13
ശിംശോന്റെ ജനനം
ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾ തുടർന്നു. യഹോവ അവരെ നാൽപ്പതുവർഷം ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു.
സോരാഥയിൽ ദാൻഗോത്രക്കാരനായ മനോഹ എന്ന പേരുള്ള ഒരു പുരുഷനുണ്ടായിരുന്നു. അയാളുടെ ഭാര്യ വന്ധ്യ ആയിരുന്നതുകൊണ്ട് അവർക്കു മക്കൾ ഉണ്ടായിരുന്നില്ല. യഹോവയുടെ ദൂതൻ അവൾക്കു പ്രത്യക്ഷനായി, അവളോട് ഇപ്രകാരം പറഞ്ഞു: “നീ വന്ധ്യയല്ലോ, നിനക്കു കുഞ്ഞുങ്ങളില്ല; എന്നാൽ നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കാൻ പോകുന്നു. ആകയാൽ വീഞ്ഞും മദ്യവും കുടിക്കാതിരിക്കാൻ സൂക്ഷിക്കുക. അശുദ്ധമായതൊന്നും*അശുദ്ധി, വിവക്ഷിക്കുന്നത് യെഹൂദാമതപരമായ, അഥവാ, ആചാരപരമായ അശുദ്ധിയാണ്. ഭക്ഷിക്കുകയുമരുത്. നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭംമുതൽ ദൈവത്തിന് നാസീർവ്രതസ്ഥനായിരിക്കും;സംഖ്യ. 6:1-21 കാണുക. അവൻ ഇസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്ന് മോചിപ്പിക്കാൻ തുടങ്ങും.”
അപ്പോൾ ആ സ്ത്രീ പോയി തന്റെ ഭർത്താവിനോട് പറഞ്ഞു: “ഒരു ദൈവപുരുഷൻ എന്റെ സമീപത്ത് വന്നു; അദ്ദേഹം ഒരു ദൈവദൂതനെപ്പോലെ കാണപ്പെട്ടു; ഭയാവഹമായ ഒരു കാഴ്ചയായിരുന്നു അത്. അദ്ദേഹം എവിടെനിന്നു വരുന്നു എന്നു ഞാൻ അദ്ദേഹത്തോട് ചോദിച്ചില്ല; അദ്ദേഹം എന്നോട് പേര് പറഞ്ഞതുമില്ല. എന്നാൽ അദ്ദേഹം എന്നോട്, ‘നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിനു നാസീർവ്രതസ്ഥനായിരിക്കും’ എന്നു പറഞ്ഞു.”
അപ്പോൾ മനോഹ യഹോവയോടു പ്രാർഥിച്ചു: “കർത്താവേ, അങ്ങ് അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽവന്ന്, ജനിക്കാനിരിക്കുന്ന ശിശുവിനെ വളർത്തേണ്ടത് എപ്രകാരമെന്ന് ഞങ്ങളെ പഠിപ്പിക്കാൻ അനുവദിക്കണമേ.”
ദൈവം മനോഹയുടെ പ്രാർഥന കേട്ടു, ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽവന്നു. അവൾ വയലിലായിരുന്നു; അവളുടെ ഭർത്താവ് മനോഹ അപ്പോൾ അവളുടെകൂടെ ഉണ്ടായിരുന്നില്ല. 10 ഉടനെ ആ സ്ത്രീ ഓടിച്ചെന്ന് ഭർത്താവിനോട്, “അന്ന് എനിക്കു പ്രത്യക്ഷനായ ആൾ ഇതാ വീണ്ടും വന്നിരിക്കുന്നു!” എന്നു പറഞ്ഞു.
11 മനോഹ ഭാര്യയോടുകൂടെ പോയി ആ പുരുഷന്റെ അടുക്കൽ എത്തി; “എന്റെ ഭാര്യയോടു സംസാരിച്ച ആൾ താങ്കളാണോ?” എന്നു ചോദിച്ചു.
“ഞാൻതന്നെ,” ദൂതൻ മറുപടി നൽകി.
12 മനോഹ ദൂതനോട് ചോദിച്ചു: “താങ്കളുടെ വചനം നിറവേറുമ്പോൾ ബാലന്റെ ജീവിതവും പ്രവർത്തനവും സംബന്ധിച്ചുള്ള നിബന്ധനകൾ എന്തൊക്കെയാണ്?”
