14
ശിംശോന്റെ വിവാഹം
1 ശിംശോൻ തിമ്നയിലേക്കുപോയി. അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു. 2 അദ്ദേഹം മടങ്ങിവന്നപ്പോൾ തന്റെ പിതാവിനോടും മാതാവിനോടും, “ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടിരിക്കുന്നു; അവളെ എനിക്കു വിവാഹംചെയ്തുതരണം” എന്ന് ആവശ്യപ്പെട്ടു.
3 അദ്ദേഹത്തിന്റെ മാതാപിതാക്കൾ, “നിന്റെ ചാർച്ചക്കാരുടെയും നമ്മുടെ ജനത്തിന്റെയും ഇടയിൽ സ്വീകാര്യയായ ഒരു സ്ത്രീയും ഇല്ലേ? ഒരു ഭാര്യയ്ക്കുവേണ്ടി നീ പരിച്ഛേദനം ഏൽക്കാത്ത ഫെലിസ്ത്യരുടെ അടുക്കൽ പോകണമോ?” എന്നു ചോദിച്ചു.
എന്നാൽ ശിംശോൻ തന്റെ പിതാവിനോട്, “അവളെ എനിക്കു തരിക; എനിക്ക് അവൾ അനുയോജ്യയാണ്” എന്നു പറഞ്ഞു. 4 ഇത് യഹോവയാൽ സംഭവിച്ചു എന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഗ്രഹിച്ചില്ല; ആ കാലത്ത് ഇസ്രായേലിനെ വാണിരുന്ന ഫെലിസ്ത്യർക്കെതിരേ യഹോവ ഒരു അവസരം കണ്ടെത്തുകയായിരുന്നു.
5 ശിംശോൻ തന്റെ മാതാപിതാക്കളുമൊത്ത് തിമ്നയിലേക്കുപോയി. തിമ്നയ്ക്കരികെയുള്ള മുന്തിരിത്തോപ്പുകൾക്ക് അടുത്ത് എത്തിയപ്പോൾ ഒരു സിംഹക്കുട്ടി അലറിക്കൊണ്ട് അദ്ദേഹത്തിനുനേരേ വന്നു. 6 അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയോടെ അദ്ദേഹത്തിന്റെമേൽ വന്നു; ആയുധം ഒന്നും കൂടാതെതന്നെ കൈകൊണ്ട്, ഒരു ആട്ടിൻകുട്ടിയെ എന്നപോലെ, അദ്ദേഹം അതിനെ കീറിക്കളഞ്ഞു. താൻ ചെയ്തത് പിതാവിനെയും മാതാവിനെയും അറിയിച്ചില്ല. 7 ശിംശോൻ ആ സ്ത്രീയോടു സംസാരിച്ചു; അവളെ അദ്ദേഹത്തിന് ഇഷ്ടമായി.
8 കുറച്ചുനാൾ കഴിഞ്ഞ് അദ്ദേഹം അവളെ വിവാഹംകഴിക്കാൻ അവിടേക്കു മടങ്ങിവരുമ്പോൾ സിംഹത്തിന്റെ ഉടൽ കാണേണ്ടതിന് വഴിമാറിച്ചെന്നു നോക്കിയപ്പോൾ, അതാ സിംഹത്തിന്റെ ഉടലിനുള്ളിൽ ഒരു തേനീച്ചക്കൂട്ടവും തേനും. 9 അത് അദ്ദേഹം കൈകൊണ്ട് അടർത്തിയെടുത്തു തിന്നുകൊണ്ട് പിതാവിന്റെയും മാതാവിന്റെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു; അവരും തിന്നു. എന്നാൽ സിംഹത്തിന്റെ ഉടലിൽനിന്നാണ് ആ തേൻ എടുത്തതെന്ന് അദ്ദേഹം അവരോടു പറഞ്ഞില്ല.
10 ശിംശോന്റെ പിതാവ് ആ സ്ത്രീയുടെ വീട്ടിൽച്ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നു നടത്തി. മണവാളന്മാർ അങ്ങനെ ചെയ്യുക പതിവായിരുന്നു. 11 അദ്ദേഹത്തിന് അകമ്പടിയായി ആരുംതന്നെയില്ല എന്നുകണ്ടപ്പോൾ, അവർ മുപ്പത് വിവാഹത്തോഴന്മാരെ തെരഞ്ഞെടുത്ത് അദ്ദേഹത്തിനു നൽകി.
