14
അനുഗ്രഹത്തിനായി അനുതപിക്കുക
ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയിലേക്കു മടങ്ങിവരിക.
നിന്റെ പാപങ്ങളായിരുന്നു നിന്റെ വീഴ്ചയ്ക്കു കാരണമായത്!
അനുതാപവാക്യങ്ങളുമായി
യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകുക.
യഹോവയോടു പറയുക:
“ഞങ്ങളുടെ സകലപാപങ്ങളും ക്ഷമിക്കണമേ,
ഞങ്ങളുടെ അധരഫലം അർപ്പിക്കേണ്ടതിന്
ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ.
അശ്ശൂരിനു ഞങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല.
യുദ്ധക്കുതിരകളുടെമേൽ ഞങ്ങൾ കയറി ഓടിക്കുകയില്ല.
ഞങ്ങളുടെ സ്വന്തം കൈപ്പണിയോട്,
‘ഞങ്ങളുടെ ദൈവമേ’ എന്നു ഞങ്ങൾ ഇനി ഒരിക്കലും പറയുകയില്ല.
അനാഥനു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ.
 
“ഞാൻ അവരുടെ വിശ്വാസത്യാഗത്തെ സൗഖ്യമാക്കും
ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും,
എന്റെ കോപം അവരെവിട്ടു തിരിഞ്ഞിരിക്കുന്നല്ലോ.
ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും;
അവൻ ശോശന്നപ്പുഷ്പംപോലെ* അതായത്, ഒരുതരം ലില്ലിപ്പൂവ് പുഷ്പിക്കും.
ലെബാനോനിലെ ദേവദാരുപോലെ
അവൻ ആഴത്തിൽ വേരൂന്നും;
അവന്റെ ഇളംകൊമ്പുകൾ വളരും.
അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്റെ തഴപ്പുപോലെയും
വാസന ലെബാനോനിലെ ദേവദാരുപോലെയും ആയിരിക്കും.
അവന്റെ നിഴലിൽ ഇനിയും മനുഷ്യൻ വസിക്കും;
അവർ ധാന്യംപോലെ തഴയ്ക്കും,
അവർ മുന്തിരിവള്ളിപോലെ തളിർക്കും—
ഇസ്രായേലിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റെ പ്രശസ്തിപോലെ ആയിരിക്കും.
എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കുംതമ്മിൽ എന്ത്?
ഞാൻ അവനു മറുപടി നൽകുകയും അവനുവേണ്ടി കരുതുകയും ചെയ്യും.
ഞാൻ തഴച്ചുവളരുന്ന സരളവൃക്ഷംപോലെ ആകുന്നു;
നിന്റെ ഫലസമൃദ്ധി എന്നിൽനിന്ന് വരുന്നു.”
 
ആരാണ് ജ്ഞാനി? അവർ ഈ വസ്തുതകൾ ഗ്രഹിക്കട്ടെ.
ആരാണ് വിവേകി? അവർ ഇവ മനസ്സിലാക്കട്ടെ.
യഹോവയുടെ വഴികൾ നേരുള്ളവതന്നെ;
നീതിനിഷ്ഠർ അതിൽ നടക്കും
മത്സരികളോ, അതിൽ ഇടറിവീഴും.

*14:5 അതായത്, ഒരുതരം ലില്ലിപ്പൂവ്