28
പ്രതിദിന വഴിപാടുകൾ
1 യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു:
2 “ഇസ്രായേൽമക്കൾക്ക് ഈ കൽപ്പന നൽകി അവരോടു പറയുക: ‘എനിക്കു ഹൃദ്യസുഗന്ധമായി ദഹനയാഗമാകുന്ന വഴിപാടുകൾ യഥാസമയം അർപ്പിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക’
3 അവരോടു പറയുക: ‘യഹോവയ്ക്കു നിങ്ങൾ അർപ്പിക്കേണ്ട ദഹനയാഗം ഇതാണ്: ദിവസംതോറും ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാടിനെ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായി അർപ്പിക്കുക.
4 ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗമർപ്പിക്കണം.
5 ഇടിച്ചുപിഴിഞ്ഞെടുത്ത ഒലിവെണ്ണ കാൽ ഹീൻ ചേർത്ത ഒരു ഓമെർ നേരിയമാവ് ഭോജനയാഗമായും അർപ്പിക്കണം.
6 ഇതു ഹൃദ്യസുഗന്ധമായി, യഹോവയ്ക്കു ദഹനയാഗമായി സീനായിമലയിൽവെച്ച് നിയമിക്കപ്പെട്ട, നിരന്തരം അർപ്പിക്കേണ്ട ഹോമയാഗം.
7 അതിന്റെ പാനീയയാഗം ഓരോ കുഞ്ഞാടിനുമൊപ്പം കാൽ ഹീൻ വീര്യമുള്ള പാനീയം ആയിരിക്കണം. യഹോവയ്ക്കുള്ള പാനീയയാഗം വിശുദ്ധമന്ദിരത്തിൽ ഒഴിക്കുക.
8 രാവിലെ നിങ്ങൾ അർപ്പിക്കുന്നവിധംതന്നെയുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുമൊപ്പം രണ്ടാമത്തെ കുഞ്ഞാടിനെ വൈകുന്നേരത്ത് അർപ്പിക്കണം. ഇത് യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം.
ശബ്ബത്തിലെ വഴിപാട്
9 “ ‘ശബ്ബത്തുദിവസം, ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടുകളെ, അതിന്റെ പാനീയയാഗത്തോടും, അതിന്റെ ഭോജനയാഗമായ ഒലിവെണ്ണചേർത്ത രണ്ട് ഓമെർ നേരിയമാവോടുംകൂടെ അർപ്പിക്കണം.
10 എല്ലാ ശബ്ബത്തിനുമുള്ള ഹോമയാഗം ഇതുതന്നെ. നിരന്തരം അർപ്പിക്കേണ്ട ഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമേയുള്ളതാണ് ഇത്.
മാസംതോറുമുള്ള വഴിപാടുകൾ
11 “ ‘എല്ലാമാസവും ഒന്നാംദിവസം ഊനമില്ലാത്ത രണ്ടു കാളക്കിടാങ്ങൾ, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് ഇവ ഹോമയാഗമായി യഹോവയ്ക്ക് അർപ്പിക്കുക.
12 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും, ആട്ടുകൊറ്റനോടുകൂടെ എണ്ണചേർത്ത രണ്ട് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും,
13 ഓരോ കുഞ്ഞാടിനോടുംകൂടെ എണ്ണചേർത്ത ഒരു ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ഉണ്ടായിരിക്കണം. ഇതു ഹോമയാഗത്തിനുവേണ്ടിയുള്ളതാണ്; യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗമായി അർപ്പിക്കപ്പെടുന്ന ഹോമയാഗംതന്നെ.
14 അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീനും ഓരോ ആട്ടുകൊറ്റനും മൂന്നിലൊന്നു ഹീനും, ഓരോ കുഞ്ഞാടിനും കാൽ ഹീനും വീഞ്ഞ് ആയിരിക്കണം. വർഷത്തിലെ എല്ലാ അമാവാസിയിലും അർപ്പിക്കേണ്ട മാസംതോറുമുള്ള ദഹനയാഗം ഇതുതന്നെ.
15 പാനീയയാഗത്തോടുകൂടെ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗത്തിനുപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും യഹോവയ്ക്ക് അർപ്പിക്കണം.
പെസഹാ
16 “ ‘ഒന്നാംമാസം പതിന്നാലാംതീയതി യഹോവയുടെ പെസഹാ ആചരിക്കണം.
17 ഈ മാസത്തിന്റെ പതിനഞ്ചാംതീയതി ഒരു ഉത്സവം ഉണ്ടായിരിക്കണം; ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
18 ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
19 യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗം: ഊനമില്ലാത്ത രണ്ടു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമായ ഏഴ് ആൺകുഞ്ഞാട് എന്നിവ ഒരു ഹോമയാഗമായി അർപ്പിക്കണം.
20 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും, ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും
21 ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും ഒരുക്കുക.
22 നിങ്ങൾക്കു പ്രായശ്ചിത്തം വരുത്താൻ പാപശുദ്ധീകരണയാഗത്തിന് ഒരു കോലാടിനെയുംകൂടി അർപ്പിക്കണം.
23 പ്രഭാതത്തിൽ നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനുപുറമേയാണ് ഇവ ഒരുക്കേണ്ടത്.
24 ഇപ്രകാരം യഹോവയ്ക്ക് ഹൃദ്യസുഗന്ധമായി ദഹനയാഗത്തിന്റെ ഭോജനം ഏഴുദിവസത്തേക്ക് ദിനംപ്രതി ഒരുക്കണം. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനുംപുറമേയാണ് ഇത് ഒരുക്കപ്പെടേണ്ടത്.
25 ഏഴാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
ആഴ്ചകളുടെ പെരുന്നാൾ
26 “ ‘ആദ്യഫലം ശേഖരിക്കുന്ന ദിവസം, പുതിയ ധാന്യത്തിന്റെ ഒരു ഭോജനയാഗം ആഴ്ചകളുടെ പെരുന്നാളിൽ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
27 യഹോവയ്ക്കു ഹൃദ്യസുഗന്ധമായി രണ്ടു കാളക്കിടാവും ഒരു ആട്ടുകൊറ്റനും ഒരുവയസ്സു പ്രായമുള്ള ഏഴ് ആണാട്ടിൻകുട്ടിയും ഹോമയാഗമായി അർപ്പിക്കണം.
28 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും
29 ഏഴു കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും വീതം ഉണ്ടായിരിക്കണം.
30 നിനക്കു പ്രായശ്ചിത്തം വരുത്താനായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തുക.
31 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനുംപുറമേ ഇവ അവയുടെ പാനീയയാഗങ്ങളോടുകൂടെ ഒരുക്കുക. മൃഗങ്ങൾ ഊനമില്ലാത്തവ ആയിരിക്കണം.