29
കാഹളനാദപ്പെരുന്നാൾ
1 “ ‘ഏഴാംമാസം ഒന്നാംതീയതി വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. അതു നിങ്ങൾക്കു കാഹളങ്ങൾ മുഴക്കാനുള്ള ദിനം.
2 യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കണം.
3 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെർ,
4 ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെർ, ഇപ്രകാരം ഒലിവെണ്ണചേർത്ത നേരിയമാവിന്റെ ഭോജനയാഗം ഉണ്ടായിരിക്കണം.
5 നിനക്കു പ്രായശ്ചിത്തം വരുത്താൻ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തുക.
6 ദിവസേനയും മാസംതോറുമുള്ള നിർദിഷ്ട ഹോമയാഗങ്ങൾക്കും അവയോടുകൂടെയുള്ള ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവയ്ക്കുംപുറമേയാണ് ഇവ. അവ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
പ്രായശ്ചിത്തദിനം
7 “ ‘ഈ ഏഴാംമാസം പത്താംതീയതി വിശുദ്ധസഭായോഗം കൂടണം. അന്നു നിങ്ങൾ ആത്മതപനം ചെയ്യുകയും വേലയൊന്നും ചെയ്യാതിരിക്കുകയും വേണം.
8 യഹോവയ്ക്ക് ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമായ ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കുക.
9 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ഉണ്ടായിരിക്കണം. അത് ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും
10 ഏഴു കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും വീതം ഉണ്ടായിരിക്കണം.
11 പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗത്തിനും പതിവു ഹോമയാഗത്തിനും അതോടുകൂടിയുള്ള ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
കൂടാരപ്പെരുന്നാൾ
12 “ ‘ഏഴാംമാസത്തിന്റെ പതിനഞ്ചാംതീയതി വിശുദ്ധസഭായോഗം നടത്തണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഏഴുദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കണം.
13 യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗമായി ഊനമില്ലാത്ത പതിമ്മൂന്നു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കണം.
14 പതിമ്മൂന്ന് കാളക്കിടാങ്ങളിൽ ഓരോന്നിനോടുംകൂടി ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഭോജനയാഗവും അത് ഓരോ ആട്ടുകൊറ്റനോടുംകൂടി രണ്ട് ഓമെറും
15 ഓരോ ആട്ടിൻകുട്ടിയോടുംകൂടി ഒരു ഓമെറും വീതം അർപ്പിക്കണം.
16 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
17 “ ‘രണ്ടാംദിവസം, ഊനമില്ലാത്ത പന്ത്രണ്ട് കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
18 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദിഷ്ടമായ എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
19 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
20 “ ‘മൂന്നാംദിവസം ഊനമില്ലാത്ത പതിനൊന്നു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
21 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
22 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
23 “ ‘നാലാംദിവസം ഊനമില്ലാത്ത പത്തു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
24 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
25 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
26 “ ‘അഞ്ചാംദിവസം ഊനമില്ലാത്ത ഒൻപതു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് ഇവ അർപ്പിക്കണം.
27 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
28 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
29 “ ‘ആറാംദിവസം ഊനമില്ലാത്ത എട്ടു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
30 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
31 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
32 “ ‘ഏഴാംദിവസം ഊനമില്ലാത്ത ഏഴു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
33 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
34 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
35 “ ‘എട്ടാംദിവസം വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
36 യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി, ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് ഇവയുടെ ഒരു ഹോമയാഗം അർപ്പിക്കണം.
37 കാള, ആട്ടുകൊറ്റൻ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
38 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
39 “ ‘നിങ്ങൾ നേരുന്നതിനും നിങ്ങളുടെ സ്വമേധാദാനങ്ങൾക്കുംപുറമേ നിങ്ങളുടെ നിർദിഷ്ടമായ പെരുന്നാളുകളിൽ യഹോവയ്ക്കായി ഹോമയാഗങ്ങൾ, ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ, സമാധാനയാഗങ്ങൾ എന്നിവ അർപ്പിക്കുകയും വേണം.’ ”
40 യഹോവ മോശയോടു കൽപ്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേൽമക്കളോടു പറഞ്ഞു.