12 ശിംശോൻ അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്റെ ഏഴുദിവസത്തിനകം നിങ്ങൾ ഉത്തരം പറഞ്ഞാൽ ഞാൻ നിങ്ങൾക്കു മുപ്പത് പരുത്തിനൂൽവസ്ത്രവും മുപ്പത് വിശേഷവസ്ത്രവും നൽകാം. 13 ഉത്തരം പറയാത്തപക്ഷം നിങ്ങൾ എനിക്കു മുപ്പത് പരുത്തിനൂൽവസ്ത്രവും മുപ്പത് വിശേഷവസ്ത്രവും തരണം.”
“നിന്റെ കടം പറയുക; ഞങ്ങൾ കേൾക്കട്ടെ,” എന്ന് അവർ പറഞ്ഞു.
14 ശിംശോൻ അവരോട്,
“ഭോക്താവിൽനിന്നു ഭോജനവും;
ശക്തനിൽനിന്നു മാധുര്യവും പുറപ്പെട്ടു” എന്നു പറഞ്ഞു.
മൂന്നു ദിവസമായിട്ടും ഉത്തരം പറയാൻ അവർക്കു കഴിഞ്ഞില്ല.
15 ഏഴാം*ചി.കൈ.പ്ര. നാലാം ദിവസം അവർ ശിംശോന്റെ ഭാര്യയോടു പറഞ്ഞു: “നിന്റെ ഭർത്താവിനെ സ്വാധീനിച്ച് കടങ്കഥയുടെ ഉത്തരം ഞങ്ങൾക്കു പറഞ്ഞുതരുന്നില്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ കുടുംബത്തെയും തീവെച്ച് ചുട്ടുകളയും; ഞങ്ങളെ കൊള്ളയടിക്കാനാണോ നിങ്ങൾ ഞങ്ങളെ ക്ഷണിച്ചത്?”
16 ശിംശോന്റെ ഭാര്യ അദ്ദേഹത്തിന്റെ മുന്നിൽവീണു കരഞ്ഞു: “താങ്കൾ എന്നെ യഥാർഥമായി സ്നേഹിക്കുന്നില്ല, എന്നോടു വെറുപ്പാണ്. എന്റെ ആളുകളോട് താങ്കൾ പറഞ്ഞ കടങ്കഥയുടെ ഉത്തരം എനിക്കു പറഞ്ഞുതന്നില്ലല്ലോ” എന്നു പറഞ്ഞു.
അദ്ദേഹം അവളോട്: “എന്റെ പിതാവിനും മാതാവിനുംപോലും ഞാനതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ ഞാൻ നിനക്കു പറഞ്ഞുതരുമോ?” എന്നു ചോദിച്ചു. 17 വിരുന്നിന്റെ ഏഴുദിവസവും അദ്ദേഹത്തെ തുടർച്ചയായി അസഹ്യപ്പെടുത്തുകയാൽ, അദ്ദേഹം ഏഴാംദിവസം അവൾക്ക് അതു പറഞ്ഞുകൊടുത്തു; അവൾ അത് തന്റെ ആളുകൾക്കു പറഞ്ഞുകൊടുത്തു.
18 ഏഴാംദിവസം സൂര്യാസ്തമയത്തിനുമുമ്പ് പട്ടണനിവാസികൾ വന്ന് അദ്ദേഹത്തോടു പറഞ്ഞു:
“തേനിനെക്കാൾ മാധുര്യമുള്ളത് എന്ത്?
സിംഹത്തെക്കാൾ കരുത്തുള്ളത് എന്ത്?”
അതിനുത്തരമായി ശിംശോൻ അവരോട്,
“നിങ്ങൾ എന്റെ പശുക്കിടാവിനെ കെട്ടി ഉഴുതില്ലായിരുന്നെങ്കിൽ,
എന്റെ കടങ്കഥയ്ക്ക് ഉത്തരം പറയുകയില്ലായിരുന്നു” എന്നു പറഞ്ഞു.
19 പിന്നെ, യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ശക്തിയോടെ വന്നു; അദ്ദേഹം അസ്കലോനിൽചെന്ന് മുപ്പതുപേരെ കൊന്ന് അവരെ കൊള്ളയടിച്ച് അവരുടെ വസ്ത്രം കൊണ്ടുവന്ന് കടങ്കഥയ്ക്ക് ഉത്തരം നൽകിയവർക്കു കൊടുത്തു. കോപാകുലനായ അദ്ദേഹം തന്റെ പിതാവിന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി. 20 അതിനുശേഷം ശിംശോന്റെ ഭാര്യ അദ്ദേഹത്തിന്റെ വിവാഹത്തോഴന്മാരിൽ ഒരാൾക്കു ഭാര്യയായിത്തീർന്നു.