*
സങ്കീർത്തനം 25
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, അങ്ങയിലേക്ക്
ഞാൻ എന്റെ മനസ്സ് ഉയർത്തുന്നു.
 
എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു;
എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ,
എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം മുഴക്കാൻ അനുവദിക്കരുതേ.
അങ്ങയിൽ പ്രത്യാശവെച്ചിരിക്കുന്നവരാരും
ഒരിക്കലും ലജ്ജിച്ചുപോകുകയില്ല,
എന്നാൽ അകാരണമായി വഞ്ചിക്കുന്നവർ
ലജ്ജിതരായിത്തീരട്ടെ.
 
യഹോവേ, അങ്ങയുടെ വഴി എന്നെ മനസ്സിലാക്കിത്തരുമാറാകണമേ,
അവിടത്തെ പാത എന്നെ പഠിപ്പിക്കണമേ.
അങ്ങയുടെ സത്യത്തിൽ എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ,
കാരണം അവിടന്നാണല്ലോ എന്റെ രക്ഷയുടെ ദൈവം,
ദിവസംമുഴുവനും ഞാൻ അങ്ങയിൽ പ്രത്യാശവെക്കുന്നു.
യഹോവേ, അവിടത്തെ ആർദ്രകരുണയും അചഞ്ചലസ്നേഹവും ഓർക്കണമേ,
അത് പുരാതനകാലംമുതലേ ഉള്ളതാണല്ലോ.
എന്റെ യൗവനകാല പാപങ്ങളും
എന്റെ ലംഘനങ്ങളും ഓർമിക്കരുതേ;
അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ ഓർക്കണമേ,
കാരണം യഹോവേ, അവിടന്ന് നല്ലവനല്ലോ.
 
യഹോവ നല്ലവനും നീതിനിഷ്ഠനും ആകുന്നു;
അതുകൊണ്ട് പാപികൾക്ക് അവിടന്ന് തന്റെ വഴി ഉപദേശിച്ചുകൊടുക്കുന്നു.
വിനയാന്വിതരെ അവിടന്ന് നീതിമാർഗത്തിൽ നയിക്കുന്നു
തന്റെ വഴി അവരെ പഠിപ്പിക്കുന്നു.
10 അവിടത്തെ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കുന്നവരെ
യഹോവ അചഞ്ചലസ്നേഹത്തോടും വിശ്വസ്തതയോടുംകൂടെ നയിക്കുന്നു.
11 എന്റെ അകൃത്യങ്ങൾ, അതെത്ര വലുതായാലും
യഹോവേ, തിരുനാമത്തെപ്രതി അവ ക്ഷമിക്കണമേ.
 
12 യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ആരെല്ലാമാണ്?
അവർ തെരഞ്ഞെടുക്കേണ്ട വഴി അവിടന്ന് അവർക്ക് ഉപദേശിച്ചുകൊടുക്കും.
13 അവർ തങ്ങളുടെ ദിനങ്ങൾ അഭിവൃദ്ധിയിൽ ജീവിക്കും
അവരുടെ സന്തതികൾ ദേശത്തെ അവകാശമാക്കും.
14 യഹോവയെ ഭയപ്പെടുന്നവർക്ക് അവിടന്ന് തന്റെ രഹസ്യം വെളിപ്പെടുത്തുന്നു;
അവിടന്ന് തന്റെ ഉടമ്പടിയുടെ ജ്ഞാനം അവർക്കു പകരുന്നു.
15 എന്റെ ദൃഷ്ടി എപ്പോഴും യഹോവയുടെമേൽ ആകുന്നു,
കാരണം അവിടന്ന് എന്നെ എന്റെ ശത്രുവിന്റെ കെണിയിൽനിന്നു മോചിപ്പിക്കുന്നു.
 
16 എന്റെനേർക്കു തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ,
കാരണം, ഞാൻ ഏകാകിയും പീഡിതനും ആകുന്നു.
17 എന്റെ ഹൃദയവ്യഥ അത്യന്തം വർധിച്ചിരിക്കുന്നു
എന്റെ ദുരിതങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
18 എന്റെ അരിഷ്ടതയും ദുരിതവും ശ്രദ്ധിക്കണമേ
എന്റെ പാപങ്ങളെല്ലാം ക്ഷമിക്കണമേ.
19 എന്റെ ശത്രുക്കൾ എത്ര അസംഖ്യമെന്ന് നോക്കണമേ
അവരെന്നെ എത്ര കഠിനമായി വെറുക്കുന്നു!
 
20 എന്റെ ജീവനെ കാത്ത് എന്നെ മോചിപ്പിക്കണമേ;
എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ,
കാരണം അങ്ങയിൽ ഞാൻ അഭയംതേടുന്നു.
21 പരമാർഥതയും നീതിനിഷ്ഠയും എന്നെ കാത്തുസംരക്ഷിക്കട്ടെ,
കാരണം യഹോവേ, എന്റെ പ്രത്യാശ അങ്ങയിൽ ആകുന്നല്ലോ.
 
22 ദൈവമേ, ഇസ്രായേലിനെ വീണ്ടെടുക്കണമേ,
അവരുടെ സകലവിധ ദുരിതങ്ങളിൽനിന്നുംതന്നെ!
* സങ്കീർത്തനം 25: ഈ സങ്കീർത്തനത്തിലെ ഓരോ വാക്യവും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.