത്; യഹോവ എന്ന ന്യായാധിപതി ഇന്ന് യിസ്രായേൽ മക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ. 28 എന്നാൽ യിഫ്താഹിന്റെ വാക്കുകൾ അമ്മോന്യരുടെ രാജാവ് വകവച്ചില്ല.
29 അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്റെ മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്ന് ഗിലെയാദിലെ മിസ്പയിൽ എത്തി; അവിടെനിന്ന് അമ്മോന്യരുടെ നേരെ ചെന്നു. 30 യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് പറഞ്ഞത്: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ 31 ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ, എന്റെ വീട്ടുവാതില്‍ക്കൽ നിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവെക്കുള്ളതാകും; അതിനെ ഞാൻ ഹോമയാഗമായി അർപ്പിക്കും. 32 ഇങ്ങനെ യിഫ്താഹ് അമ്മോന്യരോട് യുദ്ധം ചെയ്‌വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു. 33 അവൻ അരോവേർ മുതൽ മിന്നീത്തോളവും, ആബേൽ-കെരാമീം വരെയും ഒരു മഹാസംഹാരം നടത്തി; ഇരുപത് പട്ടണം ജയിച്ചടക്കി.
34 എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ, ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് വേറെ മക്കൾ ഉണ്ടായിരുന്നില്ല. 35 അവളെ കണ്ടയുടനെ അവൻ വസ്ത്രം കീറി, “അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു; നീയും എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; നേർച്ചയിൽ നിന്ന് എനിക്ക് പിന്മാറിക്കൂടാ” എന്ന് പറഞ്ഞു. 36 അവൾ അവനോട്, “അപ്പാ, നീ യഹോവയോട് പറഞ്ഞുപോയിട്ടുണ്ടെങ്കിൽ, യഹോവ നിനക്ക് വേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ എന്നോട് ചെയ്ക” എന്ന് പറഞ്ഞു. 37 “എന്നാൽ ഒരു കാര്യം എനിക്ക് വേണ്ടി ചെയ്തു തരേണം; ഞാനും എന്റെ സഖിമാരും മാത്രമായി പർവ്വതങ്ങളിൽ ചെന്ന് എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന് എനിക്ക് രണ്ടുമാസം തരേണം “എന്ന് അവൾ തന്റെ അപ്പനോട് പറഞ്ഞു. 38 അതിന് അവൻ: പോക എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്ന് തന്റെ കന്യാത്വത്തെക്കുറിച്ച് പർവ്വതങ്ങളിൽ വിലാപം കഴിച്ചു. 39 രണ്ടുമാസം കഴിഞ്ഞ് അവൾ തന്റെ അപ്പന്റെ അടുക്കൽ മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ* നേർച്ചപോലെ അവളുടെ ശിഷ്ടകാലം യഹോവക്ക് കന്യകയായി പാര്‍ത്തു അവളോട് ചെയ്തു; അവൾ ഒരു പുരുഷനെയും അറിഞ്ഞിരുന്നില്ല. 40 പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാല് ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെക്കുറിച്ച് വിലപിപ്പാൻ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.

*11. 39 നേർച്ചപോലെ അവളുടെ ശിഷ്ടകാലം യഹോവക്ക് കന്യകയായി പാര്‍ത്തു