17
യെഹൂദായുടെ പാപം 
  1 “യെഹൂദായുടെ പാപം നാരായംകൊണ്ടും വജ്രമുനകൊണ്ടും എഴുതിവച്ചിരിക്കുന്നു; അത് അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ യാഗപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.   2 ഉയർന്ന കുന്നുകളിൽ പച്ചമരങ്ങൾക്കരികിലുള്ള അവരുടെ യാഗപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കൾ ഓർക്കുന്നുവല്ലോ.   3 വയൽപ്രദേശത്തെ എന്റെ പർവ്വതമേ, നിന്റെ അതിരിനകത്ത് എല്ലായിടവും ചെയ്ത പാപംനിമിത്തം ഞാൻ നിന്റെ സമ്പത്തും സകലനിക്ഷേപങ്ങളും പൂജാഗിരികളും കവർച്ചയ്ക്ക് ഏല്പിക്കും.   4 ഞാൻ നിനക്കു തന്ന അവകാശം നീ വിട്ടുപോകേണ്ടിവരും; നീ അറിയാത്ത ദേശത്ത് ഞാൻ നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും; നിങ്ങൾ എന്റെ കോപത്തിൽ ഒരു തീ ജ്വലിപ്പിച്ചിരിക്കുന്നു; അത് എന്നേക്കും കത്തിക്കൊണ്ടിരിക്കും.”   
 5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:  
“മനുഷ്യനിൽ ആശ്രയിച്ച് ജഡത്തെ തന്റെ ഭുജമാക്കി  
ഹൃദയംകൊണ്ട് യഹോവയെ വിട്ടുമാറുന്ന  
മനുഷ്യൻ ശപിക്കപ്പെട്ടവൻ.   
 6 അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും;  
നന്മ വരുമ്പോൾ അത് കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും  
ജനവാസം ഇല്ലാത്ത ഉപ്പുനിലത്തിലും പാർക്കും.   
 7 യഹോവയിൽ ആശ്രയിക്കുകയും  
യഹോവ തന്നെ ആശ്രയമായിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.   
 8 അവൻ വെള്ളത്തിനരികിൽ നട്ടിരിക്കുന്നതും  
ആറ്റരികിൽ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും;  
ഉഷ്ണം തട്ടുമ്പോൾ അത് പേടിക്കുകയില്ല;  
അതിന്റെ ഇല പച്ചയായിരിക്കും;  
വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ  
ഫലം കായിച്ചുകൊണ്ടിരിക്കും.   
 9 ഹൃദയം എല്ലാറ്റിനെക്കാളും കപടവും ദുഷ്ടതയുമുള്ളത്;  
അത് ആരാഞ്ഞറിയുന്നവൻ ആര്?   
 10 യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്ത്  
അന്തരംഗങ്ങളെ പരീക്ഷിച്ച്  
ഓരോരുത്തന് അവനവന്റെ നടപ്പിനും  
പ്രവൃത്തിയുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നു.   
 11 ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ,  
താൻ ഇടാത്ത മുട്ടയ്ക്ക് പൊരുന്നയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു;  
അവന്റെ ആയുസ്സിന്റെ മദ്ധ്യത്തിൽ അത് അവനെ വിട്ടുപോകും:  
ഒടുവിൽ അവൻ ഒരു ഭോഷനായിരിക്കും.   
 12 ആദിമുതൽ ഉന്നതമായി, മഹത്വമുള്ള സിംഹാസനമാകുന്നു  
ഞങ്ങളുടെ വിശുദ്ധമന്ദിരം.   
 13 യിസ്രായേലിന്റെ പ്രത്യാശയായ യഹോവേ,  
അങ്ങയെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും.  
“എന്നെ വിട്ടുപോകുന്നവരെ മണ്ണിൽ എഴുതിവയ്ക്കും;  
അവർ ജീവജലത്തിൻ്റെ ഉറവയായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.”   
 14 യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്നാൽ എനിക്ക് സൗഖ്യം വരും;  
എന്നെ രക്ഷിക്കേണമേ, എന്നാൽ ഞാൻ രക്ഷപെടും;  
അവിടുന്ന് എന്റെ പുകഴ്ചയല്ലയോ.   
 15 അവർ എന്നോട്: ‘യഹോവയുടെ വചനം എവിടെ?  
അത് വരട്ടെ’ എന്നു പറയുന്നു.   
 16 ഞാനോ ഒരു ഇടയനായി അങ്ങയെ സേവിക്കുവാൻ മടിച്ചില്ല;  
ദുർദ്ദിനം ഞാൻ ആഗ്രഹിച്ചതുമില്ല എന്നു അവിടുന്ന് അറിയുന്നു;  
എന്റെ അധരങ്ങൾ ഉച്ചരിച്ചത് തിരുമുമ്പിൽ ഇരിക്കുന്നു.   
