സങ്കീർത്തനം 7
ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം.
എന്റെ ദൈവമായ യഹോവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു;
എന്നെ വേട്ടയാടുന്ന എല്ലാവരിൽനിന്നും എന്നെ രക്ഷിച്ച് മോചിപ്പിക്കണമേ,
അല്ലായ്കിൽ ഒരു സിംഹം കടിച്ചുകീറുന്നതുപോലെ അവരെന്നെ കീറിക്കളയുകയും
ആർക്കും മോചിപ്പിക്കാൻ കഴിയാത്തവിധം എന്നെ കഷണംകഷണമായി ചീന്തിക്കളയുകയും ചെയ്യും.
 
എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ
എന്റെ കൈയിൽ അതിക്രമമുണ്ടെങ്കിൽ—
എന്നോടു സഖ്യത്തിലിരുന്നവരോടു ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ
അകാരണമായി എന്റെ ശത്രുവിനെ കൊള്ളയിട്ടിട്ടുണ്ടെങ്കിൽ—
എന്റെ ശത്രു എന്നെ പിൻതുടർന്നു കീഴ്പ്പെടുത്തട്ടെ;
അവരെന്റെ ജീവൻ നിലത്തിട്ടു ചവിട്ടിമെതിക്കുകയും
എന്റെ അഭിമാനത്തെ പൂഴിയിലമർത്തുകയും ചെയ്യട്ടെ.
സേലാ.
 
യഹോവേ, കോപത്തോടെ എഴുന്നേൽക്കണമേ;
എന്റെ എതിരാളികളുടെ കോപത്തിനെതിരായി ഉണരണമേ.
എന്റെ ദൈവമേ, ഉണർന്നാലും, അവിടത്തെ വിധിനിർണയം നടപ്പാക്കിയാലും.
ജനതകൾ അങ്ങേക്കുചുറ്റും വന്നുചേരട്ടെ,
ഉത്തുംഗസ്ഥാനത്ത് അങ്ങ് അവർക്കുമീതേ സിംഹാസനസ്ഥൻ ആയിരിക്കുമ്പോൾത്തന്നെ.
യഹോവ ജനതകളെ ന്യായംവിധിക്കട്ടെ.
അത്യുന്നതനായ യഹോവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും
അനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ.
ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും
നീതിനിഷ്ഠരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമേ—
നീതിമാനായ ദൈവമേ,
അങ്ങ് ഹൃദയവും മനസ്സും പരിശോധിക്കുന്നല്ലോ.
 
10 അത്യുന്നതനായ ദൈവം എന്റെ പരിച*അഥവാ, കർത്താവ് ആകുന്നു,
അവിടന്ന് ഹൃദയപരമാർഥികളെ രക്ഷിക്കുന്നു.
11 ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു,
അവിടന്ന് ദുഷ്ടരോട് അനുദിനം രോഷംകൊള്ളുന്നു.
12 മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ,
ദൈവംമൂ.ഭാ. അദ്ദേഹം തന്റെ വാളിനു മൂർച്ചകൂട്ടും;
അവിടന്ന് തന്റെ വില്ലുകുലച്ച് ഒരുക്കിവെക്കും.
13 അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു;
അവിടന്ന് തന്റെ തീയമ്പുകൾ സജ്ജമാക്കുന്നു.
 
14 ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു;
അനർഥം ഉദരത്തിൽ വഹിച്ച് വ്യാജം പ്രസവിക്കുന്നു.
15 അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു
അവർ കുഴിച്ച കുഴിയിൽത്തന്നെ അവർ വീഴുന്നു.
16 അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു;
അവരുടെ അതിക്രമം അവരുടെ തലയിൽത്തന്നെ പതിക്കുന്നു.
 
17 ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്;
അത്യുന്നതനായ യഹോവയുടെ നാമത്തിനു ഞാൻ സ്തുതിപാടും.
സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

*സങ്കീർത്തനം 7:10 അഥവാ, കർത്താവ്

സങ്കീർത്തനം 7:12 മൂ.ഭാ. അദ്ദേഹം

സങ്കീർത്തനം 7:17 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.