13 യഹോവയുടെ ദൂതൻ മനോഹയോട് പറഞ്ഞു: “ഞാൻ സ്ത്രീയോട് പറഞ്ഞതെല്ലാം അവൾ പാലിക്കട്ടെ. 14 മുന്തിരിവള്ളിയിൽനിന്നുള്ള യാതൊന്നും അവൾ ഭക്ഷിക്കരുത്; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ഞാൻ അവളോടു കൽപ്പിച്ചതൊക്കെയും അവൾ പാലിക്കണം” എന്നു പറഞ്ഞു.
15 മനോഹ യഹോവയുടെ ദൂതനോട് പറഞ്ഞു: “ഞങ്ങൾ താങ്കൾക്കുവേണ്ടി ഒരു കോലാട്ടിൻകുട്ടിയെ പാകംചെയ്യുന്നതുവരെ നിൽക്കണമേ.”
16 യഹോവയുടെ ദൂതൻ മനോഹയോട്: “നീ എന്നെ തടഞ്ഞുനിർത്തിയാലും നിന്റെ ഭക്ഷണം ഞാൻ കഴിക്കുകയില്ല; ഒരു ഹോമയാഗം ഒരുക്കുന്നെങ്കിൽ അത് യഹോവയ്ക്ക് അർപ്പിക്കുക” എന്നു പറഞ്ഞു. അത് യഹോവയുടെ ദൂതൻ എന്ന് മനോഹ മനസ്സിലാക്കിയിരുന്നില്ല.
17 മനോഹ യഹോവയുടെ ദൂതനോട്: “താങ്കളുടെ വചനം യാഥാർഥ്യമാകുമ്പോൾ ഞങ്ങൾ താങ്കളെ ബഹുമാനിക്കേണ്ടതിന് താങ്കളുടെ പേരെന്ത്?” എന്നു ചോദിച്ചു.
18 യഹോവയുടെ ദൂതൻ അയാളോട്, “എന്റെ പേര് ചോദിക്കുന്നതെന്ത്? അതു നിനക്കു ഗ്രഹിക്കാവുന്നതല്ല”അഥവാ, ആശ്ചര്യകരവുമല്ല. എന്നു പറഞ്ഞു. 19 മനോഹ ഒരു കോലാട്ടിൻകുട്ടിയെ എടുത്ത് ഭോജനയാഗത്തോടൊപ്പം ഒരു പാറമേൽ യഹോവയ്ക്ക് യാഗം അർപ്പിച്ചു; മനോഹയുടെയും ഭാര്യയുടെയും മുമ്പിൽ യഹോവ ഒരു അതിശയം പ്രവർത്തിച്ചു. 20 യാഗപീഠത്തിൽനിന്ന് അഗ്നിജ്വാല ആകാശത്തിലേക്ക് ഉയർന്നപ്പോൾ യഹോവയുടെ ദൂതൻ ആ അഗ്നിജ്വാലയിൽ കയറിപ്പോയി; മനോഹയും ഭാര്യയും അതുകണ്ട് സാഷ്ടാംഗം വീണു. 21 യഹോവയുടെ ദൂതൻ പിന്നെ മനോഹയ്ക്കും ഭാര്യയ്ക്കും പ്രത്യക്ഷനായില്ല; അത് യഹോവയുടെ ദൂതനെന്ന് മനോഹ ഗ്രഹിച്ചു.
22 “ദൈവത്തെ കാണുകയാൽ നാം മരിച്ചുപോകും,” എന്നു മനോഹ ഭാര്യയോടു പറഞ്ഞു.
23 “നമ്മെ കൊല്ലാൻ യഹോവ ഉദ്ദേശിച്ചിരുന്നെങ്കിൽ അവിടന്ന് നമ്മുടെ ഹോമയാഗവും ഭോജനയാഗവും സ്വീകരിക്കുകയോ ഇവയൊക്കെയും നമുക്ക് കാണിച്ചുതരികയോ ഈ സമയത്ത് ഇക്കാര്യം നമ്മെ അറിയിക്കുകയോ ചെയ്യുകയില്ലായിരുന്നല്ലോ,” എന്ന് അവൾ പറഞ്ഞു.
24 ആ സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന് ശിംശോൻ എന്നു പേരിട്ടു. ബാലൻ വളർന്നു, യഹോവ അവനെ അനുഗ്രഹിച്ചു. 25 സോരായ്ക്കും എസ്തായോലിനും മധ്യേയുള്ള മഹനേ-ദാനിൽവെച്ച് യഹോവയുടെ ആത്മാവ് അദ്ദേഹത്തെ ഉദ്യമിപ്പിച്ചുതുടങ്ങി.

*13:4 അശുദ്ധി, വിവക്ഷിക്കുന്നത് യെഹൂദാമതപരമായ, അഥവാ, ആചാരപരമായ അശുദ്ധിയാണ്.

13:5 സംഖ്യ. 6:1-21 കാണുക.

13:18 അഥവാ, ആശ്ചര്യകരവുമല്ല.