 17 അങ്ങ് എനിക്ക് ഭീതിവിഷയമാകരുതേ;  
അനർത്ഥദിവസത്തിൽ എന്റെ ശരണം അവിടുന്നല്ലയോ.   
 18 എന്നെ ഉപദ്രവിക്കുന്നവർ ലജ്ജിച്ചുപോകട്ടെ;  
ഞാൻ ലജ്ജിച്ചുപോകരുതേ;  
അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ;  
അവർക്ക് അനർത്ഥദിവസം വരുത്തേണമേ;  
ഇരട്ടി വിനാശം വരുത്തി അവരെ തകർക്കേണമേ.”   
ശബ്ബത്തുനാൾ ആചരിക്കുക 
  19 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ ചെന്നു, യെഹൂദാരാജാക്കന്മാർ അകത്ത് വരുകയും പുറത്തു പോകുകയും ചെയ്യുന്ന ജനത്തിന്റെ വാതില്‍ക്കലും*ജനത്തിന്റെ വാതില്‍ക്കലും ബെന്യാമിന്‍റെ വാതില്‍ക്കലും യെരൂശലേമിന്റെ എല്ലാവാതില്ക്കലും നിന്നുകൊണ്ട് അവരോടു പറയുക:   20 ഈ വാതിലുകളിൽകൂടി അകത്ത് കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലാ യെഹൂദന്മാരും യെരൂശലേമിലെ സർവ്വനിവാസികളും ആയുള്ളവരേ, യഹോവയുടെ അരുളപ്പാടു കേൾക്കുവിൻ!   21 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സൂക്ഷിച്ചുകൊള്ളുവിൻ; ശബ്ബത്തുനാളിൽ യാതൊരു ചുമടും ചുമന്ന് യെരൂശലേമിന്റെ വാതിലുകളിൽകൂടി അകത്ത് കൊണ്ടുവരരുത്.   22 നിങ്ങളുടെ വീടുകളിൽനിന്ന് യാതൊരു ചുമടും ശബ്ബത്തുനാളിൽ പുറത്തു കൊണ്ടുപോകാതെയും, യാതൊരുവേലയും ചെയ്യാതെയും, നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരോട് ഞാൻ കല്പിച്ചതുപോലെ ശബ്ബത്തുനാൾ വിശുദ്ധീകരിക്കുവിൻ.   23 എന്നാൽ അവർ അനുസരിച്ചില്ല, ചെവി ചായിച്ചതുമില്ല; കേട്ടനുസരിക്കുകയോ ബുദ്ധ്യുപദേശം കൈക്കൊള്ളുകയോ ചെയ്യാതെ അവർ ശാഠ്യം കാണിച്ചു.   
 24 “നിങ്ങളോ ശബ്ബത്തുനാളിൽ ഈ നഗരത്തിന്റെ വാതിലുകളിൽകൂടി യാതൊരു ചുമടും കൊണ്ടുവരാതെയും ശബ്ബത്തുനാളിൽ യാതൊരുവേലയും ചെയ്യാതെയും അതിനെ വിശുദ്ധീകരിക്കേണ്ടതിന് എന്റെ വാക്കു ജാഗ്രതയോടെ കേട്ടനുസരിക്കുമെങ്കിൽ,   25 ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും രാജകുമാരന്മാരും അവരുടെ പ്രഭുക്കന്മാരായ യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ഈ നഗരത്തിന്റെ വാതിലുകളിൽകൂടി കടക്കുകയും ഈ നഗരം എന്നേക്കും നിലനില്‍ക്കുകയും ചെയ്യും” എന്നു യഹോവയുടെ അരുളപ്പാടു.   26 യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേമിനു ചുറ്റും ഉള്ള പ്രദേശങ്ങളിൽനിന്നും ബെന്യാമീൻദേശത്തുനിന്നും താണപ്രദേശങ്ങളിൽനിന്നും മലനാടുകളിൽനിന്നും തെക്കേ†തെക്കേ നെഗേവ് ദിക്കിൽനിന്നും അവർ ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും കുന്തുരുക്കവും കൊണ്ടുവരും; യഹോവയുടെ ആലയത്തിൽ അവർ സ്തോത്രയാഗവും അർപ്പിക്കും.   
 27 “എന്നാൽ ശബ്ബത്തുനാൾ വിശുദ്ധീകരിക്കുവാനും ശബ്ബത്തുനാളിൽ യെരൂശലേമിന്റെ വാതിലുകളിൽകൂടി ചുമട് ചുമന്നുകൊണ്ടുപോകാതെ ഇരിക്കുവാനും നിങ്ങൾ എന്റെ വാക്കു കേട്ടനുസരിക്കുകയില്ലെങ്കിൽ ഞാൻ അതിന്റെ വാതിലുകളിൽ തീ കൊളുത്തും; അത് കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും.”